നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ ദുബൈയില്‍ ദൃശ്യസാക്ഷരതാ ശില്‍പശാല

33
നികോണ്‍ സ്‌കൂള്‍-കൊച്ചി മെട്രോ മിഡില്‍ ഈസ്റ്റ് സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ദൃശ്യ സാക്ഷരതാ ശില്‍പശാലയെ കുറിച്ച് നടന്‍ രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുന്നു. നികോണ്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക മാനേജിംഗ് ഡയറക്ടര്‍ നരേന്ദ്ര മേനോന്‍ സമീപം

നികോണ്‍ സ്‌കൂള്‍-കൊച്ചി മെട്രോ മിഡില്‍ ഈസ്റ്റ് സംഘാടകര്‍

ദുബൈ: ദൃശ്യ സാക്ഷരത ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും അനിവാര്യമായ കാര്യമാണ്. ടെക്കി വേള്‍ഡ് കൂടുതല്‍ വികസിതമായ ആധുനിക പരിത:സ്ഥിതിയില്‍ പുതുതലമുറ ദൃശ്യങ്ങളിലൂടെ ആശയ വിനിമയം നടത്തുന്ന രീതിക്ക് വലിയ പ്രസക്തിയും പ്രാധാന്യവും കൈവന്നിരിക്കുന്നു. ഈ പശ്ത്തലത്തില്‍ നികോണ്‍ സ്‌കൂളും കൊച്ചി മെട്രോ മിഡില്‍ ഈസ്റ്റും സംയുക്തമായി ശ്രദ്ധേയമായ ദൃശ്യ സാക്ഷരതാ ശില്‍പശാലക്ക് തുടക്കം കുറിച്ചു. പ്രമുഖ ചലച്ചിത്ര നടന്‍ രവീന്ദ്രനാണ് ശില്‍പശാലക്ക് നേതൃത്വം നല്‍കുന്നത്. ചിത്രങ്ങളും വീഡിയോകളുമുപയോഗിച്ചാണ് ക്‌ളാസുകള്‍ നടത്തുന്നത്.
പഴയ കാലത്തെയും പുതിയ കാലഘട്ടത്തിലെയും മാധ്യമമാണ് ദൃശ്യ സാക്ഷരതയെന്ന് ശില്‍പശാലക്ക് മുന്നോടിയായി റോവ് മറീനയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ചിന്തയും തീരുമാനമെടുക്കലും ആശയ വിനിമയവും പഠനവും സാധ്യമാകുന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചാണ് കാര്യങ്ങള്‍ വ്യാഖ്യാനിക്കാനും ഉപയോഗിക്കാനും സാധിക്കുക.
ഇത് എല്ലാ തരത്തിലുള്ള ചിത്രങ്ങളുമായി ആഴത്തില്‍ ഇടപെടുന്നു. പാഠ്യ പദ്ധതിയുടെ കാഴ്ചപ്പാടില്‍ അതിന് ഏറെ പ്രാധാന്യമുണ്ട്. ഇതിനായി ആവിഷ്‌കരിച്ച കോഴ്‌സ് മൊഡ്യൂളുകള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കും. പരസ്പരം ബന്ധിപ്പിച്ച ചിത്രങ്ങള്‍ കഥകളുടെ ശൃംഖല സൃഷ്ടിക്കുന്നു. ഫോട്ടോഗ്രഫിയില്‍ അഭിനിവേശമുള്ളവര്‍ക്ക് ഇത് വളരെ പ്രയോജകരമാണെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറക്ക് ദൃശ്യസാക്ഷരത പരിചയപ്പെടുത്തുകയാണ് ശില്‍പശാലയുടെ ലക്ഷ്യമെന്ന് നികോണ്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക മാനേജിംഗ് ഡയറക്ടര്‍ നരേന്ദ്ര മേനോന്‍ പറഞ്ഞു. ദൃശ്യ ഉപകരണ മേഖലയില്‍ പ്രവര്‍ത്തിച്ചു
വരുന്ന നികോണിനെ സംബന്ധിച്ച് ഇതൊരു ദൗത്യമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് നിറഞ്ഞു നിന്ന നടനാണ് രവീന്ദ്രന്‍. അദ്ദേഹം നേതൃത്വം നല്‍കുന്ന കൊച്ചി മെട്രോ ഇന്ത്യയിലും മധ്യപൂര്‍വദേശത്തും ഹ്രസ്വ ചിത്ര നിര്‍മാണ ശില്‍പശാലകളും ക്‌ളാസുകളും സംഘടിപ്പിച്ചു വരുന്നു. കൂടുതല്‍ ക്‌ളാസുകള്‍ ഉടന്‍ തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.