ഐസിഎഐ അബുദാബി ചാപ്റ്റര്‍ അന്താരാഷ്ട്ര സെമിനാര്‍ 25നും 26നും

16
ഐസിഎഐ അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറിനെ കുറിച്ച്  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു  

അബുദാബി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാര്‍ ഈ മാസം 25, 26 തീയതികളില്‍ അബുദാബിയില്‍ നടക്കും.
33-ാം വാര്‍ഷികാഘോഷ ഭാഗമായാണ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അബുദബി ബാബ് അല്‍ ബഹര്‍ ഫെയര്‍മൗണ്ട് ഹോട്ടലില്‍ നടക്കുന്ന പരിപാടികളില്‍ ഇന്ത്യയിലെയും യുഎഇയിലെയും ബിസിനസ്സ്, കായിക, സിനിമാ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും .
‘ബില്‍ഡിംഗ് റെസിലിയന്‍സ് -എമര്‍ജിംഗ് സ്‌ട്രോംഗര്‍’  എന്ന സന്ദേശം ആസ്പദമാക്കിയാണ് രണ്ട് ദിനങ്ങളിലായി സെമിനാര്‍ സംഘടിപ്പിക്കുന്നത്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നുള്ള അതിജീവനത്തിന്റെയും പുതിയ സാധ്യതകളുടെയും കണ്ടെത്തലാണ് സെമിനാറിിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐസിഎഐ ചെയര്‍മാന്‍ സിഎ നീരജ് റിട്ടോലിയ വ്യക്തമാക്കി.
സാങ്കേതികവും പ്രചോദനാത്മകവുമായ സെഷനുകള്‍ക്ക് പുറമെ സംഗീത സംഗമവും രണ്ട് ദിവസത്തെ പരിപാടിയെ വേറിട്ടതാക്കുമെന്ന് ജനറല്‍ സെക്രട്ടറി എന്‍.വി കൃഷ്ണന്‍ പറഞ്ഞു. എച്ച്ഡിഎഫ്‌സി സിഇഒയും വൈസ് ചെയര്‍മാനുമായ കെക്കി മിസ്ത്രി, ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവ് ഭവിന പട്ടേല്‍, ചലച്ചിത്ര സംവിധായകന്‍ ശേഖര്‍ കപൂര്‍, മണപ്പുറം ഫിനാന്‍സ് സിഇഒയും എംഡിയുമായ വി.പി നന്ദകുമാര്‍ ഉള്‍പ്പെടെ 18 പേര്‍ ചടങ്ങില്‍ സംസാരിക്കും.
200 അതിഥികള്‍ ഉള്‍പ്പെടെ 1,500 പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരെയും നേതാക്കളെയും സെമിനാറില്‍ ഒരു കുടക്കീഴില്‍ അണിനിരത്തുമെന്ന് വൈസ് ചെയര്‍മാന്‍ സിഎ ജോണ്‍ ജോര്‍ജ് പറഞ്ഞു. വിവിധ സ്‌കൂളുകളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ സെമിനാറിന്റെ ഭാഗമാകും. മുഹമ്മദ് ഷഫീക്, ഷഫീഖ് നീലയില്‍, പ്രിയങ്ക ബിര്‍ള, അജയ് സിംഗ്‌വി, രാജീവ് ദത്താര്‍, രമേഷ് ദവെ, മോനിഷ് മോഹന്‍, ആനന്ദ് ഗുപ്ത, രോഹിത് ദൈമ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.