ഫാത്തിമത്ത് ഹിബയുടെ ഇംഗ്‌ളീഷ് കവിതാ സമാഹാരം പ്രകാശനം ചെയ്തു

130
ഫാത്തിമത്ത് ഹിബയുടെ 'ഷൈന്‍ വിത് ഹോപ്‌സ ്: ബി എ ഡയമണ്ട്' എന്ന ഇംഗ്‌ളീഷ് കവിതാ സമാഹാരം സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഗള്‍ഫ് സത്യധാര പബ്‌ളിഷര്‍ ഷിയാസ് സുല്‍ത്താന് കോപ്പി നല്‍കി പ്രകാശനം ചെയ്തപ്പോള്‍

ഷാര്‍ജ: മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷാഹുല്‍ ഹമീദ്-ഹസ്‌നത്ത് ദമ്പതികളുടെ ഏക മകള്‍ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഫാത്തിമത്ത് ഹിബ എഴുതിയ ‘ഷൈന്‍ വിത് ഹോപ്‌സ്: ബി എ ഡയമണ്ട്’ എന്ന നൂറോളം ഇംഗ്‌ളീഷ് കവിതകളുടെ സമാഹാരം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ഗള്‍ഫ് സത്യധാര ആഭിമുഖ്യത്തില്‍ സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഗള്‍ഫ് സത്യധാര പബ്‌ളിഷര്‍ ഷിയാസ് സുല്‍ത്താന് കോപ്പി നല്‍കി പ്രകാശനം ചെയ്തു.
എട്ടാം ക്‌ളാസ് മുതല്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇംഗ്‌ളീഷിലും മലയാളത്തിലുമായി ബിയ ഷാഹുല്‍ എന്ന തൂലികാ നാമത്തില്‍ കവിതകളും ലേഖനങ്ങളും എഴുതുന്നുണ്ട് ഈ മിടുക്കി. എഴുത്തിനോടൊപ്പം തന്നെ ഇംഗ്‌ളീഷ്, മലയാളം പ്രസംഗങ്ങള്‍, പല ഭാഷകളിലെ കാവ്യാലാപനങ്ങള്‍, കാലിഗ്രഫി എന്നിവയും കലാ-കായിക മേഖലകളിലെ പങ്കാളിത്തവുമുണ്ട്. സമസ്ത പൊതു പരീക്ഷയില്‍ സഊദി തലത്തില്‍ നാലാം റാങ്കുകാരിയായിരുന്നു.
നോഷന്‍ പ്രസ്സ് വഴി പ്രസാധനം ചെയ്തതാണ് ഈ കവിതകള്‍. ആമസോണിലും നോഷന്‍ പ്രസ്സിന്റെ വെബ്‌സൈറ്റിലും പുസ്തകം ലഭ്യമാണ്.
സ്വന്തം ജീവിത ചുറ്റുപാടുകളില്‍ നിന്നും പ്രകൃതിയില്‍ നിന്നും പാഠമുള്‍ക്കൊള്ളാനും, ഏതൊരു പ്രശ്‌നത്തിലും നെഗറ്റീവ് മാത്രം കാണാതെ പോസിറ്റീവ് കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുത്ത് സന്തോഷം കണ്ടെത്താനും പ്രതീക്ഷ നഷ്ടപ്പെടാതെ ജീവിക്കാനും ഈ സമാഹാരത്തിലെ കവിതകള്‍ സന്ദേശം പകരുന്നു.