യുഎഇ 50-ാം ദേശീയ ദിനാഘോഷം: വിപുല സ്വാഗതസംഘം രൂപീകരിച്ച് ദുബൈ കെഎംസിസി

40
യുഎഇയുടെ അമ്പതാം ദേശീയ ദിനാഘോഷം ദുബൈ കെഎംസിസി സ്വാഗതസംഘം കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. ഇസ്മായില്‍ അരൂക്കുറ്റി, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഒ.കെ ഇബ്രാഹിം, ഹംസ തൊട്ടി, അഡ്വ. സാജിദ്, ഇബ്രാഹിം മുറിച്ചാണ്ടി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സമീപം

യുഎഇയുടെ സമഭാവന ലോകത്തിന് മാതൃക: മുനവ്വറലി ശിഹാബ് തങ്ങള്‍

ിദുബൈ: ലോകത്തിന്റെ കണ്ണും കാതും കവര്‍ന്ന യുഎഇ പിറവിയുടെ അമ്പതാണ്ട് പിന്നിടുമ്പോള്‍ ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ ഇന്ത്യന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. യുഎഇയുടെ ഗോള്‍ഡന്‍ ജൂബിലി പ്രമാണിച്ച് ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന അമ്പത് വ്യത്യസ്ത പരിപാടികള്‍ക്കുള്ള സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെത്തുന്ന മുഴുവന്‍ ജനവിഭാഗങ്ങളെയും വര്‍ഗ-ജാതി-മത-ഭാഷാ വ്യത്യാസമില്ലാതെ ഒന്നായി കാണുന്ന യുഎഇയുടെ സമഭാവന ലോകത്തിന് മാതൃകയാണ്. ഇന്ത്യന്‍ ജനതയുടെ പ്രത്യേകിച്ചും, കേരളീയ സമൂഹത്തിന്റെ ജീവിതത്തിനും സ്വപ്നങ്ങള്‍ക്കും ചിറകു വിരിച്ച നാടാണ് യുഎഇ. നമ്മുടെ സമ്പദ് വ്യവസ്ഥക്ക് ശക്തി പകരുകയും സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ സ്രോതസ്സായി നിലനില്‍ക്കുകയും ചെയ്ത മറ്റൊരു ദേശം വേറെയില്ല. ജന ലക്ഷങ്ങള്‍ക്ക് പോറ്റമ്മ നാടായ യുഎഇയുടെ സുവര്‍ണ ജൂബിലി വര്‍ഷം നമ്മള്‍ ഹൃദയത്തിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എക്‌സ്‌പോ 2020 വഴി ലോകത്തെ വിസ്മയിപ്പിക്കുകയാണ് യുഎഇ. സാംസ്‌കാരിക-ധൈഷണിക വിസ്മയങ്ങള്‍ക്ക് ഈ രാജ്യം സാക്ഷ്യം വഹിക്കുകയാണ്. ലോകം മുഴുവനും വിരുന്നെത്താന്‍ കൊതിക്കുന്ന നാടാണ് യുഎഇ. ഏറ്റവും സുരക്ഷിതമായി ജീവിക്കാന്‍ പറ്റിയ നഗരമെന്ന് ദുബൈ തെളിയിച്ചിരിക്കുന്നു. ഇവിടത്തെ ഭരണാധികാരികള്‍ ജനങ്ങളുടെ ഹൃദയ നിശ്വാസങ്ങള്‍ മനസ്സിലാക്കുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം. ഗള്‍ഫിലെ ഏറ്റവും വലിയ പ്രവാസ സംഘടന എന്ന നിലയില്‍ കെഎംസിസി ഈ രാജ്യത്തിന്റെ മനം കവര്‍ന്ന പ്രസ്ഥാനമാണെന്നും തങ്ങള്‍ പറഞ്ഞു.
ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈയുടെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ അമ്പതാം ദേശീയ ദിനാഘോഷ വിജയത്തിനായി സംസ്ഥാന-ജില്ലാ-മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടുന്ന വിപുലമായ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നല്‍കി. അമ്പതിന പരിപാടികളുടെ വിജയത്തിനായി നിരവധി സബ് കമ്മിറ്റികള്‍ക്കും സ്വാഗത സംഘം കണ്‍വെന്‍ഷന്‍ രൂപം നല്‍കി.
ഭാരവാഹികളായ പി.കെ ഇസ്മായില്‍, ഹംസ തൊട്ടി, അഡ്വ. സാജിദ്, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, റയീസ് തലശേരി, മുഹമ്മദ് പട്ടാമ്പി, ഹനീഫ് ചെര്‍ക്കള, ആര്‍.ഷുക്കൂര്‍, അശ്‌റഫ് കൊടുങ്ങല്ലൂര്‍, ഒ.മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍, കെ.പി.എ സലാം, മജീദ് മണിയോടന്‍, നിസാം കൊല്ലം പ്രസംഗിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റി സ്വാഗതവും സെക്രട്ടറി ഫറൂഖ് പട്ടിക്കര നന്ദിയും പറഞ്ഞു. വിവിധ ജില്ലാ-മണ്ഡലം ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കടുത്തു.