റീടെയ്ല്‍ രംഗത്ത് നവ്യാനുഭവം പകര്‍ന്ന് ഷാര്‍ജ സെന്‍ട്രല്‍ മാളില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു

13
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് സംനാനിലെ സെന്‍ട്രല്‍ മാളില്‍ ലുലുവിന്റെ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുള്ള സുല്‍ത്താന്‍ അല്‍ ഉവൈസ് ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ് സിഇഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി, ഡയറക്ടര്‍ എം.എ സലീം  തുടങ്ങിയവര്‍ സമീപം

ഷാര്‍ജ: ആഗോള നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യം ഒരുക്കി ലുലുവിന്റെ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് സംനാനിലെ സെന്‍ട്രല്‍ മാളില്‍ ഇന്ന് (ഒക്ടോബര്‍ 24ന്) പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം പ്രമാണിച്ച് വിപുലമായ ഓഫറുകളാണ് അണിനിരത്തിയിരിക്കുന്നത്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുള്ള സുല്‍ത്താന്‍ അല്‍ ഉവൈസ് ആണ് ലുലു ഔട്‌ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലുലു ഗ്രൂപ് സിഇഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി, ഡയറക്ടര്‍ എം.എ സലീം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
രണ്ടു നിലകളിലായി 5 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ചിരിക്കുന്ന ഷാര്‍ജ സെന്‍ട്രല്‍ മാള്‍ ആധുനിക ജീവിത ശൈലിക്ക് അനുയോജ്യമായ എല്ലാ സംവിധാനങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്ന ഷോപ്പിംഗ് മാള്‍ ആണ്. 110,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ലുലു ഹൈപര്‍ മാര്‍ക്കറ്റ് മാത്രമാണ് ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. വിശാലമായ ഫുഡ് കോര്‍ട്ട് അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ ഉടന്‍ തുറക്കും.


35,000 സ്‌ക്വയര്‍ ഫീറ്റില്‍ എന്റര്‍ടെയ്ന്‍മെന്റ് സംവിധാനവും 11 സിനിമാ തിയേറ്ററുകളും ഉടന്‍ തുറക്കുന്നതോടെ ഷാര്‍ജയിലെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റ് ഡെസ്റ്റിനേഷന്‍ എന്ന രീതിയില്‍ ഷാര്‍ജ സെന്‍ട്രല്‍ മാള്‍ അറിയപ്പെടും. 2,200 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം, എയര്‍പോര്‍ട്ട്, കള്‍ചറല്‍ സ്‌ക്വയര്‍, ഗുബൈബ, വാസിത്, അല്‍ തല്ല തുടങ്ങിയവയോട് സമീപത്തായി സ്ഥിതി ചെയ്യുന്ന സംനാന്‍ ഏരിയയിലാണ് ഷാര്‍ജ സെന്‍ട്രല്‍ എന്ന ഷോപ്പിംഗ് മാള്‍ സ്ഥിതി ചെയ്യുന്നത്. സൂപര്‍-ഹൈപര്‍ മാര്‍ക്കറ്റുകളിലെ ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, ഗ്രോസറി വിഭവങ്ങള്‍, ഫൂട് വെയര്‍, ഇലക്‌ട്രോണിക്‌സ്, ഹോം അപ്‌ളയന്‍സസ് തുടങ്ങിയവക്ക് പുറമെ, വിപുലമായ ഓര്‍ഗാനിക് ഫുഡ് സെക്ഷനും വീഗന്‍ ഫുഡ് വിഭാഗവും യുഎ ഇ ഫ്രഷ് ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരവും ഈ ഔട്‌ലെറ്റിന്റെ പ്രത്യേകതയാണ്.
മഹാമാരിയുടെ ഘട്ടത്തെ അതിജീവിച്ച് യുഎഇയുടെ ഭാവി കാല വളര്‍ച്ച മുന്നില്‍ കണ്ട് ലുലു നടത്തിയ നിക്ഷേപമാണ് ഷാര്‍ജ സെന്‍ട്രല്‍ മാള്‍ എന്ന് എം.എ യൂസഫലി പറഞ്ഞു. യുഎഇയുടെ വികസനത്തിനൊപ്പം മുന്നോട്ട് പോകാന്‍ ലുലുവിന് കഴിയുന്നതിന്റെ സന്തോഷവും ധന്യതയും എം.എ യൂസഫലി ഉദ്ഘാടന ചടങ്ങില്‍ പങ്കു വെച്ചു. മഹാമാരിയുടെ ഘട്ടത്തില്‍ വില വര്‍ധിപ്പിക്കാതെ യാതൊരു ദൗര്‍ലഭ്യവും കൂടാതെ ഭക്ഷണ സുരക്ഷ ഉറപ്പ് വരുത്തിയ യുഎഇയിലെ ഭരണാധികാരികളെ യൂസഫലി പ്രശംസിച്ചു. 2021ല്‍ മാത്രം ലുലു പുതിയ 20 ഔട്‌ലെറ്റുകള്‍ തുറന്നിട്ടുണ്ട്.