ഹാദിയ റീഡ് ഇസ്‌ലാമിക് സ്‌കൂളിന് ദുബൈയില്‍ തുടക്കമായി

49
ദുബൈയില്‍ റീഡ് ഇംഗ്‌ളീഷ് മീഡിയം ഇസ്‌ലാമിക് സ്‌കൂള്‍ ഉദ്ഘാടനം റുവാഖ് ഔഷ ഹാളില്‍ നടന്ന സംഗമത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നിര്‍വഹിക്കുന്നു

ദുബൈ: ദാറുല്‍ ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ‘ഹാദിയ’യുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സി(സിഎസ്ഇ)ന് കീഴില്‍ ദുബൈയില്‍ റീഡ് ഇംഗ്‌ളീഷ് മീഡിയം ഇസ്‌ലാമിക് സ്‌കൂളിന് തുടക്കമായി. ദുബൈയിലെ അല്‍ ഖിസൈസ് റുവാഖ് ഔഷ ഹാളില്‍ നടന്ന സംഗമത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്‌ലാമിക മൂല്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും കൈമാറ്റത്തിനും പ്രചാരണത്തിനും പുതിയ സാധ്യതകള്‍ കണ്ടെത്തേണ്ടതും അതിര്‍വരമ്പുകളില്ലാതെ പ്രവര്‍ത്തിക്കേണ്ടതും പണ്ഡിത ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകം വികാസം പ്രാപിക്കുന്നതോടൊപ്പം വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളില്‍  ഇടപെടലുകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലുള്ള കേരള ഇതര സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്‌ലാമിക മതപഠനത്തിനായി വിഭാവനം ചെയ്ത ഹാദിയയുടെ പ്രഥമ സംരംഭമാണ് റീഡ് ഇസ്‌ലാമിക് ഇംഗ്‌ളീഷ് സ്‌കൂള്‍. ദുബൈയിലെ റുവാഖ് ഔഷ കള്‍ചറല്‍ സെന്ററുമായി സഹകരിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക. ഉദ്ഘാടന സംഗമത്തില്‍ റുവാഖ് ഔഷ കള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ. മൗസാ ഉബൈദ് ഗുബാഷ്, അബുദാബി റപ്റ്റന്‍ സ്‌കൂള്‍ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി സിംസാറുല്‍ ഹഖ് ഹുദവി, ബിഹാര്‍ ഖുര്‍തുബ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, വേസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ് ചെയര്‍മാന്‍ ബഷീര്‍ കെ.പി, ബ്യാരി ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് ഹിദായത്തുല്ലാഹ്, ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, റുവാഖ് ഔഷ അഡ്മിനിസ്‌ട്രേറ്റര്‍ അജ്മല്‍, ദുബൈ സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി ശൗക്കത്തലി ഹുദവി, അഷ്‌കറലി ഹുദവി രണ്ടത്താണി, അലവി കുട്ടി ഹുദവി മുണ്ടംപറമ്പ്, നിസാര്‍ ബാബു ഹുദവി, റഹാന ഷാ എന്നിവര്‍ സംബന്ധിച്ചു.