നിസ്സഹായ മനുഷ്യരുടെ ജീവിതം പറയുന്ന സുരേഷ് ഗോപി ചിത്രം ‘കാവല്‍’ നവംബര്‍ 25ന് തിയറ്ററുകളില്‍

7
'കാവല്‍' നവംബര്‍ 25ന് തിയറ്ററുകളിലെത്തുന്നതുമായി ബന്ധപ്പെട്ട് ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് ഗോപി സംസാരിക്കുന്നു

രാഷ്ട്രീയ പ്രതിച്ഛായ ഒട്ടുമില്ലാതെയാണ് സിനിമയില്‍ അഭിനയിച്ചത് -സുരേഷ് ഗോപി

ദുബൈ: രാഷ്ട്രീയ പ്രതിച്ഛായ ഒട്ടുമില്ലാതെയാണ് താന്‍ സിനിമയില്‍ അഭിനയിച്ചിട്ടുളളതെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ‘കാവല്‍’ ചിത്രത്തിന്റെ കന്നിപ്രദശനവുമായി ബന്ധപ്പെട്ട് ദുബൈ ഫുഡ്ബൗള്‍ റെസ്‌റ്റോറന്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കേരളമുള്‍പ്പടെയുളള സ്ഥലങ്ങളില്‍ നടക്കുന്ന സാമൂഹിക വിഷയവുമായി ബന്ധപ്പെട്ട പ്രതികരണമാണ് സിനിമ. നിസ്സഹായ ജീവിതങ്ങള്‍ക്ക് കാവലാകുന്ന കഥാപാത്രമാണ് നായക കഥാപാത്രമായ തമ്പാനെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയുടെ പതിവ് ചിത്രങ്ങളുടെ ചടുലത ഈ സിനിമയിലും പ്രതീക്ഷിക്കാമെന്ന് സംവിധായകന്‍ നിതിന്‍ രജ്ഞി പണിക്കര്‍ പറഞ്ഞു. ‘കസബ’ ആവശ്യപ്പെടുന്ന ഭാഷ മാത്രമാണ് ആ സിനിമയില്‍ ഉപയോഗിച്ചത്. സിനിമ ആവശ്യപ്പെടുന്ന ഭാഷ ഉപയോഗിക്കുകയെന്നതാണ് നിലപാട്. ‘ചുരുളി’യിലെ ഭാഷാ വിവാദത്തെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.
തമ്പാനെന്ന നായക വേഷത്തിലൂടെ സുരേഷ് ഗോപി ചിത്രത്തിലെത്തുമ്പോള്‍ ആന്റണിയെന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തില്‍ രജ്ഞി പണിക്കരും ‘കാവലി’ല്‍ ഭാഗഭാക്കാമാകുന്നു. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിച്ച ചിത്രം നവംബര്‍ 25ന് തിയറ്ററുകളിലെത്തും. ട്രൂത്ത് ഫിലിംസ് ആണ് മിഡില്‍ ഈസ്റ്റില്‍ ചിത്രത്തിന്റെ വിതരണക്കാര്‍.
‘കാവലി’ലെ അഭിനേത്രി റേച്ചല്‍ ഡേവിഡ്, ട്രൂത്ത് ഫിലിംസ് എംഡി അബ്ദുല്‍ സമദ്, ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഫൈനാന്‍സ് കണ്‍ട്രോളര്‍ ശ്രാവണ്‍, യുബിഎല്‍ ചെയര്‍മാന്‍ ബിബി ജോണ്‍, ഫുഡ്ബൗള്‍ എംഡി യൂനുസ് ഹസന്‍, ട്രൂത്ത് ഫിലിം പ്രതിനിധി രാജന്‍ വര്‍ക്കല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.