സാമൂഹിക വളര്‍ച്ചയില്‍ സമന്വയ വിദ്യാഭ്യാസത്തിന്റെ പങ്ക് നിസ്തുലം: ഡോ. ബഹാഉദ്ദീന്‍ നദ്‌വി

7
കടമേരി റഹ്മാനിയ്യ യുഎഇ കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംസാരിക്കുന്നു

ദുബൈ: മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചയില്‍ മത, ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ പങ്ക് നിസ്തുലമാണെന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരേണ്ടത് നമ്മുടെ ബാധ്യതയാണെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു. പാരമ്പര്യ വിദ്യാഭ്യാസ രീതികളിലെ തനിമ നഷ്ടപ്പെട്ടു പോകാതെ പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുമ്പോള്‍ മാത്രമേ സമന്വയ വിദ്യാഭ്യാസം ലക്ഷ്യത്തിലെത്തുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കടമേരി റഹ്മാനിയ്യ യുഎഇ കമ്മിറ്റി നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരമുള്ള പാഠ്യ പദ്ധതിയും വിദ്യാഭ്യാസ രീതികളുമാണ് ഇന്ന് കേരളത്തില്‍ നിലവിലുള്ളതെന്നും അതിന് തുടക്കം കുറിച്ചത് കടമേരി റഹ്മാനിയ്യ അറബിക് കോളജിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. പി.കെ അബ്ദുല്‍ കരീം, വലിയാണ്ടി അബ്ദുല്ല, കുറ്റീക്കണ്ടി അബൂബക്കര്‍, ഇ.പി.എ ഖാദര്‍ ഫൈസി, കടോളി അഹമ്മദ്, അബ്ദുല്ല റഹ്മാനി വയനാട്, നാസര്‍ റഹ്മാനി തിരുവള്ളൂര്‍, ഹംസ നടുവണ്ണൂര്‍, നാളോങ്കണ്ടി ജലീല്‍ പ്രസംഗിച്ചു.