ഫുഡ്ബൗള്‍ റെസ്‌റ്റോറന്റ് വെള്ളിയാഴ്ച മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

20
ഫുഡ്ബൗള്‍ റെസ്‌റ്റോറന്റ് പ്രവര്‍ത്തനാരംഭത്തെ കുറിച്ച് ചെയര്‍മാന്‍ യൂനുസ് ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു. കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍, നൗഷാദ്, മുഹമ്മദ് അലി കരയത്ത്, അഷ്‌റഫ് പി.കെ.പി, രാജഗോപാലന്‍, അസീസ് ഹാജി കരയത്ത് സമീപം

ദുബൈ: രുചി മേളങ്ങളുടെ വൈവിധ്യവുമായി ബര്‍ദുബൈ ബാങ്ക് സ്ട്രീറ്റിലെ ഷറഫ് ഡിജി മെട്രോ സ്‌റ്റേഷന് സമീപത്തെ ഫുഡ്ബൗള്‍ റെസ്‌റ്റോറന്റ് നവംബര്‍ 12ന് വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അല്‍ മദീന ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ പൊയില്‍ അബ്ദുല്ല ചടങ്ങില്‍ മുഖ്യാതിഥിയാകും. മുന്‍ എംഎല്‍എ കെ.എം ഷാജി, ഹിറ്റ് എഫ്എം ആര്‍ജെ അര്‍ഫാസ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരാകും.
അറബിക്-കോണ്‍ടിനെന്റല്‍, ചൈനീസ്, നോര്‍ത്ത് ആന്റ് സൗത്ത് ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ ഒരു മള്‍ട്ടി ക്യുസിന്‍ ഡൈന്‍ സംവിധാനത്തിലാണ് ഫുഡ്ബൗള്‍ റെസ്‌റ്റോറന്റ് സജ്ജമാക്കിയിരിക്കുന്നതെന്ന് ചെയര്‍മാന്‍ യൂനുസ് ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിശാലമായ പ്രൈവറ്റ് പാര്‍ട്ടി ഹാള്‍ സൗകര്യവും പാര്‍ക്കിംഗ് സൗകര്യവും മെട്രോ സ്‌റ്റേഷനില്‍ നിന്നും 100 മീറ്റര്‍ മാത്രം ദൂരത്തായതിനാല്‍ വേഗത്തില്‍ നടന്നെത്താമെന്നതും ഫുഡ്ബൗള്‍ റെസ്‌റ്റോറന്റിന്റെ പ്രത്യേകതയാണ്. അടുത്ത വര്‍ഷം അബുദാബിയിലും ദുബൈയിലുമായി ഓരോ റെസ്‌റ്റോറന്റുകള്‍ കൂടി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫുഡ്ബൗള്‍ മാനേജ്‌മെന്റ് തീരുമാനിച്ചതായി ഡയറക്ടര്‍മാരായ അഷ്‌റഫ് പി.കെ.പിയും മുഹമ്മദ് അലി കരയത്തും അറിയിച്ചു. പാര്‍ട്ടി ഹാള്‍ ആവശ്യമുള്ളവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടെന്ന് മാനേജര്‍ നൗഷാദ് പറഞ്ഞു.
റെസ്‌റ്റോറന്റിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ അറബിക്, ഗ്രില്‍ ഭക്ഷണ വിഭവങ്ങളും മുകള്‍ ഭാഗത്ത് സൗത്ത്-നോര്‍ത്തിന്ത്യന്‍, ചൈനീസ് വിഭവങ്ങളുമാണുണ്ടാവുക. ഇലയില്‍ വിളമ്പുന്ന ഉച്ചയൂണിന് 10 ദിര്‍ഹമും ചിക്കന്‍ ബിരിയാണിക്ക് 12 ദിര്‍ഹമുമാണ് നിരക്ക്. പരിചയ സമ്പന്നരായ ഷെഫുമാരാണ് ഭക്ഷണ ഇനങ്ങള്‍ തയാറാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തുന്നതാണ്. സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ അസ്സല്‍ ചേരുവകളില്‍ മികച്ച ഭക്ഷണ വിഭവങ്ങള്‍ നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് അസീസ് ഹാജി കരയത്ത് പറഞ്ഞു. ജനറല്‍ മാനേജര്‍ രാജഗോപാലന്‍, കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.