നബി(സ്വ)യുടെ സത്യസന്ധത

10

ഹിറാ ഗുഹയില്‍ നബി (സ്വ) തങ്ങള്‍ക്ക് ദിവ്യബോധനമുണ്ടായ നേരം. പിടയുന്ന മനസ്സുമായി നബി (സ്വ) നേരെ ചെന്നത് പ്രിയതമ ഖദീജ ബീവി(റ)യുടെ അടുക്കലേക്കാണ്. ‘ശരിക്കും ഭയപ്പെട്ടു’വെന്ന് നബി (സ്വ) പറയുന്നുണ്ടായിരുന്നു. സഹധര്‍മിണി ധൈര്യം പകര്‍ന്നു കൊണ്ട് പറഞ്ഞു: അങ്ങ് വ്യാകുലപ്പെടേണ്ടതില്ല, സന്തോഷിക്കുക. അല്ലാഹു ഒരിക്കലും അങ്ങയെ തരം താഴ്ത്തുകയില്ല, തീര്‍ച്ച. കാരണം, അങ്ങ് സത്യം പറയുന്ന, കുടുംബ ബന്ധം പുലര്‍ത്തുന്നവരാണ്. (ഹദീസ് ബുഖാരി, മുസ്‌ലിം). സത്യസന്ധതയാണ് പ്രിയതമനില്‍ (സ്വ) നിന്ന് ഖദീജ ബീവി(റ)യെ സ്വാധീനിച്ച പ്രധാന സ്വഭാവ വിശേഷണം. കാരണം, ഏവരെക്കാളും നബി(സ്വ)യുടെ വ്യക്തി കാര്യങ്ങളും ജീവിതാവസ്ഥകളും അടുത്തറിയുന്നവരാണല്ലോ മഹതി.
എങ്ങനെ അറിയാതിരിക്കും! സമൂഹത്തില്‍ സത്യസന്ധനും വിശ്വസ്തനുമെന്ന് (സ്വാദിഖുല്‍ അമീന്‍) നിരുപാധികം അറിയപ്പെട്ടവരായിരുന്നു നബി (സ്വ). ജനതയെ പ്രവാചകത്വ ലബ്ധി അറിയിക്കാനായി ഒരുമിച്ചുകൂട്ടി നബി (സ്വ) അവരോട് ചോദിക്കുകയുണ്ടായി: ഈ താഴ്‌വരക്കപ്പുറത്ത് നിന്ന് ഒരു കുതിരപ്പട നിങ്ങളെ ആക്രമിക്കാനായി വരുന്നുവെന്ന വിവരം ഞാന്‍ അറിയിക്കുകയാണെങ്കില്‍ എന്നെ വിശ്വസിക്കുമോ? അവര്‍ ഒന്നടങ്കം പറഞ്ഞു: അതേ, വിശ്വസിക്കും. ഞങ്ങള്‍ അങ്ങയില്‍ നിന്ന് സത്യം മാത്രമേ അനുഭവിച്ചിട്ടുള്ളൂ (ഹദീസ് ബുഖാരി 477).
റോം രാജാവ് ഹിര്‍ക്കലിന് പ്രവാചകരുടെ സത്യസന്ധത ബോധ്യപ്പെടുന്നത് ചരിത്രത്തില്‍ കാണാം. നബി(സ്വ)യില്‍ നിന്നെത്തിയ സത്യസന്ദേശത്തിന്റെ ആധികരികത ഉറപ്പുവരുത്താനായി ഹിര്‍ക്കല്‍ അബൂ സുഫ്‌യാനോടും സംഘത്തോടും ചോദിക്കുകയായിരുന്നു: അദ്ദേഹം എപ്പോഴെങ്കിലും കളവ് പറഞ്ഞതായി നിങ്ങള്‍ക്ക് ആരോപിക്കാനാകുമോ? അബൂ സുഫ്‌യാന്‍ പറഞ്ഞു: ഇല്ല. അപ്പോള്‍ ഹിര്‍ക്കല്‍ പറഞ്ഞു: എന്നാല്‍, ഇപ്പോള്‍ എനിക്കറിയാം. എന്തെന്നാല്‍, ജനങ്ങളുടെ കാര്യത്തില്‍ കളവ് പറയാത്തയാള്‍ ദൈവ കാര്യത്തില്‍ ഏത് വിധേയനയും കളവ് പറയുകയില്ല (ഹദീസ് ബുഖാരി, മുസ്‌ലിം).
സന്തത സഹചാരികളായ സ്വഹാബികള്‍ പ്രവാചകരുടെ (സ്വ) സത്യസന്ധതാ വിശേഷം സാക്ഷ്യപ്പെടുത്തുന്നുണ്ട്. നബി (സ്വ) ഒരൊറ്റ രാത്രിയില്‍ മസ്ജിദുല്‍ അഖ്‌സാ ആകാശ യാത്ര നടത്തിയ ഇസ്‌റാഅ് മിഅ്‌റാജ് സംഭവത്തിന്റെ കാര്യം അബൂബക്കര്‍ സിദ്ദീഖ് (റ) അറിഞ്ഞപ്പോള്‍ അവിശ്വസിക്കുകയല്ല ചെയ്തത്. പൂര്‍ണാര്‍ത്ഥത്തില്‍ വിശ്വസിക്കുകയായിരുന്നു. എന്നിട്ട് പറഞ്ഞു: പ്രവാചകര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അക്കാര്യം സത്യം മാത്രമാണ്. നബി(സ്വ)യുടെ ആകാശ സഞ്ചാരം ഏത് സമയത്തും വാസ്തവമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു (ഹദീസ് മുസ്തദ്‌റക് 4407). അനുചരന്മാര്‍ നബി(സ്വ)യുടെ വാക്കുകള്‍ ഉദ്ധരിക്കുമ്പോള്‍ ”സത്യസന്ധരും സത്യമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന പ്രവാചകര്‍” (സ്വാദിഖുല്‍ മസ്വ്ദൂഖ്) വിവരിച്ചു എന്നാണ് അധികവും പ്രയോഗിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്‌ലിം).
മുഹമ്മദ് നബി(സ്വ)യുടെ സത്യസന്ധതക്കും പ്രവാചകത്വത്തിനുമുള്ള ഏറ്റവും വലിയ തെളിവ് ദൈവ വചനങ്ങളായ പരിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. പ്രവാചകരുടെയും പ്രവാചക സന്ദേശങ്ങളുടെയും സത്യസന്ധത ബോധ്യപ്പെടാന്‍ ബുദ്ധിയുള്ള ഏതൊരാള്‍ക്കും ഖുര്‍ആന്‍ തന്നെ മതി. അല്ലാഹു പറയുന്നുണ്ട്: ”ഓതിക്കേള്‍പ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ താങ്കള്‍ക്ക് അവതീര്‍ണമായിരിക്കുന്നു എന്നത് തന്നെ ദൃഷ്ടാന്തമായി പര്യാപ്തമല്ലേ അവര്‍ക്ക്? സത്യവിശ്വാസം കൈക്കൊള്ളുന്ന ജനത്തിന് അതില്‍ അനുഗ്രഹവും ഉദ്‌ബോധനവുമുണ്ട് (സൂറത്തുല്‍ അന്‍കബൂത്ത് 51). ആ ഖുര്‍ആന്‍ തലമുറകളിലൂടെ അന്ത്യനാള്‍ വരെ പ്രവാചകരുടെ (സ്വ) സത്യവും സത്യസന്ധതയും ഉറക്കെ വിളംബരം ചെയ്തു കൊണ്ടിരിക്കും.