യുഎഇ 50-ാം ദേശീയ ദിനാഘോഷം: കെഎംസിസി നിയമ സെമിനാര്‍ ശ്രദ്ധേയമായി

24

ദുബൈ: യുഎഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന അമ്പതിന പരിപാടികളുടെ ഭാഗമായി ലീഗല്‍ സെല്‍ ഒരുക്കിയ നിയമ സെമിനാര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളുടെയും പ്രമുഖ അഭിഭാഷകരുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
സെമിനാര്‍ ദുബൈ മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വകുപ്പ് തലവന്‍ യൂസുഫ് അല്‍ ഹമ്മാദി ഉദ്ഘാടനം ചെയ്തു. യുഎഇയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഇബ്രാഹിം മുഹമ്മദ് അലി അല്‍ ഹദ്ദാദ് അനുഗ്രഹ ഭാഷണം നടത്തി. ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി (സിഡിഎ) സീനിയര്‍ എക്‌സിക്യൂട്ടീവ് അഹമ്മദ് അല്‍ സആബി, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കോണ്‍സുല്‍ ഈശ്വര്‍ ദാസ്, റിയാസ് ചേലേരി (സാബീല്‍), മുഹമ്മദ് ആസെം (ദുബൈ കസ്റ്റംസ്), ദുബൈ കെഎംസിസി ആക്റ്റിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെഎംസിസി ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. ഇബ്രാഹിം ഖലീല്‍ അധ്യക്ഷത വഹിച്ചു.
ദുബൈ പൊലീസിലെ മുഹമ്മദ് മുഹ്‌സിന്‍ (പൊലീസും ജനങ്ങളും), ഫ്രണ്ട്‌സ് ഓഫ് പാര്‍കിന്‍സണ്‍സ് യുഎഇ സ്ഥാപകനും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ഹുസൈഫ ഇബ്രാഹിം (ഒരു രാഷ്ട്രത്തോട് സാമൂഹികപരവും നിയമപരവുമായ ഒരു പൗരന്റെ ബാധ്യത), ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം മേധാവി അനീഷ് ചൗധരി (പ്രവാസി സമൂഹത്തിന് കോണ്‍സുലേറ്റ് നല്‍കുന്ന സേവനങ്ങള്‍), അഡ്വ. മുസ്തഫ സഫീര്‍ (അറബ്-ഇന്ത്യന്‍ നിയമ വ്യവസ്ഥകളിലെ സമാനതകളും വൈരുധ്യങ്ങളും), അഡ്വ. ഷാജി (എംബസി നിയമങ്ങള്‍) എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു. കെഎംസിസി ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും അഡ്വ. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. ചടങ്ങില്‍ യൂസുഫ് അഹ്മദ്, അഭിഭാഷകരായ മുസ്തഫ അല്‍മന, അഡ്വ. മുഹമ്മദ് സാജിദ്, അഡ്വ. മുഹമ്മദ് റാഫി, അഡ്വ. അഷ്‌റഫ് കൊവ്വല്‍, അഡ്വ. നാസിയ ഷബീറലി എന്നിവരെ ആദരിച്ചു. സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് ഉദ്യോഗസ്ഥന്മാരുമായും കോണ്‍സുലേറ്റ് പ്രതിനിധികളുമായും അഭിഭാഷകരുമായും സംവദിക്കാനുള്ള അവസരവും ഉണ്ടായിരുന്നു.