ഷാര്‍ജയില്‍ ഇന്ത്യന്‍ ലൂബ്രിക്കേഷന്‍ കമ്പനി പ്‌ളാന്റ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉദ്ഘാടനം ചെയ്തു

36
ഷാര്‍ജ ഹംരിയ്യ ഫ്രീ സോണില്‍ ട്രിനിറ്റി ലൂബ്‌സ് ആന്‍ഡ് ഗ്രീസ് പ്‌ളാന്റ് ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി സംസാരിക്കുന്നു. സിദ്ധാര്‍ത്ഥ് ഗ്രീസ് ആന്‍ഡ് ലൂബ്‌സ് ചെയര്‍മാന്‍ സുധീര്‍ സച്ച്‌ദേവ, ഒഎന്‍ജിസി ചെയര്‍മാന്‍ സുഭാഷ് കുമാര്‍ തുടങ്ങിയവര്‍ സമീപം

എണ്ണവില നിയന്ത്രണത്തിന് ക്രൂഡ് ഓയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഉല്‍പാദക രാജ്യങ്ങള്‍ മുന്നോട്ട് വരണം -ഒഎന്‍ജിസി ചെയര്‍മാന്‍
ഷാര്‍ജ: ലൂബ്രികേഷന്‍ ഉല്‍പാദന രംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ സിദ്ധാര്‍ത്ഥ് ഗ്രീസ് ആന്‍ഡ് ലൂബ്‌സ് ഷാര്‍ജയില്‍ പ്‌ളാന്റ് തുറന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പ്‌ളാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഷാര്‍ജ ഹംരിയ്യ ഫ്രീ സോണിലാണ് ഗള്‍ഫിലെ ഏറ്റവും അത്യാധുനിക സൗകര്യമുള്ള ലൂബ്രികന്റ്, ഗ്രീസ് ഉല്‍പാദന പ്‌ളാന്റ് തുറന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക് ഉല്‍പാദനമാണ് പ്‌ളാന്റിന്റെ പ്രത്യേകത. സിദ്ധാര്‍ത്ഥ് ഗ്രീസ് ആന്‍ഡ് ലൂബ്‌സിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള ട്രിനിറ്റി ലൂബ്‌സ് ആന്‍ഡ് ഗ്രീസിന്റെ പേരിലാണ് പ്‌ളാന്റ് പ്രവര്‍ത്തിക്കുക. 40 രാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റിയയക്കുന്ന കമ്പനിയുടെ അന്താരാഷ്ട്ര തലത്തിലെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാനാണ് പ്‌ളാന്റ് ലക്ഷ്യമിടുന്നത്. ഷാര്‍ജ ഹംരിയ്യയിലെ സാന്നിധ്യം ഇതിന് സഹായകമാകുമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
എണ്ണ മേഖലയിലെ ഇന്ത്യാ-യുഎഇ ബന്ധത്തിന്റെ കരുത്ത് കൂടിയാണ് പുതിയ പ്‌ളാന്റ് എന്ന ലക്ഷ്യം സാക്ഷാത്കരിച്ചതെന്ന് ചെയര്‍മാന്‍ സുധീര്‍ സച്ച്‌ദേവ പറഞ്ഞു.
ഹംരിയ ഫ്രീസോണ്‍ ഡയറക്ടര്‍ സഊദ് സാലിം അല്‍ മസ്ഊല്‍, ഇന്ത്യയില്‍ നിന്ന് ഒഎന്‍ജിസി ചെയര്‍മാന്‍ സുഭാഷ് കുമാര്‍, പെട്രോളിയം വകുപ്പ് അഡീഷണല്‍ സെക്രട്ടറി അമര്‍നാഥ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്രതിനിധികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, കമ്പനിയുടെ അന്താരാഷ്ട്ര വിഭാഗം ഡയറക്ടര്‍ ഇഷ ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് നിയന്ത്രിക്കാന്‍ ക്രൂഡ് ഓയിലിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് എണ്ണ പ്രകൃതി വാതക കോര്‍പറേഷന്‍ ചെയര്‍മാന്‍ സുഭാഷ് കുമാര്‍ പറഞ്ഞു. ഷാര്‍ജയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഉല്‍പാദക രാജ്യങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പാദക രാജ്യങ്ങളോട് നേരത്തെ ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.