ബിസിസി ഗ്രൂപ് നിര്‍മാണ യൂണിറ്റും ഇന്റീരിയര്‍ ഡിസൈനിംഗ് വിഭാഗവും ആരംഭിച്ചു

ബിസിസി ഗ്രൂപ് സ്ഥാപകനും സിഇഒയുമായ അംജദ് ഹുസൈന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ഗ്രൂപ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അമീര്‍ അയ്യൂബ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഹെഡ് രഞ്ജു സുരേഷ് സമീപം

ഷാര്‍ജ: മാനവ ശേഷി വിതരണ രംഗത്തെ പ്രമുഖ കമ്പനിയായ ബിസിസി ഗ്രൂപ് നിര്‍മാണ യൂണിറ്റും ഇന്റീരിയര്‍ ഡിസൈനിംഗ് വിഭാഗവും ആരംഭിച്ചു. ഇന്നലെ ഷാര്‍ജ ബിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കമ്പനി സ്ഥാപകനും സിഇഒയുമായ അംജദ് ഹുസൈനാണ് കമ്പനിയുടെ സമാംരംഭ പ്രഖ്യാപനം നടത്തിയത്. ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയായി സ്വയം പുനര്‍നിര്‍വചിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ മേഖലകളിലേക്ക് ബിസിസി ഗ്രൂപ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.
ഇത്തിഹാദ് റെയില്‍, ദുബൈ മാള്‍ തുടങ്ങിയ പല വന്‍കിട അഭിമാന പദ്ധതികളിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതടക്കമുള്ള കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ലേബര്‍ സപ്‌ളൈ ബിസിനസില്‍ നിന്നും ലഭിച്ച വന്‍ വിജയവും അനുഭവ പരിജ്ഞാനവുമാണ് ഇതിന് പ്രചോദനമെന്നും അദ്ദേഹം വ്യക്തമാക്കി.
”സമ്പൂര്‍ണ കണ്‍സ്ട്രക്ഷന്‍ കമ്പനിയായി വളര്‍ന്ന് ടേണ്‍കീ പ്രൊജക്ട് മാനേജ്‌മെന്റ് സ്ഥാപനമായി ഉയരാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. മാറുന്ന നിര്‍മാണ രീതികളില്‍ അത്യാധുനിക ഡിസൈനിംഗും സൗന്ദര്യാത്മക ഇന്റീരിയറുകളും ഒരു കെട്ടിടത്തിന് ഏറെ ആവശ്യമുള്ളതാണ്” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലേബര്‍ സപ്‌ളൈ ബിസിനസില്‍ തങ്ങളുണ്ടാക്കിയ പേരും പെരുമയും ഞങ്ങളുടെ പുതിയ സംരംഭങ്ങള്‍ക്കും പ്രചോദനവും ആത്മവിശ്വാസവും പകരുന്നതാണെന്ന് ബിസിസി ഗ്രൂപ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അമീര്‍ അയ്യൂബ് പറഞ്ഞു. തുടക്കമെന്ന നിലയില്‍ വില്ലകള്‍, അപാര്‍ട്‌മെന്റുകള്‍, വാണിജ്യ ഇടങ്ങള്‍ എന്നിവയുടെ നിര്‍മാണം ഏറ്റെടുക്കുന്നു.
ഡിസൈന്‍ മുതല്‍ താക്കോല്‍ കൈമാറുന്നതു വരെ ഓരോ പ്രവൃത്തിയിലും ഗുണനിലവാരവും പൂര്‍ണതയും സമയക്രമവും ഉറപ്പു വരുത്തികൊണ്ടുള്ള നിര്‍മാണ രീതിയില്‍ മുന്നോട്ടു പോകും. സമീപ ഭാവിയില്‍ തന്നെ ഒരു ടേണ്‍ കീ കോണ്‍ട്രാക്ടിംഗ് കമ്പനിയായി ഉയരുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനി സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഹെഡ് രഞ്ജു സുരേഷും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.