ദുബൈ എക്‌സ്‌പോയില്‍ തിളങ്ങി ആസാ ഗ്രൂപ്

12
ആസാ ഗ്രൂപ് ചെയര്‍മാന്‍ സാലിഹ് സി.പി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ആസാ ഗ്രൂപ് സിഇഒ അന്‍ഹര്‍ സാലിഹ്, ഡയറക്ടര്‍ ഫാരിസ്, ഐടി ഡിവിഷന്‍ മാനേജര്‍ ഇബ്രാഹിം മുഹമ്മദ്, ടെക്‌നിക്കല്‍ മേധാവി നബീല്‍, ഓട്ടോമേഷന്‍ എഞ്ചിനീയര്‍ നിഖില്‍, ബിഡിഎം അറാഫത്ത്, സീനിയര്‍ മാനേജര്‍ ഇബ്രാഹിംകുട്ടി സമീപം

ദുബൈ: ലോക മഹാ മേളയായ എക്‌സ്‌പോ 2020 ദുബൈയില്‍ സാന്നിധ്യമറിയിച്ച് ആസാ ഗ്രൂപ്. 192 രാജ്യങ്ങളുടെ പവിലിയനുകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഇന്ത്യന്‍ പവിലിയനിലെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അവതരണ പ്രക്രിയ ആസാ ഗ്രൂപ്പിന്റെ ഐടിസി വിഭാഗമാണ് നിര്‍മിച്ച് നടപ്പാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രം, കല, സംസ്‌കാരം, സാങ്കേതിക മികവ്, ബഹിരാകാശ ഗവേഷണം, ആയുര്‍വേദം, യോഗ തുടങ്ങി എല്ലാ മേഖലകളെയും ആറു മാസത്തെ പരിശ്രമത്തിലൂടെയാണ് ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റല്‍ സ്‌ക്രീനിംഗിലെത്തിച്ചതെന്ന് ആസാ ഗ്രൂപ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സാലിഹ് സി.പി ദുബൈയിലെ ആസാ ഗ്രൂപ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നൂറോളം തൊഴിലാളികള്‍ മുഴുവന്‍ സമയവും ഇതിനായി പരിശ്രമിച്ചു.
അമ്പതോളം സ്ഥാപനങ്ങള്‍ ഇന്ത്യന്‍ പവിലിയനിലെ ഡിജിറ്റല്‍ സ്‌ക്രീനിംഗ് നിര്‍മാണത്തിനുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നു. പല ഘട്ടങ്ങളിലൂടെയുള്ള പ്രക്രിയകള്‍ക്കൊടുവില്‍ ആസാ ഗ്രൂപ്പിനെയാണ് തെരഞ്ഞെടുത്തത്. എക്‌സ്‌പോ 2020യിലെ ശ്രദ്ധേയമായ അല്‍ വസല്‍ പ്‌ളാസയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രൂപഘടനയാണ് ഇന്ത്യന്‍ പവിലിയനിലുമുള്ളത്. ഇതിനായി ഫസാര്‍ഡ്‌സ് ലൈറ്റ്‌സ് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എക്‌സ്‌പോ നടക്കുന്ന ആറു മാസത്തിനിടയില്‍ ഓരോ പ്രത്യേക അവസരങ്ങളിലും നിലവിലെ ഡിജിറ്റല്‍ സ്‌ക്രീനിംഗില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം. ഇതു വരെ പവലിയനിലെ കാഴ്ചകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്നും സാലിഹ് സി.പി വ്യക്തമാക്കി.
എക്‌സ്‌പോ ഉദ്ഘാടന ദിവസം കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ഇന്ത്യന്‍ പവലിയനിലെത്തിയിരുന്നു. ആസാ ഗ്രൂപ് ഇന്ത്യന്‍ പവലിയനില്‍ നിര്‍വഹിച്ച ഡിജിറ്റല്‍ സാങ്കേതിക സന്നിവേശം ശ്രദ്ധേയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒബ്‌റോയ് ഹോട്ടലില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത സി.പി സാലിഹിനെ കേന്ദ്ര മന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
നാലു നിലകളിലായി 8,750 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഇന്ത്യന്‍ പവലിയന്റെ നിര്‍മാണ ചുമതല കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ബിസിസിക്കാണ്. ഏകദേശം 700 ചതുരശ്ര മീറ്ററില്‍ നാലു നിലകളിലായി സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി വാള്‍ ആധുനിക സാങ്കേതിക വിദ്യയുടെ ഉത്തമോദാഹരണമാണ്. ഇറക്കുമതി ചെയ്ത ലോകോത്തര നിലവാരമുള്ള ബ്രാന്‍ഡുകളുടെ ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. നാലു വ്യത്യസ്ത തീമുകള്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യയുടെ സംസ്‌കാരവും കലയും ബഹിരാകാശ ഗവേഷണവും സാങ്കേതിക വിദ്യകളും ലോക ജനതക്ക് പരിചയപ്പെടുത്തുന്നത്. സന്ദര്‍ശകര്‍ക്ക് കണ്ണിനും കാതിനും അത്ഭുതവും ആവേശവും പകരുന്ന രീതിയില്‍ ഏറ്റവും ആധുനിക രീതിയിലുള്ള 16 പ്രൊജക്ടറുകള്‍, സെന്‍ട്രലൈസ്ഡ് വീഡിയോ കണ്‍ട്രോള്‍ പ്‌ളേ ബാക്ക് സിസ്റ്റം, സെന്‍ട്രലൈസ്ഡ് മ്യൂസിക് ആന്‍ഡ് സൗണ്ട് സിസ്റ്റം, സറൗണ്ടഡ് സൗണ്ട് സിസ്റ്റം എന്നിവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ പവലിയനിലെത്തിയ കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിനൊപ്പം സി.പി സാലിഹ്

പവലിയന്റെ താഴത്തെ നിലയില്‍ ഇന്ററാക്ടീവ് ടച്ച് സ്‌ക്രീന്‍ ഉപയോഗിച്ചുള്ള കിയോസ്‌കുകളുണ്ട്. 360 ഡിഗ്രി പ്രൊജക്ഷന്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ നേട്ടങ്ങള്‍ വിളിച്ചറിയിക്കുന്ന പ്രദര്‍ശനവും ഇവിടെ കാണാം. 33 സംസ്ഥാനങ്ങളുടെയും യൂണിയന്‍ ടെറിട്ടറികളുടെയും പ്രാഗത്ഭ്യം സന്ദര്‍ശകരിലേക്ക് എത്തിക്കാന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ത്രീ ഡി ഓഗ്മന്റഡ് റിയാലിറ്റി പ്രൊജക്ഷന്‍ സിസ്റ്റവും ഉപയോഗപ്പെടുത്തിയിരിക്കുന്നു.
ഫൈബര്‍ ഓപ്റ്റിക് ഗ്‌ളിറ്റെറിംഗ് സീലിംഗ് യഥാര്‍ത്ഥ ആകാശ കാഴ്ച സമ്മാനിക്കുന്നു. പവലിയന്റെ പുറംചുമരുകള്‍ വ്യത്യസ്തമായ സ്‌ക്രീനുകളിലായാണ് പ്രവര്‍ത്തിക്കുന്നത്. പവലിയനില്‍ സ്ഥാപിച്ചിട്ടുള്ള 10 പ്രൊജക്ടറുകള്‍ ഉപയോഗിച്ചാണ് പ്രദര്‍ശനം. പവലിയനിലെ എല്ലാ ഓഡിയോ-വീഡിയോ ഉപകരണങ്ങളുടെയും പ്രൊജക്ടറുകളുടെയും സ്‌ക്രീനുകളുടെയും പ്രോഗ്രാമിംഗ്, ടെസ്റ്റിംഗ് തുടങ്ങി എല്ലാ ജോലികളും ആസായുടെ ഉത്തരവാദിത്തമാണ്. ആറ് മാസത്തേക്കുള്ള മെയിന്റനന്‍സും ഇതില്‍ പെടും. മഹാ മേളയില്‍ ഇന്ത്യന്‍ പവലിയന്റെ മുഖ്യ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സാലിഹ് സി.പി പറഞ്ഞു.
ആസാ ഗ്രൂപ് സിഇഒ അന്‍ഹര്‍ സാലിഹ്, ഡയറക്ടര്‍ ഫാരിസ്, ഐടി ഡിവിഷന്‍ മാനേജര്‍ ഇബ്രാഹിം മുഹമ്മദ്, ടെക്‌നിക്കല്‍ മേധാവി നബീല്‍, ഓട്ടോമേഷന്‍ എഞ്ചിനീയര്‍ നിഖില്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ അറാഫത്ത്, സീനിയര്‍ മാനേജര്‍ ഇബ്രാഹിംകുട്ടി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.