കാരുണ്യ പ്രവര്‍ത്തകന്‍ എം.എം നാസര്‍ അന്തരിച്ചു

34

കാഞ്ഞങ്ങാട്/അബുദാബി: നാട്ടിലും ഗള്‍ഫ് നാടുകളിലും സാമൂഹിക-സാംസ്‌കാരിക-കലാ-കായിക-ജീവകാരുണ്യ രംഗങ്ങളില്‍ നിറഞ്ഞുനിന്ന യുവ വ്യവസായി എം.എം നാസര്‍ (47) വിട വാങ്ങി. ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട് അജാനൂരിലെ വസതിയിലായിരുന്നു അന്ത്യം. ഗള്‍ഫ് നാടുകളില്‍ പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന നാസര്‍ ആ വ്യക്തികളുടെ ആശ്രിതരുടെ കണ്ണീരൊപ്പിയ വ്യക്തി കൂടിയായിരുന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക പ്രതിനിധി കൂടിയായിരുന്നു.
അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ കള്‍ചറല്‍-റിലീഫ് സെക്രട്ടറി, അബുദാബി കെഎംസിസി പബ്‌ളിക് റിലേഷന്‍സ് കണ്‍വീനര്‍, എഡിഎംഎസ് ട്രഷറര്‍, അബുദാബി-കാസര്‍കോട് ജില്ലാ കെഎംസിസി വൈസ് പ്രസിഡണ്ട്, കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രസിഡണ്ട്, അജാനൂര്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, അബുദാബി സുന്നി സെന്റര്‍ പ്രവര്‍ത്തക സമിതിയംഗം, അജാനൂര്‍ കടപ്പുറം യുപി സ്‌കൂള്‍ വികസന സമിതി ട്രഷറര്‍, കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന യുഎഇ കമ്മിറ്റി പ്രസിഡണ്ട്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെയും കാഞ്ഞങ്ങാട് സിഎച്ച് സെന്ററിന്റെയും പ്രവര്‍ത്തക സമിതിയംഗം, അജാനൂര്‍ കടപ്പുറം റഹ്മാനിയ മുസ്‌ലിം ജുമാ മസ്ജിദ് യുഎഇ കമ്മിറ്റി പ്രസിഡണ്ട് ഉള്‍പ്പെടെ ചെറുതും വലുതുമായ അനേകം സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ചറല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം എന്നിവയുടെ സജീവ സാന്നിധ്യമായിരുന്നു.
അള്‍സര്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്ന് മാസം മുന്‍പ് ചികിത്സക്കായാണ് നാസര്‍ നാട്ടിലെത്തിയത്. ഇതിനിടെ രോഗം മൂര്‍ഛിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല.
അജാനൂരിലെ എം.എം മൊയ്തീന്‍ കുഞ്ഞിയുടെയും ഫാത്തിമയുടെയും മകനാണ്. കോട്ടിക്കുളം സ്വദേശിനി ആയിഷത്ത് ഷാഹിനയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഫാത്തിമത്ത് നഷ, നാഷിഹ്, മുഹമ്മദ് നസീഹ്, നസ്‌റ ഫാത്തിമ മക്കളാണ്.
മുഹമ്മദ് കുഞ്ഞി, ഖാദര്‍ (ഉമ്മുല്‍ഖുവൈന്‍) ഷംസു, ഹാരിസ് (ഇരുവരും അബുദാബി), റഹ്മത്ത് ബീവി, ഹസീന  സഹോദരങ്ങളാണ്. മയ്യിത്ത് അജാനൂര്‍ കടപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്താനില്‍ മറവ് ചെയ്തു.