സ്വലാത്ത് മനസ്സമാധാനത്തിന്, അന്തിമ വിജയ ത്തിന്

12

അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലല്‍ ഏറെ പുണ്യകരമായ ആരാധനാനുഷ്ഠാനമാണ്. ഒരിക്കല്‍ ഉബയ്യ് ബ്‌നു കഅ്ബ് (റ) നബി(സ്വ)യോട് പറയുകയുണ്ടായി: തിരുദൂതരേ, ഞാന്‍ അങ്ങയുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കാനാഗ്രഹിക്കുന്നു, ഞാനെത്ര സ്വലാത്ത് ചൊല്ലണം? അങ്ങേക്കായി ഞാന്‍ എത്ര പ്രാര്‍ത്ഥിക്കണം? നബി (സ്വ): നിനക്ക് ഇഷ്ടമുള്ളത്ര. ഉബയ്യ് (റ) ചോദിച്ചു: പ്രാര്‍ത്ഥനയുടെ കാല്‍ ഭാഗവും അങ്ങേയ്ക്കാക്കണോ? നബി (സ്വ) പറഞ്ഞു: നിനക്ക് ഇഷ്ടമുള്ളത്ര, അധികരിപ്പിച്ചാല്‍ അത് നിനക്ക് നല്ലതായിരിക്കും. ഉബയ്യ് (റ) വീണ്ടും ചോദിച്ചു: പകുതിയും അങ്ങേയ്ക്കാക്കിയാലോ. നബി (സ്വ) പറഞ്ഞു: നിനക്ക് ഇഷ്ടമുള്ളത്ര, അധികരിപ്പിച്ചാല്‍ അത് നിനക്ക് നല്ലതായിരിക്കും. ഉബയ്യ് (റ) വീണ്ടും ചോദിച്ചു: മൂന്നില്‍ രണ്ടു ഭാഗവും അങ്ങേയ്ക്കാക്കിയാലോ. നബി (സ്വ) പറഞ്ഞു: നിനക്ക് ഇഷ്ടമുള്ളത്ര, അധികരിപ്പിച്ചാല്‍ അത് നിനക്ക് നല്ലതായിരിക്കും. ഉബയ്യ് (റ) പറഞ്ഞു: ഞാന്‍ എന്റെ എല്ലാ പ്രാര്‍ത്ഥകളും അങ്ങേയ്ക്കാക്കിയാലോ. അപ്പോള്‍ നബി (സ്വ) മറുപടി പറഞ്ഞു: എന്നാല്‍, നിന്റെ എല്ലാ ദു:ഖങ്ങളും മാറുകയും എല്ലാ ദോഷങ്ങളും പൊറുക്കപ്പെടുകയും ചെയ്യും (ഹദീസ് തുര്‍മുദി 2457).
ഐഹിക ലോകത്ത് മനസ്സമാധാനവും സന്തുഷ്ടിയും ആഗ്രഹിക്കുകയും, പാരത്രിക ലോകത്ത് പാപമുക്തനായി സ്വര്‍ഗസ്ഥനാവാനും ആഗ്രഹിക്കുന്നവര്‍ നിത്യമായി നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലിക്കൊള്ളട്ടെ. അല്ലാഹുവും മലക്കുകളും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നുണ്ട്. സത്യവിശ്വാസകള്‍ നബി(സ്വ)യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലാനാണ് അല്ലാഹുവിന്റെ കല്‍പനയെന്ന് വിശുദ്ധ ഖുര്‍ആനില്‍ കാണാം (സൂറത്തുല്‍ അഹ്‌സാബ് 56). സ്വലാത്തിന് പല അര്‍ത്ഥ തലങ്ങളുണ്ട്. നിരുപാധിക സ്വലാത്ത് എന്നാല്‍ പ്രാര്‍ത്ഥനയാണ്. നമസ്‌കാരത്തിന് ഉപയോഗിക്കുന്ന അറബി ഭാഷാ സാങ്കേതിക പദപ്രയോഗം സ്വലാത്ത് എന്നാണ്. അല്ലാഹുവിന്റെ സ്വലാത്ത് എന്നാല്‍ അനുഗ്രഹ കാരുണ്യ വര്‍ഷമാണ്. മലക്കുകളുടെ സ്വലാത്ത് പശ്ചാത്താപ തേട്ടവുമാണ്. മനുഷ്യരില്‍ നിന്നുള്ള സ്വലാത്ത് പ്രാര്‍ത്ഥനയുമാണ്.
ഒരാള്‍ നബി(സ്വ)യുടെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്തു സ്വലാത്ത് (അനുഗ്രഹം) ചെയ്യുമത്രെ (ഹദീസ് മുസ്‌ലിം 384). സ്വലാത്ത് ചൊല്ലുന്നവന് മലക്കുകളുടെ പ്രാര്‍ത്ഥനയുമുണ്ടാകും. നബി (സ്വ) പറയുന്നു: ഒരാള്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലുന്ന സമയമത്രയും മലക്കുകള്‍ അവനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും, അതിനാല്‍ സ്വലാത്ത് കുറക്കുകയോ കൂട്ടുകയോ ചെയ്യട്ടെ (ഹദീസ് അഹ്മദ് 15689, ഇബ്‌നു മാജ 907). നമുക്ക് നബി(സ്വ)യുടെ മേലുള്ള സ്വലാത്തുകള്‍ അധികരിപ്പിക്കാം. അങ്ങനെ, നമ്മുടെ ഹൃദയങ്ങള്‍ പ്രവാചകാനുരാഗത്താല്‍ പുളകമണയട്ടെ. പ്രവാചക ചര്യ പൂര്‍ണാര്‍ത്ഥത്തില്‍ പിന്‍പറ്റാനും പുണ്യ സ്വഭാവങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും അവസരമാവട്ടെ. താങ്കള്‍ അതി മഹത്തായ സ്വഭാവത്തിനുടമയാണെന്നാണ് നബി (സ്വ)യെ പുകഴ്ത്തി അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത് (സൂറത്തുല്‍ ഖലം 4).
ബാങ്ക് വിളി കഴിഞ്ഞയുടനെ സ്വലാത്ത് ചൊല്ലല്‍ പ്രത്യേകം പുണ്യമാണ്. നബി (സ്വ) പറയുന്നു: നിങ്ങള്‍ ബാങ്ക് വിളി കേട്ടാല്‍ അതിലെ വാക്കുകള്‍ അതേ പടി ചൊല്ലുക, ശേഷം എന്റെ മേല്‍ സ്വലാത്ത് ചൊല്ലുക (ഹദീസ് മുസ്‌ലിം 384). വെള്ളിയാഴ്ചയാണ് സ്വലാത്ത് ചൊല്ലല്‍ കൂടുതല്‍ പ്രതിഫലാര്‍ഹമായ ദിവസം. ശ്രേഷ്ഠ ദിവസമായ വെള്ളിയാഴ്ച ദിവസത്തില്‍ സ്വലാത്ത് അധികരിപ്പിക്കാനാണ് നബി (സ്വ) അരുള്‍ ചെയ്തിരിക്കുന്നത്. ആ സ്വലാത്തുകള്‍ നബി(സ്വ)ക്ക് നേരിട്ട് എത്തുമത്രെ (ഹദീസ് അബൂ ദാവൂദ് 1531, നസാഈ 1374, ഇബ്‌നു മാജ 1085).