പുതിയ കുവൈത്ത്: 5,600 ചതുശ്ര മീറ്റര്‍ ഏരിയയില്‍ പാരമ്പര്യ-സമകാലിക ശ്രേണികള്‍

ദുബൈ: എക്‌സ്‌പോയിലെ കുവൈത്തിന്റെ ഏറ്റവും വലിയ പങ്കാളിത്തവുമായി 5,600 ചതുരശ്ര മീറ്റര്‍ വലുപ്പത്തിലുള്ള പവലിയന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. രാജ്യത്തിന്റെ സുസ്ഥിരത, ചരിത്രം, പാരമ്പര്യം, സമകാലിക വളര്‍ച്ചയും സമൃദ്ധിയും എന്നിവയാണ് ഇവിടെ കേന്ദ്ര വിഷയങ്ങള്‍.
കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് ഹമദ് അല്‍സബാഹിനെ പ്രതിനിധീകരിച്ച് വിവര-സാംസ്‌കാരിക-യുവജന കാര്യ മന്ത്രി അബ്ദുല്‍ റഹ്മാന്‍ ബദാഹ് അല്‍മുതൈരിയാണ് പവലിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കുവൈത്തി സംസ്‌കാരവും പാരമ്പര്യവും കോര്‍ത്തിണക്കിയുള്ള പ്രത്യേകം തയാറാക്കിയ നൃത്ത പ്രകടനത്തോടെയായിരുന്നു അതിഥികളെയും സന്ദര്‍ശകരെയും പവലിയനിലേക്ക് സ്വാഗതം ചെയ്തത്. സാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം, സാങ്കേതിക മികവുകളിലേക്ക് കുവൈത്ത് എങ്ങനെ ഉയര്‍ന്നു വന്നുവെന്നും കഴിഞ്ഞ ദശകങ്ങളില്‍ ഇന്നൊവേഷന്‍, പാരിസ്ഥിതിക സുസ്ഥിരത, വികസനം എന്നിവ എപ്രകാരം നേടിയെടുത്തുവെന്നും പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എക്‌സ്‌പോ 2020യുടെ സസ്റ്റയ്‌നബിലിറ്റി ഡിസ്ട്രിക്റ്റിലാണ് കുവൈത്ത് പവലിയന്‍ സ്ഥിതി ചെയ്യുന്നത്. കുവൈത്തിന്റെ സുസ്ഥിരതാ യത്‌നങ്ങള്‍ പവലിയന്‍ എടുത്തു കാട്ടുന്നു. ‘പുതിയ കുവൈത്ത്, സുസ്ഥിരതക്കായുള്ള പുതിയ അവസരങ്ങള്‍’ എന്ന തീമില്‍ തയാറാക്കിയ പവലിയനില്‍, കുവൈത്തിന്റെ ഭൂതവും വര്‍ത്തമാനവും ‘ന്യൂ കുവൈത്ത് 2035’ എന്ന ഭാവി പദ്ധതിയും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
”രാജ്യത്തെയും അതിന്റെ സവിശേഷതയെയും പ്രതിനിധീകരിക്കാനുള്ള അവസരമായാണ് എക്‌സ്‌പോ 2020 ദുബായിയെ ഞങ്ങള്‍ കാണുന്നത്. ജിസിസി ഐക്യദാര്‍ഢ്യ പ്രകടനം കൂടിയാണിത്. വരും തലമുറയുടെ സുസ്ഥിര വളര്‍ച്ചക്കായി ഒരുമയുടെ ബോധം മാര്‍ഗം തീര്‍ക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു” -കുവൈത്ത് പവലിയന്‍ ഡയറക്ടര്‍ ഡോ. ബദര്‍ അല്‍ ഇന്‍സി പറഞ്ഞു.
എണ്ണക്ക് മുന്‍പുള്ള കാലം മുതല്‍ എണ്ണ സമ്പന്നമായ ആധുനിക ജനാധിപത്യ രാഷ്ട്രമായി കുവൈത്ത് നിലകൊള്ളുന്നതിന്റെ ശ്രദ്ധേയമായ നാഴികക്കല്ലുകളിലൂടെ സന്ദര്‍ശകരെ പ്രയാണം ചെയ്യിക്കുന്നു കുവൈത്ത് പവലിയനെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ മാസിന്‍ അല്‍ അന്‍സാര്‍ പറഞ്ഞു.