ഇസ്തിഗ്ഫാര്‍: പാപമോചന തേട്ടം

16
നബി (സ്വ) പറയുന്നു: അല്ലാഹു പറയുന്നുണ്ട്, ആദം സന്തതിയേ, നിന്റെ ദോഷങ്ങള്‍ ആകാശം മുട്ടെ അധികമായിരിക്കെ നീ എന്നോട് പാപമോചനം തേടിയാല്‍ ഞാന്‍ നിനക്ക് പൊറുത്തു തരും, ആധിക്യം വിഷമാക്കില്ല (ഹദീസ് തുര്‍മുദി 3540). ഖുദ്‌സിയായ ഹദീസിലൂടെ അല്ലാഹു പറയുന്നു: എന്റെ അടിമകളേ, നിങ്ങള്‍ രാത്രിയും പകലും പാപങ്ങള്‍ ചെയ്യുന്നുണ്ട്. ഞാന്‍ ദോഷങ്ങളെല്ലാം പൊറുത്തു മാപ്പാക്കി തരുന്നതായിരിക്കും. അതിനായി നിങ്ങള്‍ എന്നോട് പാപമോചനം തേടണം. അങ്ങനെ ഞാന്‍ നിങ്ങള്‍ക്ക് പാപമുക്തി നല്‍കും (ഹദീസ് മുസ്‌ലിം 55).
ഇസ്തിഗ്ഫാര്‍ എന്നാല്‍ ദോഷങ്ങള്‍ കാരണം ശിക്ഷിക്കാതെ അവ മായ്ച്ചു കളയാന്‍ മനുഷ്യന്‍ അല്ലാഹുവിനോട് നടത്തുന്ന അഭ്യര്‍ത്ഥനയാണ്. ഇസ്തിഗ്ഫാര്‍ നടത്താന്‍ അല്ലാഹു ഖുര്‍ആനിലൂടെ നിരവധി സ്ഥലങ്ങളില്‍ നിര്‍ദേശിക്കുന്നതായി കാണാം. ഉദാഹരണത്തിന്, ”നബിയേ പറയുക, നാഥാ, എനിക്ക് പൊറുത്തു തരികയും കരുണ ചൊരിയുകയും ചെയ്താലും, കാരുണ്യവാന്മാരില്‍ ഏറ്റം ഉല്‍കൃഷ്ടനാണല്ലോ നീ” (സൂറത്തുല്‍ മുഅ്മിനൂന്‍ 118).
പാപ സുരക്ഷിതരായ നബിമാര്‍ അല്ലാഹുവിലേക്ക് അടുത്തത് ഇസ്തിഗ്ഫാറിലൂടെയാണ്. മൂസാ നബി (അ) ഇസ്തിഗ്ഫാര്‍ നടത്തിയത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: ഞങ്ങള്‍ക്ക് നീ പൊറുത്തു തരികയും കരുണ വര്‍ഷിക്കുകയും ചെയ്യേണമേ. കരുണ ചെയ്യുന്നവരില്‍ ഉത്തമനാണ് നീ (സൂറത്തുല്‍ അഅ്‌റാഫ് 151). മുഹമ്മദ് നബി (സ്വ) പറയുന്നത് അല്ലാഹു ഉദ്ധരിക്കുന്നുണ്ട്: നിങ്ങള്‍ നാഥനോട് പശ്ചാത്തപിക്കുകയും അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക. എങ്കില്‍ ഒരു നിശ്ചിത അവധി വരെ നിങ്ങള്‍ക്ക് അവന്‍ ഉത്തമ  ജീവിതം നല്‍കും. ഉദാത്ത പദവിയുള്ളവര്‍ക്കെല്ലാം പരലോകത്ത് അവന്റെ ഔദാര്യം കനിഞ്ഞേകുന്നതുമാണ് (സൂറത്തു ഹൂദ് 3).
ഇസ്തിഗ്ഫാര്‍ ഒരു ആരാധനാ കര്‍മമാണ്. അത് കാരണം അല്ലാഹു അനുഗ്രഹങ്ങള്‍ ചൊരിയുന്നതാണ്. സൂറത്തുന്നംല് 46-ാം സൂക്തത്തിലൂടെ അല്ലാഹു ചോദിക്കുന്നുണ്ട്: അല്ലാഹുവിനോട് നിങ്ങള്‍ പാപമോചനം അര്‍ത്ഥിക്കാത്തതെന്ത്? എങ്കില്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയപ്പെട്ടേക്കാമല്ലോ! ഇസ്തിഗ്ഫാര്‍ ചെയ്യുന്നവര്‍ക്ക് അല്ലാഹു ഭക്ഷണ വിശാലതയും ആയുര്‍ ദൈര്‍ഘ്യവുമടക്കം സൗഖ്യ ഉപജീവനം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ്. നൂഹ് നബി (അ) ജനതയെ ഉദ്‌ബോധിപ്പിച്ചത് ഇങ്ങനെ: നിങ്ങള്‍ നാഥനോട് മാപ്പിന് അപേക്ഷിക്ക. നിശ്ചയം, ധാരാളമായി പാപങ്ങള്‍ പൊറുക്കുന്നവനാണവന്‍. എങ്കില്‍ നിങ്ങള്‍ക്കവന്‍ പേമാരി വര്‍ഷിക്കുകയും സമ്പത്തും സന്താനങ്ങളും കൊണ്ട് അനുഗ്രഹിക്കുകയും ആരാമങ്ങളും അരുവികളും സംവിധാനിച്ചു തരികയും ചെയ്യുന്നതാണ് (സൂറത്തു നൂഹ് 10,11, 12).
പാപമോചന തേട്ടം രാത്രിയും പകലും ഏത് സമയത്തും പുണ്യമാണ്. എന്നാല്‍, പുലര്‍ച്ച സമയമാണ് അഭികാമ്യം. പുണ്യവാന്മാരായ സജ്ജനങ്ങളെ ”രാത്രിയുടെ അന്തിമ യാമങ്ങളില്‍ പാപമോചനമര്‍ത്ഥിക്കുന്നവര്‍” എന്നാണ് അല്ലാഹു സ്തുതിച്ചു പറഞ്ഞിരിക്കുന്നത്.  (സൂറത്തുദ്ദാരിയാത്ത് 18). സദസ്സില്‍ ഇസ്തിഗ്ഫാര്‍ അധികരിപ്പിക്കല്‍ അതിനെ പ്രൗഢമാക്കുന്നതായിരിക്കും. ഇബ്‌നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരു സദസ്സില്‍ നബി (സ്വ) ഇസ്തിഗ്ഫാര്‍ ചെയ്യുന്ന കണക്കെടുത്താല്‍ നൂറു പ്രാവശ്യം പാപമോചനം തേടുന്ന പ്രത്യേകം വാക്യങ്ങള്‍ പറഞ്ഞതായി കണ്ടെത്താനാകും (ഹദീസ് അബൂ ദാവൂദ് 1516, തുര്‍മുദി 3434, ഇബ്‌നുമാജ 3814). ഇസ്തിഗ്ഫാറിനുള്ള ധാരാളം വാക്യങ്ങള്‍ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട് , ”അസ്തഗ്ഫിറുല്ലാഹ് വ അതൂബു ഇലൈഹി” അവയില്‍ ഒന്നാണ് (ഹദീസ് മുസ്‌ലിം 484).