
ഡോ. എം.കെ മുനീര്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഷാഫി ചാലിയം, അറബ് പ്രമുഖര്‍ പങ്കെടുക്കും
ദുബൈ: ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വര്‍ഷങ്ങളായി മുടങ്ങാതെ നടത്തിപ്പോരുന്ന സിഎച്ച് അനുസ്മരണം ഈ വര്‍ഷവും വിപുലമായ രീതിയില്‍ നടത്തുന്നു. മതേതര, ജനാധിപത്യ, മാനവിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുവും മുസ്ലിം-അധ:സ്ഥിത-പിന്നാക്ക സമൂഹങ്ങളുടെ അവകാശ പോരാളിയുമായിരുന്ന സിഎച്ച് മുഹമ്മദ് കോയ സാഹിബിനെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി ‘സിഎച്ച് രാഷ്ട്ര സേവാ പുരസ്കാരം’ നല്കി വരുന്നുണ്ട്.
ഇപ്രാവശ്യത്തെ അവാര്‍ഡിന് ഡോ. ശശി തരൂര്‍ എംപിയെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഡോ. പി.എ ഇബ്രാഹിം ഹാജി ചെയര്‍മാനും എംസി വടകര, ടി.ടി ഇസ്മായില്‍, സി.കെ സുബൈര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഐക്യ രാഷ്ട്ര സഭാ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലും മുന്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രിയും കോളമിസ്റ്റും സംവാദകനും പ്രഭാഷകനും പാര്‍ലമെന്റിനകത്തും പുറത്തും ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പ്പിനും മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ശ്രദ്ധേയ ഇടപെടല്‍ നടത്തുന്ന ഉജ്വല വ്യക്തിത്വവുമായ ഡോ. ശശി തരൂരിനുള്ള ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് ഈ മാസം 26ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ദേര മുറഖബാത്ത് പൊലീസ് സ്റ്റേഷന് മുന്‍വശത്തെ ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പ്രൗഢ ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഡോ. പി.എ ഇബ്രാഹിം ഹാജി, ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മൊയ്തീന് കോയ ഹാജി, ജന.സെക്രട്ടറി കെ.പി മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, സ്വാഗതസംഘം ട്രഷറര്‍ ഹംസ കാവില്‍ തുടങ്ങിയവര്‍ അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുസ്ലിം ലീഗ് നേതാവും സിഎച്ചിന്റെ പുത്രനുമായ ഡോ. എം.കെ മുനീര്‍ എംഎല്‍എ, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, അറബ് പ്രമുഖര്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും. പ്രഗല്ഭ വാഗ്മി ഷാഫി ചാലിയം സിഎച്ച് അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത ഗായകരായ ആസിഫ് കാപ്പാട്, യൂസുഫ് കാരക്കാട് എന്നിവര്‍ നയിക്കുന്ന ‘ഇശല്‍ വിരുന്നും’; ജില്ലാ കെഎംസിസിയുടെ വിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധതിയായ ‘എജുടച്ചി’ന്റെ സ്കോളര്‍ഷിപ് വിതരണോദ്ഘാടനവും; സാമൂഹിക പ്രതിബദ്ധരായ ബിസിനസ് പ്രമുഖരെ ആദരിക്കലും ചടങ്ങില്‍ നടക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്‍.കെ പ്രേമചന്ദ്രന് എംപി, സി.പി ജോണ്‍ എന്നിവര്‍ക്കാണ് സിഎച്ച് രാഷ്ട്ര സേവാ പുരസ്കാരം നല്‍കിയത്.
കേരളത്തിന്റെയും ഇന്ത്യയുടെയും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ എന്നും മുന്നില്‍ നിന്ന വിദ്യാഭ്യാസ വിചക്ഷണനും സമൂഹ സമുദ്ധാരകനുമായിരുന്നു സിഎച്ച് മുഹമ്മദ് കോയ സാഹിബ്. രാഷ്ട്രീയ എതിരാളികള്‍ പോലും സ്നേഹത്തോടെയും ബഹുമാനത്തോടെയും കണ്ടിരുന്ന നേതാവായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായി തിളങ്ങിയ സിഎച്ചിന്റെ മഹത്തായ സ്മൃതികള്‍ നിലനിര്‍ത്താന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കപ്പെടണമെന്ന് പി.എ ഇബ്രാഹിം ഹാജി പറഞ്ഞു.
സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി നിര്‍വഹിച്ചു വരുന്നതെന്ന് കെ.പി മുഹമ്മദ് പറഞ്ഞു. ആദ്യ പ്രളയ കാലഘട്ടത്തില്‍ കോഴിക്കോട്ടെ കരിഞ്ചോലമലയില്‍ വീടുകള്‍ നഷ്ടപ്പെട്ട നാലു കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ചെലവില്‍ നാലു പുതിയ വീടുകള്‍ നിര്‍മിച്ചു കൊടുത്തു. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിര്‍ധനരായ ഓരോ കുടുംബങ്ങള്‍ക്ക് ‘തകാഫുല്‍ പെന്ഷന്’ കഴിഞ്ഞ 10 വര്‍ഷമായി നിര്‍വഹിച്ചു വരുന്നു. കോവിഡ് രൂക്ഷമായ ഘട്ടങ്ങളില്‍ കേരളത്തിലും യുഎഇയിലും മരുന്നും ഭക്ഷണവും യാത്രാ സഹായങ്ങളുമടക്കം കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ജില്ലാ കെഎംസിസി നിര്‍വഹിച്ചത്. പ്രവാസികളുടെ ജന്മനാട്ടിലേക്കുള്ള തിരിച്ചുപോക്കിന് തടസ്സം നേരിട്ട ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ അലംഭാവത്തിനെതിരെ കലക്ടറേറ്റ് ധര്‍ണ നടത്തി. കോഴിക്കോട്ടെ സിഎച്ച് സെന്ററിന് 2 കോടിയിലധികം രൂപയുടെ സഹായം നല്കി. ഉത്തരേന്ത്യയില്‍ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണക്കിറ്റുകള്‍ നേരിട്ട് എത്തിച്ചു നല്കി. ജില്ലാ കെഎംസിസിക്ക് കീഴില്‍ 12 മണ്ഡലം കമ്മിറ്റികളും മുനിസിപ്പല്‍-പഞ്ചായത്ത് കമ്മിറ്റികളും ശക്തമായ ജീവകാരുണ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ നിന്നും വിമാനത്താവളങ്ങളില്‍ പിസിആര്‍ ടെസ്റ്റിന്റെ പേരില്‍ വന്‍ തുക ഈടാക്കുന്ന അനീതിക്കെതിരെ പാര്‍ട്ടിയുമായി ആലോചിച്ച് യോജിച്ച പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.
ജില്ലാ ഭാരവാഹികളായ ഹംസ പയ്യോളി, അബൂബക്കര്‍ മാസ്റ്റര്‍, മുഹമ്മദ് തെക്കയില്‍, മുഹമ്മദ് മൂഴിക്കല്‍, വി.കെ.കെ റിയാസ്, ഇസ്മായില്‍ ചെരിപ്പേരി, അഹമ്മദ് ബിച്ചി, മൂസ കൊയമ്പ്രം, അഷ്റഫ് ചമ്പോളി, എം.പി അശ്റഫ്, അബ്ദുള്ള വലിയാണ്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.