പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം: പി.കെ ഫിറോസ്

14
കോഴിക്കോട് ജില്ലാ കെഎംസിസി നേതൃയോഗം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: രാജ്യത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലായ പ്രവാസികളെ നിരന്തരം ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ഇരട്ടത്താപ്പ് നയമാണ് പ്രവാസി വിഷയങ്ങളില്‍ സ്വീകരിക്കുന്നതെന്നും
മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയും അത് നടപ്പാക്കാതിരിക്കുകയും ചെയ്യുന്നത് സ്ഥിരം അനുഭവമായി മാറുകയുമാണ്.
പ്രളയവും പകര്‍ച്ചവ്യാധിയുമെല്ലാം നാടിനെ പിടിച്ചുലച്ചപ്പോള്‍ താങ്ങായി നിന്നവരാണ് പ്രവാസി സമൂഹം.
വിമാന ടിക്കറ്റ് നിരക്കുകള്‍ അനിയന്ത്രിതമായി ഉയരുന്നതും എയര്‍പോര്‍ട്ടുകളില്‍ നടത്തുന്ന റാപിഡ് ടെസ്റ്റിന് ഭീമമായ സംഖ്യ ഈടാക്കുന്നതും കടുത്ത അനീതിയാണ്. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്ക് റാപിഡ് ടെസ്റ്റ് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിം യൂത്ത് ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎംസിസി ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ മുഖ്യ പ്രഭാഷണം നടത്തി.
യുഎഇ കെഎംസിസി സെക്രട്ടറി മുസ്തഫ മുട്ടുങ്ങല്‍, ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് നാസര്‍ മുല്ലക്കല്‍, മൊയ്തു അരൂര്‍, ഹാഷിം എലത്തൂര്‍, കെ.പി മൂസ്സ, ഉമ്മര്‍കോയ നടുവണ്ണൂര്‍ പ്രസംഗിച്ചു. ട്രഷറര്‍ നജീബ് തച്ചംപൊയില്‍ സ്വാഗതവും സെക്രട്ടറി മുഹമ്മദ് പുറമേരി നന്ദിയും പറഞ്ഞു.
പി.ഷബീറലി, വി.പി അബ്ദുല്‍ ജലീല്‍, ഫൈസല്‍ കല്ലേരി, മുഹമ്മദ് വാണിമേല്‍, എം.പി ബഷീര്‍, പി.പി റഹീം, എം.ഇ നവാസ് ഖാന്‍, സാജിദ് മാവൂര്‍, നിസാര്‍ മുറിയനാല്‍, കരീം വേളം, നാസര്‍ തെക്കയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
എജ്യുടച്ച് പദ്ധതി പ്രകാരം ജില്ലയില്‍ സ്‌കോളര്‍ഷിപ് നടപ്പാക്കാനും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങുകള്‍ രണ്ട് മേഖലകളിലായി നടത്താനും യോഗം തീരുമാനിച്ചു.