വഖഫ് ബോര്‍ഡില്‍ സംഘപരിവാറിന് കൈ കടത്താന്‍ വഴിയൊരുക്കുന്നു: നജീബ് കാന്തപുരം എംഎല്‍എ

151
യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി സംഘടിപ്പിച്ച നേതൃസംഗമം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് കൈ കടത്താന്‍ പിണറായി സര്‍ക്കാര്‍ വഴിയൊരുക്കുന്നതായി നജീബ് കാന്തപുരം എംഎല്‍എ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. അതില്‍ കേരളത്തിലേത് ഏറ്റവും മികച്ചതുമാണ്. നാളിന്നു വരെ അതിലെ ഒരു ജീവനക്കാര്‍ക്കെതിരെയും ആരോപണങ്ങള്‍ പോലും ഉണ്ടായിട്ടില്ല. അങ്ങനെയിരിക്കെ,  ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം ദുരൂഹവും ഗൂഢാലോചനയുമാണ്. ഇതില്‍ ഭരണഘടനപരമായ പ്രശ്‌നങ്ങള്‍ ഉണ്ട്. മാത്രമല്ല,  സംഘപരിവാര്‍ ശക്തികള്‍ക്ക് ബോര്‍ഡില്‍ ഇടപെടാനുള്ള അവസരവും ഒരുങ്ങും. പിണറായി സര്‍ക്കാറിന്റെ ഈ രാഷ്ട്രീയത്തെ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി സംഘടിപ്പിച്ച നേതൃസംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു നജീബ് കാന്തപുരം.

ഇപ്പോള്‍ നടക്കുന്ന നീക്കം മുസ്‌ലിം സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ആര്‍എസ്എസ് അജണ്ട നടപ്പാക്കിയതിന്റെ ഭാഗമായാണ് സിപിഎമ്മിന് തുടര്‍ ഭരണം ലഭിക്കുന്നത്. സംഘപരിവാരത്തെ തൃപ്തിപ്പെടുത്താന്‍ വിഭജന രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. പ്രബുദ്ധരായ കേരളീയ സമൂഹം ഈ രാഷ്ട്രീയത്തെ തിരിച്ചറിയുമെന്നും നജീബ് പറഞ്ഞു. അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് നടന്ന സംഗമത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റയീസ് തലശ്ശേരി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദിന് യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉപഹാരം നല്‍കുന്നു

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം എ.പി സബാഹ്, പി കെ അന്‍വര്‍ നഹ, പി.കെ ഇസ്മായില്‍, ഹംസ തൊട്ടി, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, അഡ്വ. സാജിദ്, മുസ്തഫ വേങ്ങര എന്നിവര്‍ പ്രസംഗിച്ചു. ഫൈസല്‍ തുറക്കല്‍ സ്വാഗതവും മുഹമ്മദ് വെട്ടുകാട് നന്ദിയും പറഞ്ഞു. ഹനീഫ് ചെര്‍ക്കള, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, എന്‍.കെ ഇബ്രാഹിം, ഒ.മൊയ്തു, ഖാദര്‍ അരിപ്പാമ്പ്ര, മജീദ് മടക്കിമല, അഡ്വ. ഇബ്രാഹിം ഖലീല്‍, കെ.പി.എ സലാം,  ഇസ്മായില്‍ അരൂക്കുറ്റി, ഹസ്സന്‍ ചാലില്‍, ഫാറൂഖ് പട്ടിക്കര, നിസാം കൊല്ലം, മുനീര്‍ ഐക്കോടിച്ചി, അലി മാസ്റ്റര്‍, മുഈനുദ്ദീന്‍, സി.എച്ച് നൂറുദ്ദീന്‍, ഫൈസല്‍ മുഹ്‌സിന്‍,  സഹീര്‍ കൊണ്ടോട്ടി, ജാസിം തിരുവനന്തപുരം പരിപാടിക്ക് നേതൃത്വം നല്‍കി.

നേതൃസംഗമത്തിലെ മുഖ്യാതിഥി നജീബ് കാന്തപുരം എംഎല്‍എക്കുള്ള ദുബൈ കെഎംസിസി ഉപഹാരം സംസ്ഥാന ട്രഷറര്‍ പി.കെ ഇസ്മായില്‍ കൈമാറുന്നു