‘മരക്കാര്‍’: ജിജ്ഞാസയോടെ പ്രവാസി പ്രേക്ഷകരും

28
ദുബൈ: മോഹന്‍ ലാല്‍ നായകനായ ചലച്ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ പ്രദര്‍ശന സജ്ജമായതോടെ ആവേശത്തിലും അതിലേറെ ജിജ്ഞാസയിലുമാണ് പ്രവാസി പ്രേക്ഷകര്‍. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ പ്രഗത്ഭ സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം ഇതിനിടയില്‍ തന്നെ ചര്‍ച്ചാ വിഷയമായി

മാറിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര തെരഞ്ഞെടുപ്പില്‍ ‘മരക്കാര്‍’ ശ്രദ്ധേയ നേട്ടം കൈവരിച്ചിരുന്നു. മികച്ച കലാമേന്മയുള്ള ചിത്രം എന്നതുള്‍പ്പെടെ സാങ്കേതിക മികവിലും അണിയറ പ്രവര്‍ത്തകരുടെ മികവിലും ഒട്ടേറെ പുരസ്‌കാരങ്ങളാണ് ജൂറി ഈ ചിത്രത്തിന് നല്‍കിയത്. അതുകൊണ്ടു തന്നെ, മികവാര്‍ന്ന ഒരു ചിത്രം
കാണാമെന്ന തയാറെടുപ്പിലാണ് പ്രേക്ഷകരൊക്കെയും. ഇതിനു മുന്‍പ് മമ്മൂട്ടി, പൃത്ഥ്വിരാജ് തുടങ്ങിയവരെ നായകരാക്കിയും ‘കുഞ്ഞാലി മരക്കാര്‍’ ചരിത്രം സിനിമയാക്കാന്‍ പദ്ധതികളുണ്ടായെങ്കിലും, ഇതിനിടയിലാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍
കൂട്ടുകെട്ടില്‍ ഈ മഹാപുരുഷന്റെ പേരില്‍ വന്‍ ബജറ്റില്‍ പ്രസ്തുത ചിത്രമൊരുങ്ങിയത്. ഇത് തന്ന കുഞ്ഞാലി മരക്കാരുടെ നാവിക പോരാട്ട ചരിത്രത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
ഇന്ത്യയില്‍ പോര്‍ച്ചുഗീസ് വൈദേശികാധിപത്യത്തിനെതിരെ പട നയിച്ച് വീര മൃത്യു വരിച്ച ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ജീവചരിത്രവും ആ മഹാന്റെ നാവിക സാഹസികതയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതുകൊണ്ടു തന്നെ, തീര്‍ത്തും വിസ്മൃതിയിലാണ്ടു പോയ ആ മഹാപുരുഷന്റെ വീരഗാഥകള്‍ വീണ്ടും ഉയിര്‍ത്തെഴുനേല്‍ക്കുന്നുവെന്നത് സിനിമാ പ്രേക്ഷകര്‍ എന്നതിലുപരി ചരിത്ര കുതുകികളിലും ആവേശമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഏതൊരു ചരിത്ര ചലച്ചിത്ര ഭാഷ്യങ്ങള്‍ക്കുമെന്ന പോലെ, മലായാളത്തിലെ ഏറെ പ്രശസ്തനായ സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന ഈ ചിത്രവും വെള്ളിത്തിരയിലെത്തും മുമ്പേ വിവാദത്തില്‍ അകപ്പെട്ടിരുന്നു. ചരിത്ര പുരുഷനായ കുഞ്ഞാലി മരക്കാരെ അവതരിപ്പിച്ച വേഷം, ഭാഷ, പ്രണയം എന്നിവ ആ യുഗ പുരുഷനെ അവഹേളിക്കുന്ന തരത്തിലാണെന്നുമാണ്, ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ ചിത്രത്തിന്റെ പരസ്യത്തിനായി പുറത്തിറക്കിയ,
ട്രെയിലറുകളും നിശ്ചല ചിത്രങ്ങളും ചൂണ്ടിക്കാട്ടി വിമര്‍ശകരുടെ ഭാഷ്യം. ഇക്കാരണങ്ങള്‍ പറഞ്ഞ് ഈ സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുക പോലും ചെയ്തു ഇവര്‍.
അതീവ സാഹസികനും വീര യോദ്ധാവുമായ കുഞ്ഞാലി മരക്കാരുടെ നാമധേയത്തില്‍ നവീന സാങ്കേതിക വിദ്യകളുപയോഗിച്ച് അക്കാലത്തെ രംഗ സജ്ജീകരണങ്ങളോടെ വന്‍ സാമ്പത്തിക ചിലവില്‍ തയാറായി വരുന്ന ഈ ദൃശ്യ വിസ്മയം, എന്തുകൊണ്ടും വരവേല്‍ക്കപ്പെടേണ്ടതാണെന്ന് കുഞ്ഞാലി മരക്കാര്‍ ഗ്‌ളോബല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍
പി.കെ അന്‍വര്‍ നഹ, ജന.സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് എന്നിവര്‍ പറഞ്ഞു. ഒപ്പം, വിമര്‍ശകരുടെയും മരക്കാര്‍ കുടുംബ പരമ്പരയില്‍ പെട്ടവരുടെയും ആശങ്കയും മനോവ്യഥയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.