16,367 കൈമുദ്രകള്‍; വീണ്ടും ഗിന്നസ് തിളക്കത്തില്‍ പെയ്‌സ് എജുകേഷന്‍ ഗ്രൂപ്

73
പെയ്‌സ് എജുകേഷന്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി ഗിന്നസ് റെക്കോര്‍ഡ് സ്‌കൂള്‍ ഡയറക്ടര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സാന്നിധ്യത്തില്‍ സ്വീകരിച്ചപ്പോള്‍. പശ്ചാത്തലത്തില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ 64 രാഷ്ട്രങ്ങളില്‍ നിന്നുള്ള 16,367 പേര്‍ കൈമുദ്ര പതിച്ച് നിര്‍മിച്ച യുഎഇ ദേശീയ പതാക
64 രാഷ്ട്രങ്ങളില്‍ നിന്നുള്ള 16,367 പേര്‍ കൈമുദ്ര പതിച്ച് 9 മീറ്റര്‍ വീതിയും 18 മീറ്റര്‍ നീളവുമുള്ള ചതുര്‍ വര്‍ണ യുഎഇ പതാക നിര്‍മിച്ചാണ് പുതിയ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്

ഷാര്‍ജ: യുഎഇയിലെ പ്രശസ്ത വിദ്യാഭ്യാസ സംരംഭകരായ പെയ്‌സ് എജുകേഷന്‍ ഗ്രൂപ്പിന് വീണ്ടുമൊരു ഗിന്നസ് റെക്കോര്‍ഡ് കൂടി. യുഎഇയുടെ അമ്പതാം ദേശീയ ദിനാഘോഷ ഭാഗമായി ദേശീയ പതാകയിലെ ചതുര്‍ വര്‍ണങ്ങള്‍ ക്യാന്‍വാസില്‍ മുദ്രണം ചെയ്ത് പതാക തീര്‍ത്താണ് ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. പെയ്‌സ് എജുകേഷന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ആറു കലാലയങ്ങളിലെ 64 രാഷ്ട്രങ്ങളില്‍ നിന്നുള്ള പതിനാലായിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളാണ് ഗിന്നസ് പരിശ്രമത്തില്‍ പങ്കാളികളായത്.
യുഎഇ ദേശീയ പതാകയിലെ നാല് വര്‍ണങ്ങളുടെയും നിറങ്ങള്‍ ക്യാന്‍വാസില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും മുദ്രണം ചെയ്യുകയായിരുന്നു. ഷാര്‍ജ മുവൈലയിലെ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഗിന്നസ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പെയ്‌സ് ഗ്രൂപ് രണ്ടാമത്തെ ഗിന്നസ് റെക്കോര്‍ഡ് കരവലയത്തിലൊതുക്കിയത്. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശിഫാന മുഈസ്, സീനിയര്‍ അഡ്മിന്‍ മാനേജര്‍ സഫാ അസദ് എന്നിവരുടെ നേതൃത്വത്തിലാണ് പെയ്‌സ് എജുകേഷന്‍ ഗ്രൂപ് മറ്റൊരു ഗിന്നസ് റെക്കോര്‍ഡ് കൂടി നേടിയത്.
നേരത്തെ, 15 രാഷ്ട്രങ്ങളില്‍ നിന്നുള്ള 11,443 വിദ്യാര്‍ത്ഥികളെ അണിനിരത്തി സ്‌പേസ് റോക്കറ്റ് (2019) നിര്‍മിച്ച് പെയ്‌സ് എജൂകേഷന്‍ ഗ്രൂപ് ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു. ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഷാര്‍ജയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം
ഗള്‍ഫ് ഏഷ്യന്‍ ഇംഗ്‌ളീഷ് സ്‌കൂള്‍ ഷാര്‍ജ, ക്രിയേറ്റീവ് ബ്രിട്ടീഷ് സ്‌കൂള്‍ അബുദാബി, പെയ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഷാര്‍ജ, ഡെല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ അജ്മാന്‍, പെയ്‌സ് ബ്രിട്ടീഷ് സ്‌കൂള്‍ ഷാര്‍ജ, പെയ്‌സ് മോഡേണ്‍ ബ്രിട്ടീഷ് സ്‌കൂള്‍ ദുബൈ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കാളികളായി.
ഇമറാത്തിന്റെ പ്രതീകങ്ങളായ ബോട്ട് (4,882 വിദ്യാര്‍ത്ഥികള്‍, 2017), ദെല്ല (5,403 വിദ്യാര്‍ത്ഥികള്‍ അണിനിരന്ന നിശ്ചല ദൃശ്യം 2018), 5,445 വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ട്രാന്‍സ്‌ഫോമിംഗ് ഇമേജ് (2018), ഓണ്‍ലൈനില്‍ ദേശീയ പതാക വീശല്‍ (കോവിഡ് പശ്ചാത്തലത്തില്‍, 2020) എന്നീ ഗിന്നസ് റെക്കോര്‍ഡുകളും പെയ്‌സ് ഗ്രൂപ്പിന് കീഴിലെ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഷാര്‍ജ നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലും ഇന്ത്യയിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ വിചക്ഷണനും പ്രവാസ ലോകത്ത് കഴിഞ്ഞ 55 വര്‍ഷമായി ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വ്യവസായിയുമായ ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലുള്ളതാണ് പെയ്‌സ് എജുകേഷന്‍ ഗ്രൂപ്. വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകളും ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയും വിദ്യാര്‍ത്ഥികളുടെ അഭ്യുന്നതിക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നതില്‍ സജീവ ശ്രദ്ധ പുലര്‍ത്തുന്ന പെയ്‌സ് എജുകേഷന് കീഴിലാണ് ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍.
ഗള്‍ഫ് ഏഷ്യന്‍ ഇംഗ്‌ളീഷ് സ്‌കൂള്‍ ഷാര്‍ജ, ക്രിയേറ്റീവ് ബ്രിട്ടീഷ് സ്‌കൂള്‍ അബുദാബി, പെയ്‌സ്ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഷാര്‍ജ, ഡെല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ അജ്മാന്‍, പെയ്‌സ് ബ്രിട്ടീഷ് സ്‌കൂള്‍ ഷാര്‍ജ, പെയ്‌സ് മോഡേണ്‍ ബ്രിട്ടീഷ് സ്‌കൂള്‍ ദുബൈ തുടങ്ങിയ വിദ്യാലയങ്ങള്‍ പെയ്‌സ് ഗ്രൂപ്പിലുള്‍പ്പെടുന്ന യുഎഇയിലെ സ്ഥാപനങ്ങളാണ്.
ഇന്ത്യയിലും കുവൈത്തിലുമായി സ്‌കൂളുകളും പ്രൊഫഷണല്‍ കോളജുകളും പെയ്‌സ് ഗ്രൂപ്പിന് കീഴിലുണ്ട്.
വിവിധ രാഷ്ട്രങ്ങളിലായി സ്ഥിതി ചെയ്യുന്ന പെയ്‌സ് ഗ്രൂപ് സ്ഥാപനങ്ങളില്‍ 64 രാഷ്ട്രങ്ങളില്‍ നിന്നുള്ള 23,000ത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. അമേരിക്ക, യൂറോപ്, ഏഷ്യ, ആഫ്രിക്ക തുടങ്ങി വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 2,500ലധികം പേര്‍ക്ക് ജോലി നല്‍കാനും പെയ്‌സ് ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.
സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഗിന്നസ് അഡ്ജൂഡികേറ്റര്‍ അഹമ്മദ് ബുച്ചീരിയാണ് ഗിന്നസ് റെക്കോഡ് പ്രഖ്യാപനം നടത്തിയത്.
ലോകത്തിലെ ഏറ്റവും പ്രശസ്തവും ജനകീയവുമായ ഗിന്നസ് നേട്ടത്തിന് വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്നതിലൂടെ കൂട്ടായ പരിശ്രമമുണ്ടെങ്കില്‍ പൊതു ലക്ഷ്യങ്ങള്‍ എളുപ്പം കരഗതമാക്കാമെന്ന വലിയ സദേശം ഭാവിതലമുറക്ക് പകരുകയാണ് പെയ്‌സ് എജുകേഷന്‍ ഗ്രൂപ്. വിശ്വത്തോളം വിശാലമായ ചിന്തയിലേക്കും വലിയ ഉയരങ്ങള്‍ കീഴടക്കല്‍ സാധ്യമാണെന്ന ആത്മവിശ്വാസം പുതുതലമുറയില്‍ പകരാനും ഈ ഗിന്നസ് പരിശ്രമങ്ങള്‍ സഹായകമാകുമെന്ന് പെയ്‌സ് ഗ്രൂപ് പ്രത്യാശിക്കുന്നു.
എല്ലാറ്റിലുമുപരി യുഎഇ ദേശീയ ദിനാഘോഷ പശ്ചാത്തലത്തില്‍ യുഎഇ പതാക വേറിട്ട മാര്‍ഗത്തില്‍ നിര്‍മിച്ച് പ്രവാസി സമൂഹത്തെ നെഞ്ചേറ്റുന്ന ഇമാറാത്തിനോടും അതിന്റെ പ്രതിഭാധനരും വിശാല ഹൃദയരുമായ നേതാക്കളോടുമുള്ള നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തുക കൂടിയാണ് ഈ ഗിന്നസ് നേട്ടത്തിലൂടെ പെയ്‌സ് ഗ്രൂപ് ചെയ്യുന്നത്. ഒമ്പത് മീറ്റര്‍ വീതിയും 18 മീറ്റര്‍ നീളവുമുള്ള ചതുര്‍ വര്‍ണ പതാക യഥാര്‍ത്ഥ അനുപാതത്തില്‍ കൈപ്പത്തി കൊണ്ട് മുദ്രണം ചെയ്താണ് റെക്കോര്‍ഡിട്ടത്.
പെയ്‌സ് ഗ്രൂപ് സീനിയര്‍ ഡയറക്ടര്‍ അസീഫ് മുഹമ്മദ്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സല്‍മാന്‍ ഇബ്രാഹിം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുബൈര്‍ ഇബ്രാഹിം, ഡയറക്ടര്‍മാരായ ലത്തീഫ് ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, ആദില്‍ ഇബ്രാഹിം, ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മജ്ഞു റെജി, പ്രിന്‍സിപ്പല്‍മാരായ നസ്‌റീന്‍ ബാനു (ഗള്‍ഫ് ഏഷ്യന്‍ സ്‌കൂള്‍), മുഹ്‌സിന്‍ കട്ടയാട്ട് (പെയ്‌സ് ഇന്റര്‍നാഷനല്‍), ഡോ. വിശാല്‍ കട്ടാരിയ (ഡെല്‍ഹി പ്രൈവറ്റ് സ്‌കൂള്‍, അജ്മാന്‍), എമ്മാ ഹെന്‍ഡേഴ്‌സണ്‍, ( പെയ്‌സ് ബ്രിട്ടിഷ് സ്‌കൂള്‍ ഷാര്‍ജ), ഗ്രഹാം ഹോവല്‍ ( പെയ്‌സ് മോഡേണ്‍ ബ്രിട്ടിഷ് സ്‌കൂള്‍ ദുബൈ),
സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ സയ്ദ് താഹിര്‍ അലി, ശിഫാനാ മുഈസ്, സീനിയര്‍ അഡ്മിന്‍ മാനേജര്‍ സഫാ ആസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പെയ്‌സ് എജ്യുകേഷന്‍ ഐടി വിഭാഗം മേധാവി റഫീഖ് റഹ്മാന്റെ നേതൃത്വത്തില്‍ മുഷ്താഖ്, റിഷാല്‍, ഷാറൂഖ്, ഫഹദ്, അബ്‌റാര്‍, ദീപക് തുടങ്ങിയവരാണ് ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കാന്‍ ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ തയാറാക്കിയത്. ഫിസികല്‍ എജുകേഷന്‍ തലവന്‍ പ്രേംദാസിന്റെയും കാമ്പസ് ഇന്‍ ചാര്‍ജ് ഫാറൂഖിന്റെയും നേതൃത്വത്തിലുള്ള ടീമാണ് പശ്ചാത്തല സൗകര്യമൊരുക്കിയത്.
പെയ്‌സ് ഗ്രൂപ്പിന്റെ ഈ ഗിന്നസ് റെക്കോര്‍ഡ് ശ്രമത്തില്‍ പങ്കാളികളായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരും അനധ്യാപകരുമായ മുഴുവന്‍ ജീവനക്കാരെയും പെയ്‌സ് ഗ്രൂപ ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി അഭിനന്ദനമറിയിച്ചു.