എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ് ഇഫസ്റ്റ് ഗ്‌ളോബലിന് തുടക്കം

53
എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പിന്റെ ഇഫസ്റ്റ് ഗ്‌ളോബല്‍ ഉദ്ഘാടനം ചലച്ചിത്ര നടി തൃഷാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ് എംഡിയും സിഇഒയുമായ ജമാദ് ഉസ്മാന്‍, നടന്‍ ആസിഫ് അലി, ഡോ. എം.കെ മുനീര്‍ എംഎല്‍എ, ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, അഫി അഹ്മദ്, ചാക്കോ ഊളക്കാടന്‍ തുടങ്ങിയവര്‍ സമീപം
ബിസിനസ് ബേയിലെ പുതിയ ഓഫീസ് വിദേശ നിക്ഷേപകര്‍ക്ക് സഹായകം.
യുഎഇയില്‍ ബിസിനസുകളുടെ എണ്ണം 650,000 കവിഞ്ഞു.

ദുബൈ: ദുബൈ ആസ്ഥാനമായ ബിസിനസ് സെറ്റപ്-ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറിയായ എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പിന്റെ ഇഫസ്റ്റ് ഗ്‌ളോബല്‍ ഓഫീസ് ബിസിനസ് ബേയിലെ ഓപസ് ബില്‍ഡിംഗില്‍ ആരംഭിച്ചു. പ്രശസ്ത തെന്നിന്ത്യന്‍ നടി തൃഷാ കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ് എംഡിയും സിഇഒയുമായ ജമാദ് ഉസ്മാന്‍, ഡയറക്ടര്‍മാരായ ഷാഹി നൂര്‍ ഷാ, രാജന്‍, നടന്‍ ആസിഫ് അലി, ഡോ. എം.കെ മുനീര്‍ എംഎല്‍എ, വ്യവസായ പ്രമുഖരായ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, യഹ്‌യ തളങ്കര, എ.എ.കെ മുസ്തഫ, ബി.എ മഹ്മൂദ്, അഫി അഹ്മദ്, പി.എ സുബൈര്‍ ഇബ്രാഹിം, ബഷീര്‍ പാന്‍ ഗള്‍ഫ്, ചാക്കോ ഊളക്കാടന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ആഗോള നിക്ഷേപകരെ ലക്ഷ്യം വെച്ചുള്ളതാണ് പുതിയ ഓഫീസെന്നും പ്രീമിയം ബിസിനസ് സേവനങ്ങളാണ് ഒംനിയാത് ഓപസ് ടവറിലെ ഈ ഓഫീസില്‍ നിന്നും ലഭിക്കുകയെന്നും ജമാദ് ഉസ്മാന്‍ പറഞ്ഞു. ”യുഎഇ അതിവേഗം കോവിഡ് മുക്തി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ധാരാളം നിക്ഷേപകര്‍ ദുബൈയില്‍ എത്തിക്കൊണ്ടിരിക്കുന്നു. എമിറേറ്റ്‌സ് ഫസ്റ്റ് യുഎഇയില്‍ 5,000ത്തിലധികം  വാണിജ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. അഞ്ച് വര്‍ഷത്തിനകം 50 കോടിയുടെ സേവനമാണ് എമിറേറ്റ്‌സ് ഫസ്റ്റ് ഉദ്ദേശിക്കുന്നത്” -ജമാദ് ഉസ്മാന്‍ വ്യക്തമാക്കി.
യുഎഇയില്‍ എമിഗ്രേഷന്‍-ബിസിനസ് മേഖലകളില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായതായിരുന്നു മെയിന്‍ലാന്റ് ബിസിനസില്‍ വിദേശികള്‍ക്ക് സ്‌പോണ്‍സറില്ലാതെയുളള 100 ശതമാനം സ്വന്തം ഉടമസ്ഥാവകാശം. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയും ഈ രംഗത്ത് വലിയ ആത്മവിശ്വാസം കൊണ്ടുവന്നു. കോവിഡ് 19 മഹാമാരിയില്‍ പുറത്തു കടക്കാന്‍ ഭരണകൂടം സ്വീകരിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു തുടങ്ങിയതും വലിയ ഊര്‍ജമാണ് നല്‍കിയത്. യുഎഇയിലെ സജീവ ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 650,000 ആയിരുന്നുവെന്നതും ഈ ദിശയില്‍ എടുത്തു പറയേണ്ട മാറ്റമായിരുന്നുവെന്നും ജമാദ് കൂട്ടിച്ചേര്‍ത്തു. 2020 ജൂണില്‍ യുഎഇയിലെ ആകെ ബിസിനസ് ലൈസന്‍സുകളുടെ എണ്ണം 652,885 എണ്ണമായിരുന്നു. 2020 മേയ് മാസത്തെ അപേക്ഷിച്ച് 4,201 ലൈസന്‍സുകള്‍ വര്‍ധിക്കുകയുണ്ടായെന്നും സാമ്പത്തിക മന്ത്രാലയത്തിന്റെ നാഷണല്‍ എകണോമിക് രജിസ്ട്രിയില്‍ വ്യക്തമാക്കുന്നു. അബുദാബി, ദുബൈ, ഷാര്‍ജ എമിറേറ്റുകളിലെ രജിസ്‌റ്റേര്‍ഡ് ലൈസന്‍സുകളുടെ എണ്ണം ഇക്കാലയളവില്‍ 530,165 ആയിരുന്നു. യുഎഇയിലെ ആകെ ലൈസന്‍സുകളുടെ 81.2 ശതമാനം വരുമിത്. ദുബൈയിലെ ബിസിനസിനെ കുറിച്ച് വിശദമായി പറഞ്ഞാല്‍, 2020 ജൂണ്‍ അവസാനത്തോടെ സജീവ ബിസിനസുകളുടെ എണ്ണം 300,000 ആയിരുന്നു. യുഎഇയിലെ ആകെ ബിസിനസുകളുടെ ഏകദേശം 46 ശതമാനം ആകുമിതെന്നും കണക്കുകളില്‍ വ്യക്തമാക്കുന്നു.
2020 ജൂണില്‍ അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുകള്‍ 145,660 ആയിരുന്നു. ആകെയുള്ളതിന്റെ 22.3 ശതമാനം വരുമിത്. അതേസമയം, ഷാര്‍ജയില്‍ ബിസിനസുകളുടെ എണ്ണം 84,505 ആയിരുന്നു (13 ശതമാനം). ബാക്കി ലൈസന്‍സുകള്‍ ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണുള്ളത്.
ആകെ ഇഷ്യൂ ചെയ്യപ്പെട്ടതില്‍ 41 ശതമാനം ലൈസന്‍സുകള്‍ വ്യാപാരികളുടേതാണ്. ലിമിറ്റഡ് ലയബിലിറ്റി കമ്പനി (എല്‍എല്‍സി) 38 ശതമാനവും ബാക്കി വരുന്നവ നിയമപരമായ മറ്റു കമ്പനികളുമാണ്.
എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പിന് ഇഫസ്റ്റ് ഗ്‌ളോബലിന്റെ രണ്ടു ബ്രാഞ്ചുകള്‍ അടക്കം ആകെ ആറു ശാഖകളുണ്ട്.