ലോകാനുഗ്രഹിയായ കാരുണ്യത്തിന്റെ പ്രവാചകന്‍

21

ലോകര്‍ക്കായി അല്ലാഹു അവതരിപ്പിച്ച മഹാ അനുഗ്രഹമാണ് അന്ത്യപ്രവാചകന്‍ നമ്മുടെ നബി മുഹമ്മദ് (സ്വ). നന്മയുടെ ഉത്ഥാനത്തിനും തിന്മയുടെ ഉഛാടനത്തിനുമായി മാര്‍ഗം തെളിയിച്ച നബി(സ്വ)യെ അനുധാവനം ചെയ്യാനാണ് അല്ലാഹുവിന്റെ കല്‍പന (സൂറത്തുല്‍ ഹശ്ര്‍ 7). ലോകത്തിലെ സകല ചരാചരങ്ങള്‍ക്കുമുള്ള കാരുണ്യ വര്‍ഷമാണ് തിരുനബി(സ്വ)യുടെ തിരു ജനനം.
ആനക്കലഹ വര്‍ഷത്തിലെ റബീഉല്‍ അവ്വല്‍ മാസത്തിലാണ് നബി (സ്വ) ഭൂജാതരായത്. സകല ലോകര്‍ക്കും സത്യബോധനവുമായി വന്ന തിരുദൂതര്‍ (സ്വ) ലോകത്തിനാകമാനം കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശ വാഹകനായിരുന്നു.
ഇബ്രാഹിം നബി(അ)യുടെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു ആ തിരു നിയോഗം. ഇബ്രാഹിം നബി (അ) പ്രാര്‍ത്ഥിച്ചിരുന്നുവത്രെ: ”ഞങ്ങളുടെ നാഥാ, ആ ജനതതിക്കു നിന്റെ വചനങ്ങള്‍ ഓതിക്കൊടുക്കുകയും വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും സംസകാരം ശീലിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നിയോഗിക്കേണമേ” (സൂറത്തുല്‍ ബഖറ 129).
ഈസാ നബി(സ്വ)ക്കുള്ള സുവിശേഷത്തിന്റെ സാക്ഷാത്കാരമായിരുന്നു തിരുനബി(സ്വ)യുടെ അവതരണം. തനിക്ക് ശേഷം അഹ്മദ് എന്ന ദൂതന്‍ വരാനുണ്ടെന്ന ശുഭവാര്‍ത്തയുമായാണ് വന്നതെന്ന് ഈസാ നബി (അ) ഇസ്രാഈലരോട് പറയുന്നത് ഖുര്‍ആനിലുണ്ട് (സൂറത്തു സ്വഫ്ഫ് 6).
അല്ലാഹു പറയുന്നു: സ്വന്തത്തില്‍ നിന്നു തന്നെ ഒരു റസൂലിനെ വിശ്വാസികള്‍ക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണവര്‍ക്ക് അല്ലാഹു ചെയ്തത് (സൂറത്തു ആലു ഇംറാന്‍ 164). ജനങ്ങള്‍ക്കിടയില്‍ കാരുണ്യവും സമാധാനവുമാണ് പ്രവാചകന്‍ (സ്വ) പ്രചരിപ്പിച്ചതും പ്രബോധനം ചെയ്തതും. നബി (സ്വ) തങ്ങള്‍ തന്നെ പറയുന്നുണ്ട്, ”അല്ലാഹുവില്‍ നിന്ന് സമ്മാനമായി ഇറക്കപ്പെട്ട കാരുണ്യമാണ് ഞാന്‍” (ഹദീസുദ്ദാരിമി 15).
പരസ്പരം ഐക്യവും ദയാ വായ്പവും പ്രോത്സാപ്പിച്ചു കൊണ്ടുള്ള അതുഗ്രന്‍ മാനവിക ദൂതുമായാണ് നബി (സ്വ) പ്രബോധന വഴിയില്‍ സജീവമായത്. നബി (സ്വ) ജനതയോട് പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കൊരു കാര്യം അറിയിച്ചു തരട്ടെയോ. നിങ്ങളത് ചെയ്താല്‍ പരസ്പരം സ്‌നേഹാര്‍ദ്രതയുള്ളവരാകും. നബി (സ്വ) തുടര്‍ന്നു: പരസ്പരം രക്ഷക്കായി പ്രാര്‍ത്ഥിക്കുന്ന സലാം വ്യാപകമയി പറയലാണത് (ഹദീസ് മുസ്‌ലിം 93).
നീതിബോധത്തിന്റെയും വാഗ്ദത്ത പാലനത്തിന്റെയും മൂല്യമോതിക്കൊണ്ടാണ് നബി (സ്വ) സത്യമതം പഠിപ്പിച്ചത്. പ്രവാചകത്വ ലബ്ധിക്കു മുന്‍പു തന്നെ അവകാശ സംരക്ഷണ ഉടമ്പടിയായ ‘ഹില്‍ഫുല്‍ ഫുദൂലി’ല്‍ നബി (സ്വ) പങ്കെടുത്തിരുന്നു. പല ഗോത്രങ്ങളും കൂടി അര്‍ഹര്‍ക്കുള്ള അവകാശം ഉറപ്പു വരുത്തുന്ന കരാര്‍ പ്രഖ്യാപനമായിരുന്നു അത്. നീതിയും ന്യായവും അവകാശ സംരക്ഷണവുമെല്ലാം ഉദ്‌ഘോഷിക്കുന്ന, മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉടമ്പടികള്‍ മാനവ കുലത്തിനെന്നും നന്മയേ വരുത്തിയിട്ടുള്ളൂ. അതാണ് ഇസ്‌ലാം പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. അത്തരം കാര്യങ്ങള്‍ വിശുദ്ധ ഇസ്‌ലാം മതം ശക്തിപ്പെടുത്തിയിട്ടേയുള്ളൂവെന്നാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് മുസ്‌ലിം 2530). അഖണ്ഡതയുടെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും കാഹളമാണ് നീതി. ഇസ്‌ലാം നീതിയുടെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും മതമാണ്. പ്രവാചകന്‍ (സ്വ) അതിന്റെ പ്രചാരകരും.
നബി(സ്വ)യില്‍ നമുക്ക് ഉത്തമ ജീവിത മാതൃകയുണ്ട് (സൂറത്തുല്‍ അഹ്‌സാബ് 21). ആ മാതൃക നാം ജീവിതത്തില്‍ അനുവര്‍ ത്തിക്കേണ്ടിയിരിക്കുന്നു. ആ സല്‍സ്വഭാവങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു. ആ തിരുസന്നിധിയിലേക്ക് ശ്രേഷ്ഠ ദിനമായ വെള്ളിയാഴ്ച ദിവസത്തില്‍ സ്വലാത്തുകള്‍ അധികമായി ചൊല്ലിക്കൊണ്ടിരിക്കാം. അവ നബി (സ്വ) തങ്ങളിലേക്ക് നേരിട്ട് എത്തുമെന്ന് നബി (സ്വ) തങ്ങള്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 1531, നസാഈ 1374, ഇബ്‌നുമാജ 1085).