എം.എ യൂസഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി

3
ഇന്തോനേഷ്യയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഉന്നത ബഹുമതികളിലൊന്നായ 'പ്രിമ ദുത്ത' പുരസ്‌കാരം ഇന്തോനേഷ്യന്‍ പ്രസിഡണ്ട് ജോക്കോ വിഡോഡോ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് നല്‍കുന്നു

അബുദാബി: ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ ‘പ്രിമ ദുത്ത’ പുരസ്‌കാരം നല്‍കി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ-വ്യവസായ മേഖലകള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
അബുദാബി എമിറേറ്റ്‌സ് പാലസില്‍ നടന്ന പ്രൗഢ ഗംഭീര ചടങ്ങിലായിരുന്നു ഇന്ത്യോനേഷ്യന്‍ പ്രസിഡണ്ട് ജോക്കോ വിഡോഡോ സര്‍ക്കാറിന്റെ ഉന്നത ബഹുമതി യൂസഫലിക്ക് നല്‍കി ആദരിച്ചത്. ഇന്തോനേഷ്യന്‍ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി, ഇന്തോനേഷ്യയിലെ യുഎഇ സ്ഥാനപതി അബ്ദുള്ള അല്‍ ദാഹിരി, യുഎഇയിലെ ഇന്തോനേഷ്യന്‍ സ്ഥാനപതി ഹുസ്സൈന്‍ ബാഗിസ് എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലുലു ഗ്രൂപ് ചീഫ് ഓപറേഷന്‍സ് ഓഫീസര്‍ വി.ഐ സലീം, ലുലു ഇന്തോനേഷ്യ ഡയറക്ടര്‍ പി.എ നിഷാദ്, റീജ്യണല്‍ ഡയറക്ടര്‍ ഷാജി ഇബ്രാഹിം എന്നിവരും സന്നിഹിതരായിരുന്നു.
ഇന്തോനേഷ്യയില്‍ നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യ ഇതര ഉല്‍പന്നങ്ങള്‍ കൂടുതലായി കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കൂടുതല്‍ ഉണര്‍വ് പകരുകയും പൗരന്മാര്‍ക്ക് വലിയ അളവില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തതിനാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ യൂസഫലിയെ പുരസ്‌കാരം നല്‍കി ആദരിച്ചത്.
ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും ഇതിന് ഇന്തോനേഷ്യന്‍ പ്രസിഡണ്ടിനും സര്‍ക്കാറിനും നന്ദി പറയുന്നുവെന്നും ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. രാജ്യത്തെ വാണിജ്യ മേഖലയില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ ഈ അംഗീകാരം പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നിലവിലുള്ള അഞ്ച് ഹൈപര്‍ മാര്‍ക്കറ്റുകള്‍ കൂടാതെ, അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എഡിക്യുവുമായി ചേര്‍ന്ന് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബാലിയില്‍ ഉള്‍പ്പെടെ 30 ഹൈപര്‍ മാര്‍ക്കറ്റുകള്‍ കൂടി തുടങ്ങാനും ഇകൊമേഴ്‌സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ധാരണയായി. ലുലു ഗ്രൂപ്പിന്റെ ഇന്തോനേഷ്യയിലെ പ്രവര്‍ത്തനങ്ങളില്‍ പ്രസിഡണ്ട് ജോക്കോ വിഡോഡോ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചതായും യൂസഫലി കൂട്ടിച്ചേര്‍ത്തു.
ഇന്തോനേഷ്യയിലെ വാണിജ്യ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ലുലു ഗ്രൂപ്പിന്റേത്. 3,000 കോടി (500 മില്യന്‍ ഡോളര്‍) രൂപയാണ് ഇന്തോനേഷ്യയില്‍ ലുലുവിനുള്ള നിക്ഷേപം. 350 കോടി രൂപ മുതല്‍ മുടക്കില്‍ ആധുനിക രീതിയിലുള്ള ഭക്ഷ്യ സംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.
2016ല്‍ ലുലുവിന്റെ ആദ്യ ഹൈപര്‍ മാര്‍ക്കറ്റ് പ്രസിഡണ്ട് ജോക്കോ വിഡോഡോയായിരുന്നു ഉദ്ഘാടനം ചെയ്തത്.
ഇറ്റലിയില്‍ നടന്ന ജി20 ഉച്ചകോടി, സ്‌കോട്‌ലാന്‍ഡിലെ ഗ്‌ളാസ്‌ഗോയില്‍ നടന്ന ലോക നേതാക്കളുടെ ആഗോള കാലാവസ്ഥാ ഉച്ചകോടി എന്നിവയില്‍ പങ്കെടുത്ത ശേഷമാണ് ഇന്തോനേഷ്യന്‍ പ്രസിഡണ്ട് ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയത്.