നേത്ര സംരക്ഷണ പദ്ധതിയുമായി കൈ കോര്‍ത്ത് എമിറേറ്റ്‌സ് റെഡ് ക്രസന്റും ലുലു ഗ്രൂപ്പും

6
അബുദാബി മുഷ്‌രിഫ് മാള്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് പ്രതിനിധിയും റീച്ച് കാമ്പയില്‍ എംഡിയുമായ തലാ അല്‍ റമാഹിയും ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയും ചേര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍

അബുദാബി: ലോകത്തിന്റ പല ഭാഗങ്ങളില്‍ കാഴ്ച ശക്തിയില്ലാതെ ബുദ്ധിമുട്ടുന്നവരുടെ ജീവിതത്തില്‍ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെ എമിറേറ്റ്‌സ് റെഡ് ക്രസന്റും ലുലു ഗ്രൂപ്പും. കണ്ണിലെ അണുബാധയെ തുടര്‍ന്ന് ‘റിവര്‍ ബ്‌ളൈന്‍ഡ്‌നസ്’ എന്ന അസുഖം ബാധിച്ച് കഷ്ടതയനുഭവിക്കുന്ന സമൂഹത്തിലേക്കാണ് ഇതിലൂടെ സഹായമെത്തിക്കുക. ലുലുവില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ പദ്ധതിയിലേക്ക് രണ്ട് ദിര്‍ഹം മുതലുള്ള സഹായം നല്‍കാം.
അബുദാബി മുഷ്‌രിഫ് മാള്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് പ്രതിനിധിയും റീച്ച് കാമ്പയില്‍ എംഡിയുമായ തലാ അല്‍ റമാഹിയും ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയും ചേര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
യുഎഇ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീണ്ടു നില്‍ക്കുന്ന പദ്ധതിയില്‍ നിന്നും സമാഹരിക്കുന്ന തുക കൊണ്ട് 50 ലക്ഷം പേരുടെ ജീവിതത്തില്‍ വെളിച്ചം പകരാനാകും. ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് റമാഹി പറഞ്ഞു.
റിവര്‍ ബ്‌ളൈന്‍ഡ്‌നസ് അനുഭവിക്കുന്ന പാവപ്പെട്ട ജീവിതങ്ങള്‍ക്ക് പ്രതീക്ഷയേകുന്ന പദ്ധതിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. ഈ വലിയ ഉദ്യമത്തിന്റെ ഭാഗമാകാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. കഷ്ടതയനുഭവിക്കുന്ന സമൂഹത്തില്‍ സുസ്ഥിര മാറ്റങ്ങള്‍ക്ക് കാരണമാകുന്ന പദ്ധതികളില്‍ ലുലു ഗ്രൂപ് എന്നും പങ്കാളികളാവാറുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. തങ്ങളുടെ ഉപയോക്താക്കളും ബ്രാന്‍ഡ് പങ്കാളികളും പദ്ധതിയില്‍ സജീവ പങ്കാളികളാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ആഗോള ബ്രാന്‍ഡുകളായ നിവിയ, നോര്‍, കൊക്ക കോള എന്നിവ ഈ പദ്ധതിയില്‍ ലുലു ഗ്രൂപ്പുമായി സഹകരിക്കുന്നുണ്ട്.
ഉഷ്ണ മേഖലാ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും, സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സാധാരണ കണ്ടു വരുന്ന രോഗമാണിത്.