ദുബൈ 5 വര്‍ഷ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ ഇഷ്യൂ ചെയ്തു തുടങ്ങി

6

രാജ്യാന്തര കമ്പനികളിലെ ജീവനക്കാര്‍ക്ക് വര്‍ഷമുടനീളം യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ ഇത് സൗകര്യപ്രദം

ജലീല്‍ പട്ടാമ്പി
ദുബൈ: ഇന്റര്‍നാഷനല്‍ കമ്പനികളുടെ ജീവനക്കാര്‍ക്ക് ദുബൈ അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ ഇഷ്യൂ ചെയ്ത് തുടങ്ങിയെന്ന് എമിറേറ്റ് കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പ്രഖ്യാപിച്ചു. മീറ്റിംഗുകള്‍ക്കും സമ്മേളനങ്ങള്‍ക്കും എക്‌സിബിഷനുകള്‍ക്കും പങ്കെടുക്കാന്‍ ദുബൈയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ ജീവനക്കാര്‍ക്ക് സൗകര്യപ്പെടുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
തൊഴിലന്തരീക്ഷം, കാര്യക്ഷമമായ അടിസ്ഥാന സൗകര്യ വികസനം, തീരുമാനങ്ങള്‍ എടുക്കുന്നതിലെ വഴക്കവും വേഗവും എന്നിവയ്ക്കായുള്ള നിയന്ത്രണങ്ങളുടെ തുടര്‍ വികസനത്തില്‍ ജീവിക്കാനും പ്രവര്‍ത്തിക്കാനും ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന നിലയില്‍ ദുബൈ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ദുബൈ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയും സ്ഥാപനങ്ങളെയും വ്യക്തികളെയും വിജയിക്കാനും മികവ് പുലര്‍ത്താനും സഹായിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.