ഡോര്‍ ടു ഡോര്‍ കാര്‍ഗോ: ക്‌ളിയറന്‍സ് കാലതാമസം നീങ്ങുന്നു; ഡിസംബറോടെ പൂര്‍ണ പരിഹാരം

14
ഡോര്‍ ടു ഡോര്‍ കാര്‍ഗോ സേവന മേഖലയില്‍ ക്‌ളിയറന്‍സിലുണ്ടായിരുന്ന കാലതാമസം നീങ്ങുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ കാര്‍ഗോ അസോസിയേഷന്‍ ഭരവാഹികളായ മുഹമ്മദ് സിയാദ്, നവ്‌നീത് പ്രഭാകര്‍, ഫൈസല്‍ തയ്യില്‍, ലാല്‍ജി മാത്യു, റയീസ്, റഷീല്‍ പുളിക്കല്‍ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുന്നു

ദുബൈ: ഡോര്‍ ടു ഡോര്‍ കാര്‍ഗോ സേവന മേഖലയില്‍ സമീപ കാലത്തായി ക്‌ളിയറന്‍സിലുണ്ടായിരുന്ന കാലതാമസം നീങ്ങിക്കൊണ്ടിരിക്കുന്നതായും അതില്‍ ഇന്ത്യന്‍ കാര്‍ഗോ അസോസിയേഷന്റെ ശ്രമം പൂര്‍ണ വിജയത്തിലേക്ക് നീങ്ങുന്നുവെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടന്നിരുന്ന 80% കാര്‍ഗോകളുടെയും പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഇനിയും ക്‌ളിയറന്‍സ് പൂര്‍ത്തിയാവാത്ത കാര്‍ഗോകള്‍ എത്രയും പെട്ടെന്ന് നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രിയപ്പെട്ടവരുടെ കൈകളില്‍ എത്തിക്കാന്‍ തകൃതിയായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ഈ ഡിസംബറോടു കൂടി പ്രശ്‌നത്തിന് 100 ശതമാനം പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വന്ന കണ്ടെയ്‌നറുകള്‍ ഹൈദരാബാദ് സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഫര്‍മേഷ(എസ്എസ്‌ഐബി)ന്റെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമാക്കാന്‍ തീരുമാനിച്ചതോടെയാണ് ഏകദേശം 10 മാസത്തോളമായി അവ കെട്ടിക്കിടക്കാനിടയായത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ബാഗേജ് കാര്‍ഗോയുടെ മറവില്‍ വാണിജ്യ ഇനങ്ങളും മറ്റു നിരോധിത വസ്തുക്കളും വരുന്നുവെന്നായിരുന്നു വിവരം. അതിന്റെ അടിസ്ഥാനത്തില്‍ 337 കണ്ടെയ്‌നറുകള്‍ ഡിപി വേള്‍ഡ് ദുബൈ പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഐസിഡി തിമ്മപൂരിലും 82 കണ്ടെയ്‌നറുകള്‍ മുംബൈ പോര്‍ട്ടിലും പിടികൂടുകയാണുണ്ടായത്.
ഇക്കഴിഞ്ഞ മാസങ്ങളിലായി നടന്ന 100 ശതമാനം തുറന്ന പരിശോധനയില്‍ വാണിജ്യ-നിരോധിത വസ്തുക്കള്‍ യാതൊന്നും ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി ക്‌ളിയറന്‍സ് അനുമതി ലഭിച്ചു. മെയ്, ജൂണ്‍ മാസങ്ങളിലെ കോവിഡ് ലോക്ക് ഡൗണും 230,000 ബോക്‌സുകള്‍ തുറന്നുള്ള പരിശോധനയും അന്വേഷണം മന്ദഗതിയിലാക്കി. ഏതായാലും, 80% കണ്ടെയ്‌നറുകളുടെ പരിശോധന പൂര്‍ത്തീകരിക്കാനും ഡ്യൂട്ടി ഓര്‍ഡര്‍ നടപടി ആരംഭിക്കാനും ചീഫ് കമ്മീഷണര്‍ മല്ലിക ആര്യ ഐആര്‍എസിന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് ടീമിന് സാധിച്ചിട്ടുണ്ട്. ഇനി 20% നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അത് വരുന്ന മാസങ്ങളിലായി പൂര്‍ത്തീകരിക്കുമെന്ന ഉറപ്പാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഡെലിവറി ലഭ്യമാക്കാനുള്ള പ്രയത്‌നത്തിലാണ് ഇന്ത്യന്‍ കാര്‍ഗോ അസോസിയേഷന്‍.
ഈ വിഷയവുമായി ബന്ധപ്പെട്ട് 12 അംഗ പ്രതിനിധി സംഘം കഴിഞ്ഞ 10 മാസമായി കോവിഡ് ലോക്ക്ഡൗണ്‍ സമയങ്ങളില്‍ പോലും ഹൈദരാബാദില്‍ ക്യാമ്പ് ചെയ്ത് പ്രശ്‌ന പരിഹാര യജ്ഞത്തിലായിരുന്നു. കസ്റ്റംസ് ബോര്‍ഡ് ചെയര്‍മാന്‍ അജിത് കുമാര്‍ (സിബിഐസി) ഈ വിഷയത്തില്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കാര്‍ഗോകള്‍ ഡെലിവറിക്ക് ലഭ്യമാക്കാന്‍ നിര്‍ദേശിക്കുകയുണ്ടായി.
സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനങ്ങള്‍ അയക്കാന്‍ ഏറ്റവുമധികം ആശ്രയിക്കുന്ന സേവന മേഖലയാണ് ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വീസ്. ഈ രംഗത്ത് സേവനമര്‍പ്പിക്കുന്ന ജിസിസിയിലെ കമ്പനികളുടെ കൂട്ടായ്മയാണ് ഇന്ത്യന്‍ കാര്‍ഗോ അസോസിയേഷന്‍. നിയമപരമായ രീതിയില്‍ മികച്ച സേവനം അംഗങ്ങളിലൂടെ പ്രവാസി സമൂഹത്തിന് ലഭ്യമാവാന്‍ പ്രതിജ്ഞാബദ്ധമാണ് തങ്ങളെന്നും കാര്‍ഗോ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് സിയാദ്, സെക്രട്ടറി നവ്‌നീത് പ്രഭാകര്‍, ട്രഷറര്‍ ഫൈസല്‍ തയ്യില്‍, വൈസ് ചെയര്‍മാന്‍ ലാല്‍ജി മാത്യു, ജോ.സെക്രട്ടറി റയീസ്, റഷീല്‍ പുളിക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
ഈ കെട്ടിക്കിടക്കല്‍ മൂലം തങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഓരോ കാര്‍ഗോ കമ്പനികളും ആ തുക അടച്ചു തീര്‍ക്കുകയായിരുന്നു. ധാര്‍മിക ബാധ്യത എന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ പ്രവാസ സമൂഹത്തെ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിക്കുന്നതെന്നും കാര്‍ഗോ അസോസിയേഷന്‍ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.