യുഎഇ സുവര്‍ണ ജൂബിലി: 50 ദിന കാമ്പയിനുമായി ലുലു

12
ഇടത്തു നിന്നും: മുജീബ് റഹ്മാന്‍, ഷാബു അബ്ദുല്‍ മജീദ്, വി. നന്ദകുമാര്‍, സ്റ്റുവര്‍ട്ട് ഡേവിഡ്ജ്

അബുദാബി: യുഎഇ സുവര്‍ണ ജൂബിലിയാഘോഷ ഭാഗമായി 50 ദിവസം നീളുന്ന കാമ്പയിനുമായി ലുലു ഗ്രൂപ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യുഎഇയിലെ 87 ലുലു സ്റ്റോറുകളില്‍ ഡിസംബര്‍ ഒമ്പതു വരെ പരിപാടികള്‍ നടക്കും. 50 ദിവസം 50 ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം ഇളവാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുക. പലവ്യഞ്ജനം, ഫാഷന്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഇതിലുള്‍പ്പെടും. കല്യാണ്‍ ജ്വല്ലേഴ്‌സുമായി ചേര്‍ന്ന് സ്വര്‍ണ സമ്മാന പദ്ധതിയും ഇക്കാലയളവില്‍ നടക്കും. 100 ദിര്‍ഹമിന്റെ ഇടപാടുകള്‍ നടത്തുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 50 ഭാഗ്യശാലികള്‍ക്ക് 50 ഗ്രാം സ്വര്‍ണം വീതം മൊത്തം രണ്ടര കിലോ സ്വര്‍ണം സമ്മാനമായി നല്‍കും. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കാമറ, ഐടി ഉത്പന്നങ്ങള്‍ തുടങ്ങിയവക്ക് ഇളവുകള്‍ ലഭ്യമാക്കി ‘ഡിജി ടെക്’ മേള ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കും. മൊബൈല്‍, ടിവി, ലാപ്‌ടോപ്പുകള്‍ എന്നിവ മാറ്റി വാങ്ങാന്‍ ‘എക്‌സ്‌ചേഞ്ച് ഫെസ്റ്റിവ’ലും പലിശ രഹിത ഇന്‍സ്റ്റാള്‍മെന്റ് പദ്ധതികളും ഇക്കാലയളവിലുണ്ടാകും. ദീപാവലിയുടെ ഭാഗമായി ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങളുടെയും മധുര പലഹാരങ്ങളുടെയും വിപണന മേളയും നടക്കും. ‘ലുലു ദീവാലി ഗിഫ്റ്റ് കാര്‍ഡു’ം പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കുള്ള ദീപാവലി മധുര പലഹാരങ്ങളുടെ കോര്‍പറേറ്റ് ഓര്‍ഡറുകളും ഇത്തവണ സ്വീകരിക്കും.
ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഉത്പന്നങ്ങളുടെ വിപണന മേള ‘സൂപര്‍ ഫ്രൈഡേ’ നവംബര്‍ 23ന് ആരംഭിക്കും. 10 ദിവസം നീളുന്ന മേളയുടെ ഭാഗമായി ഉത്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍ ലഭിക്കും. യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ‘അഭിമാനത്തോടെ യുഎഇയില്‍ നിന്നും’ എന്ന ആശയത്തില്‍ പ്രാദേശിക കാര്‍ഷിക വിളകളുടെ വിപണന മേള നടക്കും. ഓണ്‍ലൈന്‍ ഇടപാടുകള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ലുലു ഷോപ്പിംഗ് ആപ്പ് നവീകരിച്ചിട്ടുണ്ട്. ഉത്പന്നങ്ങള്‍ കേടുപാടുകള്‍ കൂടാതെ ഗുണനിലവാരം ഉറപ്പാക്കി സൂക്ഷിക്കാന്‍ 200 ഊഷ്മാവ് നിയന്ത്രിത വാഹനങ്ങളാണ് ലുലുവിനായി സേവനമനുഷ്ഠിക്കുന്നത്.
യുഎഇയില്‍ തുടക്കം കുറിച്ച് ആഗോള ബ്രാന്‍ഡായ ലുലു ഗ്രൂപ്പിന്റെ ഭാഗമാകുന്നതില്‍ അഭിമാനിക്കുന്നതായി ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. എല്ലാവിധ വ്യവസായാനുകൂല സാഹചര്യങ്ങളും ലഭ്യമാക്കിയ ദീര്‍ഘദര്‍ശികളായ യുഎഇ ഭരണാധികാരികളാണ് തങ്ങളുടെ നേട്ടങ്ങള്‍ക്ക് കാരണം. അതിന് സഹായിച്ച ലക്ഷക്കണക്കിന് ഉപഭോക്താക്കളോടും യുഎഇയുടെ സംരംഭകത്വ മനോഭാവത്തോടുള്ള ആദരം കൂടിയാണ് തങ്ങളുടെ ഈ ആഘോഷങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക ക്ഷേമ പദ്ധതികളുടെ ഭാഗമായി എമിറേറ്റ്‌സ് റെഡ് ക്രെസന്റുമായി സഹകരിച്ച് ‘2 ദിര്‍ഹം നല്‍കൂ, 2 കണ്ണുകള്‍ രക്ഷിക്കൂ’ എന്ന ആശയത്തില്‍ റിവര്‍ ബ്‌ളൈന്‍ഡ്‌നസ് എന്ന നേത്രരോഗം ബാധിച്ച നിര്‍ധനര്‍ക്ക് സഹായം ലഭ്യമാക്കും. യുഎഇയോടുള്ള ജനങ്ങളുടെ സ്‌നേഹം വാക്കുകളിലൂടെ പങ്കുവെക്കാന്‍ ‘വാള്‍ ഓഫ് പ്രൈഡ്’ എന്ന പദ്ധതി നടപ്പാക്കും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരടക്കം അക്ഷരങ്ങളിലൂടെ യുഎഇയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന പദ്ധതിയില്‍ ഏവര്‍ക്കും ഭാഗമാകാനാകുമെന്ന് പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗ്രൂപ് മാര്‍ക്കറ്റിംഗ് കമ്യൂണികേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍, ഓംനി ചാനല്‍ ഓപറേഷന്‍സ് ഹെഡ് സ്റ്റുവര്‍ട്ട് ഡേവിഡ്ജ്, ലുലു റീടെയില്‍ ഓപറേഷന്‍ ഡയറക്ടര്‍ ഷാബു അബ്ദുല്‍ മജീദ്, ബയിംഗ് ഡയറക്ടര്‍ മുജീബ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.