ജൈടെക്‌സ് ഗ്‌ളോബല്‍ എക്‌സിബിഷന് ദുബൈയില്‍ തുടക്കമായി

4
ജൈടെക്‌സ് ഭാഗമായ സമ്മേളനത്തിലെ ജനസാന്നിധ്യം

ജലീല്‍ പട്ടാമ്പി
ദുബൈ: ലോകത്തെ ഏറ്റവും ബൃഹത്തായ സാങ്കേതിക ആഗോള പ്രദര്‍ശനം ജൈടെക്‌സ് (ജനറല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സിബിഷന്‍) ഗ്‌ളോബല്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. ഏറ്റവും പുതിയ കാര്യങ്ങളുമായി സര്‍ക്കാര്‍ വകുപ്പുകളും സാങ്കേതിക മേഖലയിലെ ആഗോള ഭീമന്മാരും പങ്കെടുക്കുന്ന അഞ്ചു ദിവസം നീളുന്ന മേളയിലേക്ക് ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തുക. 41-ാമത് ജൈടെക്‌സ് യുഎഇ സ്വതന്ത്ര രാഷ്ട്രമായതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന സമയത്തായത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
എക്‌സിബിഷന്റെ ഭാഗമായി സമ്മേളനങ്ങളും ശില്‍പശാലകളും നടന്നു വരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 5ജി, ക്‌ളൗഡ്, ബിഗ് ഡാറ്റ, സൈബര്‍ സെക്യൂരിറ്റി, ബ്‌ളോക്ക്‌ചെയിന്‍, ക്വാണ്ടം കംപ്യൂട്ടിംഗ്, ഫിന്‍ടെക്, ഇമ്മേര്‍സിവ് മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ രാജ്യാന്തര പ്രശസ്തരായ ഇന്നൊവേറ്റര്‍മാരുടെ സംഗമ വേദി കൂടിയാണ് ജൈടെക്‌സ്. ജൈടെക്‌സ് ഗ്‌ളോബല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എവ്‌രിതിംഗ്, ജൈടെക്‌സ് ഫ്യൂചര്‍ സ്റ്റാര്‍സ്, ദി ഫ്യൂചര്‍ ബ്‌ളോക്ക് ചെയിന്‍ സമ്മിറ്റ്, ഫിന്‍ടെക് സര്‍ജ്, മാര്‍ക്കറ്റിംഗ് മാനിയ സ്‌പെക്റ്റക്ള്‍ എന്നീ ആറു മുഖ്യ പരിപാടികളാണ് ജൈടെക്‌സിലുളളത്.
2021ലെ ലോകത്തിലെ ഏറ്റവും വലിയ ടെക് സ്റ്റാര്‍ട്ടപ് പരിപാടികളിലൊന്നായ ജൈടെക്‌സ് ഫ്യൂചര്‍ സ്റ്റാര്‍സ് അന്താരാഷ്ട്ര പ്രസിദ്ധരായ 400ലധികം നിക്ഷേപകരുടെയും സംരംഭകരുടെയും നെറ്റ്‌വര്‍ക്ക് ഉള്‍പ്പെടുന്ന 60ലധികം രാജ്യങ്ങളില്‍ നിന്നുള്ള 700ലേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആതിഥ്യമരുളുന്നു. ഫിന്‍ടെക്കിന്റെയും ബ്‌ളോക്ക് ചെയിനിന്റെയും വികാസ ഘട്ടത്തിന് നിര്‍ണായക ദിശാബോധം നല്‍കുന്നതായിരിക്കും ഈ പ്രദര്‍ശനം.
യുഎഇയുടെ സുവര്‍ണ ജൂബിലി ഘട്ടത്തില്‍ നടക്കുന്ന ജൈടെക്‌സ് ഗ്‌ളോബല്‍ വിഷന്‍സ് സമ്മിറ്റ് മേഖലയിലെ ഗവണ്‍മെന്റ് അധികൃതര്‍ക്ക് ഡിജിറ്റല്‍ വിപ്‌ളവത്തിന്റെയും കാഴ്ചപ്പാടുകളുടെയും പുതിയ തലങ്ങളാണ് സമ്മാനിക്കുക. വളര്‍ന്നു വരുന്ന പ്രതിഭകളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഒന്നാകും ജൈടെക്‌സ് യൂത്ത് എക്‌സ്. ജൈടെക്‌സിലെ രസകരമായ മറ്റൊരു കാര്യം, ടിഐഇ വിമന്‍ പിച്ച് മല്‍സരത്തിന്റെ ഗ്‌ളോബല്‍ ഫൈനല്‍ ജൈടെക്‌സില്‍ നടക്കുന്നുവെന്നതാണ്. 40 ഇടങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ നയിക്കുന്ന ബിസിനസ് സ്ഥാപനങ്ങളാണ് കാഷ് അവാര്‍ഡിനും മെന്റര്‍ഷിപ്പിനുമായി മല്‍സരിക്കുന്നത്.
ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ലാന്റ് ഡിപാര്‍ട്‌മെന്റ്, ദുബൈ എയര്‍പോര്‍ട്‌സ്, ആര്‍ടിഎ, ജിഡിആര്‍എഫ്എ, വിവിധ മന്ത്രാലയങ്ങള്‍ തുടങ്ങിയ നിരവധി ഗവണ്‍മെന്റ് പൊതുമേഖലാ വകുപ്പുകളും സ്ഥാപനങ്ങളും ഈ മാസം 21ന് സമാപിക്കുന്ന ജൈടെക്‌സില്‍ സാന്നിധ്യമറിയിക്കുന്നു.