പ്രപഞ്ചാത്ഭുതങ്ങള്‍ കാണണം, ചിന്തിക്കണം

8

വിസ്മയകരമാണ് അല്ലാഹു സംവിധാനിച്ച പ്രപഞ്ചം. സൃഷ്ടി വൈഭവങ്ങള്‍ വിളിച്ചറിയിക്കുന്ന പ്രപഞ്ചാത്ഭുതങ്ങള്‍ സ്രഷ്ടാവിന്റെ ദൈവാസ്തിക്യത്തിന്റെ നിതാന്ത ദൃഷ്ടാന്തങ്ങളാണ്. പ്രകൃതിയുടെ സൃഷ്ടിപ്പും ഘടനയുമെല്ലാം കാണാനും അറിയാനും അതു വഴി ചിന്തിക്കാനുമാണ് അല്ലാഹു കല്‍പ്പിക്കുന്നത്. ആ ചിന്ത വിശ്വാസിയെ കൂടുതല്‍ കൂടുതല്‍ ഭക്തനാക്കുന്നതാണ്.
ഒരിക്കല്‍ ഒരാള്‍ മഹതി ആയിശ ബീവി(റ)യോട് ചോദിക്കുകയുണ്ടായി: അങ്ങ് തിരുദൂതര്‍ നബി(സ്വ)യില്‍ നിന്ന് അനുഭവിച്ച അതിശയകരമായ ഒരു സംഭവം വിവരിച്ചു തരുമോ? മഹതി പറഞ്ഞു: ഒരു രാത്രിയില്‍ പ്രവാചകന്‍ (സ്വ) എന്നോട് പറയുകയുണ്ടായി: ആയിശാ, ഇന്ന് ഈ രാത്രി നീ എന്നെ എന്റെ നാഥന്‍ അല്ലാഹുവിന് ആരാധനകള്‍ ചെയ്യാന്‍ വിടണം. ഞാന്‍ പറഞ്ഞു: അല്ലാഹുവാണേ സത്യം, തീര്‍ച്ചയായും ഞാന്‍ അങ്ങയുടെ സാമീപ്യം കൊതിക്കുന്നു. എന്നാല്‍, അങ്ങയുടെ സന്തോഷം ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങനെ നബി (സ്വ) അംഗശുദ്ധി വരുത്തി നമസ്‌കരിച്ചു. പ്രാര്‍ത്ഥനാ നിമഗ്‌നനായി കരഞ്ഞു കൊണ്ടിരുന്നു. കണ്ണീരാല്‍ നിലം നനയുക വരെയുണ്ടായി. അങ്ങനെ ബിലാല്‍ (റ) നമസ്‌കാരത്തിന് സമയമായെന്ന് അറിയിക്കാന്‍ വന്നപ്പോള്‍ നബി(സ്വ)യെ കരയുന്നതായി കണ്ടു. ബിലാല്‍ (റ) ചോദിച്ചു: തിരുദൂതരേ, അങ്ങെന്തിനാണ് ഇങ്ങനെ കരയുന്നത്. നിശ്ചയമായും, അല്ലാഹു തങ്ങള്‍ക്ക് സര്‍വ കാലത്തെയും പാപമുക്തി നല്‍കിയതാണല്ലോ! നബി (സ്വ) മൊഴിഞ്ഞു: എനിക്ക് നന്ദിയുള്ള അടിമ ആവേണ്ടയോ?! ഇന്ന് രാത്രി എനിക്കൊരു ഖുര്‍ആനിക സൂക്തം അവതരിക്കുകയുണ്ടായി. അത് പാരായണം ചെയ്ത് ചിന്തിക്കാത്തവര്‍ക്ക് നാശമുണ്ടാകും: ”ആകാശ-ഭൂമികളുടെ സൃഷ്ടിപ്പിലും രാപകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് ധാരാളം അത്ഭുത ദൃഷ്ടാന്തങ്ങളുണ്ട്” (സൂറത്തു ആലു ഇംറാന്‍ 190).
ഏറെ ചിന്തോദ്ദീപകമാണ് പ്രസ്തുത ആയത്ത്. ഭൂമിയും ആകാശവും മറ്റു പ്രകൃതി സംവിധാനങ്ങളും ഉള്‍ക്കൊള്ളിച്ച് അതിഭംഗിയായി പ്രപഞ്ച ഘടനയെ അല്ലാഹു ഒരുക്കിയിരിക്കുകയാണ്. ഇതെല്ലാം പടച്ചവന്റെ ദൃഷ്ടാന്ത വിരുതുകളാണ്. നാം മനുഷ്യര്‍ക്ക് ഏറെ പഠിക്കാനും ചിന്തിക്കാനും വകയുണ്ട്. അല്ലാഹു ഭൂമി തൊട്ടില്‍ കണക്കെ സ്ഥിരവാസ കേന്ദ്രമാക്കുകയും ആകാശത്തെ സുരക്ഷിത തട്ടാക്കുകയും ചെയ്തു. ”അല്ലാഹുവാണ് നിങ്ങള്‍ക്കായി ഭൂമിയെ ആവാസ സ്ഥലവും ആകാശത്തെ മേല്‍ക്കൂരയുമാക്കുകയും മെച്ചപ്പെട്ട ആകാര സൗഷ്ഠവം നല്‍കുകയും വിശിഷ്ട ഭോജ്യങ്ങളില്‍ നിന്ന് ഉപജീവനം നല്‍കുകയും ചെയ്തത്. അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. പ്രപഞ്ച നാഥനായ അല്ലാഹു അനുഗ്രഹ സമ്പൂര്‍ണനത്രേ” (സൂറത്തു ഗാഫിര്‍ 64).
ആകാശ-ഭൂമികള്‍ക്കിടയില്‍ മേഘങ്ങളും കാറ്റും സംവിധാനിച്ച് മഴ പെയ്യിക്കുകയും ചെയ്തു അല്ലാഹു. ”അവന്‍ കാറ്റുകളയക്കുന്നത് മഹാ ദൃഷ്ടാന്തങ്ങളില്‍ പെട്ടതേ്രത. മഴയെ കുറിച്ച്  ശുഭസൂചകമായും തന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങളെ ആസ്വദിപ്പിക്കാനായും തന്റെ ആജ്ഞാനുസൃതം ജലായനങ്ങള്‍ സഞ്ചരിപ്പിക്കാനായും തന്റെ ഔദാര്യത്തില്‍ നിങ്ങള്‍ ഉപജീവന മാര്‍ഗങ്ങള്‍ തേടാനായും നിങ്ങള്‍ കൃതജ്ഞത പ്രകാശിപ്പിക്കുന്നവരാവാനായും” (സൂറത്തു റൂം 46). മഴ വല്ലാത്തൊരു ദൈവാനുഗ്രഹമാണ്. മഴ കണങ്ങളിലൂടെയാണ് ഭൂമി പുഷ്ടിക്കുന്നതും ജീവികള്‍ വളരുന്നതും. ”അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്, ഭൂമി വരള്‍ച്ചക്ക് വിധേയമായി നീ കാണുന്നു, എന്നിട്ട് നാം അതില്‍ പേമാരി വര്‍ഷിച്ചാല്‍ അത് ചലനാത്മകമാവുകയും സസ്യങ്ങള്‍ വളരുകയും ചെയ്യുകയായി” (സൂറത്തു ഫുസ്സ്വിലത്ത് 39). അല്ലാഹു നിയന്ത്രിക്കുന്ന ഈ പ്രപഞ്ച പ്രതിഭാസങ്ങളെല്ലാം ചിന്തിക്കുന്നവര്‍ക്കുള്ള തെളിവുകളാണ്. ”മുഴുകാര്യങ്ങളും ദൃഢീകരിച്ച അല്ലാഹുവിന്റെ പ്രവൃത്തിയത്രേ” അത്(സൂറത്തുന്നംല് 88).
മനുഷ്യനെ അല്ലാഹു ഒരൊറ്റ അടിസ്ഥാന ധാതുവില്‍ നിന്ന് സൃഷ്ടിച്ചതും ഭൂമിയിലെ വിവിധ ഭാഗങ്ങളിലെ വാസികളാക്കിയതുമെല്ലാം ചിന്താക്കാനുള്ള ദൃഷ്ടാന്തങ്ങളാണ്. ”നിങ്ങളെ മണ്ണില്‍ നിന്നാണ് അവന്‍ സൃഷ്ടിച്ചത്. എന്നിട്ട് നിങ്ങളതാ എങ്ങും സഞ്ചരിച്ചെത്തുന്ന മര്‍ത്യ കുലമായിരിക്കുന്നു. അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണിത്” (സൂറത്തു റൂം 20). നബി (സ്വ) പറയുന്നു: നിങ്ങള്‍ ആദമിന്റെ മക്കള്‍, ആദം മണ്ണില്‍ നിന്നാണ് (ഹദീസ് അബൂദാവൂദ് 8116, തുര്‍മുദി 3956). ആദി പിതാവിന്റെ മക്കളായ മനുഷ്യരെ അല്ലാഹു വിത്യസ്ത ഭാഷക്കാരും ദേശക്കാരും ഗോത്രക്കാരുമാക്കി. ”ഭുവന-വാനങ്ങളുടെ സൃഷ്ടിപ്പും നിങ്ങളുടെ ഭാഷാ-വര്‍ണ വൈജാത്യവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്” (സൂറത്തു റൂം 22).
ഈ വൈജാത്യവും വൈവിധ്യവുമെല്ലാം പരസ്പരം മനസ്സിലാക്കാനും തിരിച്ചറിയാനുമാണ്. അല്ലാഹു പറയുന്നു: ”ഹേ മര്‍ത്യ കുലമേ, ഒരാണിലും പെണ്ണിലും നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം മനസ്സിലാക്കുവാന്‍ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി” (സൂറത്തുല്‍ ഹുജറാത്ത് 13). മനുഷ്യര്‍ തമ്മിലുള്ള ഈ പാരസ്പര്യ ബോധമാണ് ബുദ്ധിയെ ഉണര്‍ത്തുന്നതും മാനുഷികതയുടെ ഭാവിക്കും സംസ്‌കാരത്തിനും വഴിയൊരുക്കുന്നതും.