ഇഇഇ പങ്കാളിത്തത്തില്‍ ആസ്റ്റര്‍ ആശുപത്രികളില്‍ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍; കരാറിലൊപ്പിട്ടു

11
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി എംഡി അലീഷാ മൂപ്പനും ഇഇഇ എല്‍എല്‍സി ജന.മാനേജര്‍ പ്രഭാഷ് മന്താരയും കരാറിലൊപ്പു വെച്ച ശേഷം രേഖകള്‍ കൈമാറുന്നു

ദുബൈ: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, യുഎഇയിലെ നാല് ആസ്റ്റര്‍ ആശുപത്രികളില്‍ സോളാര്‍ എനര്‍ജി പാനലുകള്‍ സ്ഥാപിക്കാന്‍ അല്‍ റുസ്തമാനി ഗ്രൂപ്പംഗവും യുഎഇയിലെ പ്രമുഖ എസ്‌കോ കമ്പനിയുമായ എമിറേറ്റ്‌സ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് (ഇഇഇ) എല്‍എല്‍സിയുമായി കരാറില്‍ ഒപ്പു വെച്ചു. കരാറനുസരിച്ച് മന്‍ഖൂല്‍, ഖിസൈസ്, സെഡാര്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ ആശുപത്രികളിലും, ദുബൈ അല്‍സഫയിലെ മെഡ്‌കെയര്‍ ഹോസ്പിറ്റലിലും സോളാര്‍ എനര്‍ജി പാനലുകള്‍ സ്ഥാപിക്കും. യൂറോ ഹെല്‍ത്ത് സിസ്റ്റംസ് വഴി നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രതിവര്‍ഷം 1,774 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കാന്‍ ഈ സൗരോര്‍ജ ഉല്‍പാദന പ്രക്രിയ സഹായിക്കും.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഇഎസ്ജി (എന്‍വയണ്‍മെന്റ്, സോഷ്യല്‍, കോര്‍പറേറ്റ് ഗവേണന്‍സ്) നയങ്ങളുമായി യോജിക്കുന്നതാണ് ഈ പദ്ധതി. ആസ്റ്റര്‍ പ്രവര്‍ത്തിക്കുന്ന 7 രാജ്യങ്ങളിലുമുള്ള സ്ഥാപനം, സമൂഹം, പരിസ്ഥിതി എന്നിവയ്‌ക്കെല്ലാം ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന പങ്കാളിത്ത മൂല്യങ്ങള്‍ സൃഷ്ടിക്കുകയും അതിലൂടെ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുകയുമാണ് ലക്ഷ്യമാക്കുന്നത്. ക്‌ളൈമറ്റ് ആക്ഷന്‍ അടക്കമുള്ള ഐക്യ രാഷ്ട്ര സഭയുടെ 8 സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ വര്‍ഷങ്ങളായി ജിആര്‍ഐ, ഡൗ ജോണ്‍സ് എന്നീ സുസ്ഥിരതാ സൂചികകളുടെ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആസ്റ്റര്‍.
വ്യക്തികളുടെയും സമൂഹത്തിന്റെയും സേവനത്തിനായി പൂര്‍ണമായും സമര്‍പ്പിച്ച് പ്രവര്‍ ത്തിക്കുമ്പോള്‍ തന്നെ, പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഉദ്യമങ്ങള്‍ക്കും ആസ്റ്റര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഈ അവസരത്തില്‍ സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍ പറഞ്ഞു. ഇന്ത്യയില്‍ തങ്ങളുടെ പല ആശുപത്രികളും ജലവും വൈദ്യുതിയും സംരക്ഷിക്കാന്‍ ഇതിനകം തന്നെ നിരവധി ഉദ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ പുതിയ ഉദ്യമത്തിലൂടെ സുസ്ഥിര വികസനത്തിന് സഹായിക്കുന്ന ഒരു ഹരിത സമ്പദ് വ്യവസ്ഥ ലക്ഷ്യമിടുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണത്തോടൊപ്പം ഞങ്ങള്‍ ഒറ്റക്കെട്ടായി ചേര്‍ന്നു നില്‍ക്കുന്നു. തങ്ങളുടെ സ്ഥാപനങ്ങളെ ഊര്‍ജ സമ്പന്നമാക്കുന്നതിനൊപ്പം ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന ഒരു ഹരിതാഭമായ അന്തരീക്ഷം നല്‍കാനുള്ള തങ്ങളുടെ യാത്രയുടെ തുടക്കമാണ് യുഎഇയിലെ 4 ആശുപത്രികളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിലൂടെ വിഭാവനം ചെയ്യുന്നതെന്നും അലീഷാ മൂപ്പന്‍ വ്യക്തമാക്കി.
ഈ പദ്ധതി നടപ്പാക്കാന്‍ ഇഇഇയുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നതില്‍ സന്തുഷ്ടരാണെന്ന് യൂറോ ഹെല്‍ത്ത് സിസ്റ്റംസ് ഡയറക്ടര്‍ ഹാനി സത്താര്‍ പറഞ്ഞു. ഇത് ഊര്‍ജ സംരക്ഷണം ഉറപ്പാക്കുക മാത്രമല്ല, പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പോലുള്ള ഹരിത ഗൃഹ വാതകങ്ങളുടെ ഉല്‍പാദനം കുറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഇഇ ജനറല്‍ മാനേജര്‍ പ്രഭാഷ് മന്താരയും ചടങ്ങില്‍ പങ്കെടുത്തു.