മുഹമ്മദ് അസ്ഹറുദ്ദീന് കെഎംസിസി ലെജന്റ് സ്റ്റാര്‍ പുരസ്‌കാരം നല്‍കി

16
ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ലെജന്റ് സ്റ്റാര്‍ പുരസ്‌കാരം ക്രിക്കറ്റര്‍ അസ്ഹറുദ്ദീന് യുഎഇ കെഎംസിസി ഉപദേശക സമിതി ഉപാധ്യക്ഷന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി സമ്മാനിക്കുന്നു

ദുബൈ: ക്രിക്കറ്ററും ഐപിഎല്‍ താരവും സയ്യിദ് മുശ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി വേഗമേറിയ സെഞ്ച്വറി നേടിയ താരവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ലെജന്റ് സ്റ്റാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്‌കാരം യുഎഇ കെഎംസിസി ഉപദേശക സമിതി ഉപാധ്യക്ഷന്‍ ഡോ. പി.എ  ഇബ്രാഹിം ഹാജി സമ്മാനിച്ചു. കേരള ടീമില്‍ ഇടം നേടിയ ശേഷം റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത താരമായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍. മുശ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി സെഞ്ച്വറി നേടിയ ആദ്യ താരമാണിദ്ദേഹം.
പുരസ്‌കാര ചടങ്ങില്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ എന്‍.എ ഹാരിസ് എംഎല്‍എ, യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, കാസര്‍കോട് സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പള, അഡ്വ. ബേവിഞ്ച അബ്ദുല്ല, കെഎംസിസി സംസ്ഥാന നേതാക്കളായ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഇസ്മായില്‍ അരൂക്കുറ്റി, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ ചെര്‍ക്കള, വ്യവസായ പ്രമുഖരായ യു.കെ യൂസഫ്, എഎകെ മുസ്തഫ, ക്രിക്കറ്റര്‍ അസ്ഹറുദ്ദീന്‍ പ്രസംഗിച്ചു. ദുബൈ കെഎംസിസി ജില്ലാ-മണ്ഡലം ഭാരവാഹികള്‍, വ്യവസായ പ്രമുഖര്‍, പ്രമുഖ  വ്യക്തികള്‍ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഖിറാഅത്ത് നിര്‍വഹിച്ചു. ജില്ലാ ട്രഷറര്‍ ഹനീഫ ടി.ആര്‍ നന്ദി പറഞ്ഞു.