മ്മടെ തൃശ്ശൂര്‍ മൂന്നാം വാര്‍ഷികം: ‘തൃശ്ശൂര്‍ പൂരം’ ഡിസംബര്‍ 17ന് ഇത്തിസാലാത്ത് അക്കാദമിയില്‍

72
മ്മടെ തൃശ്ശൂര്‍ മൂന്നാം വാര്‍ഷിക ഭാഗമായുള്ള തൃശ്ശൂര്‍ പൂരത്തെ കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്വിറ്റി പ്‌ളസ് പ്രതിനിധി ജൂബി കുരുവിള സംസാരിക്കുന്നു

പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറ മേളം. ചലിക്കുന്ന പഞ്ച ‘ഗജവീരന്മാര്‍’. കൗതുകം പകരാന്‍ റോബോട്ടിക് ആനയും

ദുബൈ: കോവിഡ് മഹാമാരിക്ക് ശേഷം യുഎഇ വീണ്ടും മഹാപൂരത്തിന് ആതിഥ്യമരുളുന്നു. മ്മടെ തൃശ്ശൂര്‍ കൂട്ടായ്മ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 17ന് വെള്ളിയാഴ്ച ദുബൈ ഇത്തിസാലാത്ത് അക്കാദമിയിലാണ് തൃശ്ശൂര്‍ പൂരം അതിന്റെ തനിമ ചോരാതെ നടത്തുന്നത്. രാവിലെ 10 മുതല്‍ രാത്രി 11 വരെ നീളുന്ന പൂര ആഘോഷങ്ങളാണ് ഒരുക്കുന്നത്. തേക്കിന്‍കാട് മൈതാനിയിലെ പൂരപ്പറമ്പിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇത്തിസാലാത്ത് അക്കാദമിയില്‍ വിവിധ പരിപാടികളും ആഘോഷങ്ങളും ഒരുക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൂരക്കാലത്തെ തൃശ്ശൂരിനെ അനുസ്മരിപ്പിക്കുന്ന നിലപ്പന്തലുകള്‍, തോരണങ്ങള്‍, ദീപാലങ്കാരങ്ങള്‍ നിറഞ്ഞ നടവഴികള്‍, പൂരച്ചന്തയും തെക്കേ ഗോപുരനട ഉള്‍പ്പെടെയുമുള്ള ദൃശ്യാനുഭവങ്ങളോടെ ഇത്തിസാലാത്ത് അക്കാദമി ഗ്രൗണ്ട് പൂരപ്പറമ്പാകും.
രാവിലെ 10.30ന് സദനം രാജേഷ് മാരാരുടെ നേതൃത്വത്തില്‍ യുഎഇയിലെ 50ലേറെ കലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരി മേളത്തോടെയാണ് കൊടിയേറ്റം. പുതുപ്പരിയാരം സ്വാമിദാസ്, കല്ലൂര്‍ ശബരി, അന്നമനട രാജേഷ് എന്നിവര്‍ മേളത്തിന് മാറ്റ് കൂട്ടും. അണിയിച്ചൊരുക്കിയ അഞ്ച് ഗജവീരന്‍മാരുടെ സാന്നിധ്യവുമുണ്ടാകും. ചലിക്കുന്ന ആനകളാണ് ഇത്തവണത്തെ പ്രത്യേകത. ആകെ അഞ്ച് ആനകളില്‍ രണ്ടെണ്ണത്തെ നാട്ടില്‍ നിന്നും ദുബൈയില്‍ എത്തിച്ചു കഴിഞ്ഞു. ഒരെണ്ണം റോബോട്ടിക് ആനയാണ്. അതിന്റെ നിര്‍മാണം ദുബൈയില്‍ പുരോഗമിക്കുകയാണ്. കുടമാറ്റത്തിനായി 50ലേറെ വര്‍ണക്കുടകളും തയാറാക്കികഴിഞ്ഞു. ഉച്ച ഒരു മണിയോടെ മഠത്തില്‍ വരവിനെ ധന്യമാക്കുന്ന പഞ്ചവാദ്യം തുടങ്ങും. ഭരതം ദുബൈയുടെ 20ഓളം കലാകാരന്‍മാര്‍ പങ്കെടുക്കും. രണ്ട് മണിക്കാണ് 13 പേരടങ്ങുന്ന കരിയന്നൂര്‍ ബ്രദേഴ്‌സിന്റെ നാദസ്വരമേളം. കൂടാതെ, ദേശപ്പൂരത്തിന്റെ ഗൃഹാതുരത നല്‍കുന്ന ഗോപുരക്കാവടി, താലപ്പൊലി കലാരൂപങ്ങള്‍, ശിങ്കാരിമേളം എന്നിവയും ഉണ്ടാകും. 3.30ന് വടക്കുംനാഥന്റെ ഇലഞ്ഞിത്തറയില്‍ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ കൊട്ടിക്കയറുന്ന പാണ്ടിമേളം (ഇലഞ്ഞിത്തറ മേളം) അരങ്ങേറും. കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍, പെരുവനം സതീശന്‍ മാരാര്‍, കുഴലില്‍ വെളപ്പായ നന്ദനന്‍, കൊമ്പത്ത് അനില്‍, കൊമ്പത്ത് ചന്ദ്രന്‍, കുമ്മത്ത് രാമന്‍കുട്ടി എന്നിവരും അണിനിരക്കും. തുടര്‍ന്ന്, തൃശ്ശൂരിന്റെ സാംസ്‌കാരിക തനിമ തുറന്നു കാട്ടുന്ന ഘോഷയാത്രയും നടക്കും. പുലിക്കളിയുടെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ തൃശ്ശൂരില്‍ നിന്നും 25ഓളം പുലികളെ എത്തിക്കും. കൂടാതെ, ശിങ്കാരിമേളം, പുലിക്കളി, കാവടിയാട്ടം, തെയ്യം തുടങ്ങി വിവിധ കലാരൂപങ്ങളും ഘോഷയാത്രയുടെ പൊലിമ കൂട്ടും. തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനെ അനുസ്മരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം, സംഗീത വിസ്മയം തീര്‍ക്കാന്‍ ‘തൈക്കൂടം ബ്രിഡ്ജു’ം. പൂരക്കച്ചവട കാഴ്ചകള്‍ നല്‍കുന്ന വിവിധ സ്റ്റാളുകളും കാഴ്ചകാര്‍ക്ക് വിരുന്നൊരുക്കും.
യുഎഇയിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മഹാ പൂരം നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങളോടെ ഇത്തവണ 7,000ത്തോളം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. നാട്ടില്‍ നിന്നുമെത്തുന്ന ഒട്ടേറെ കലാകാരന്‍മാരാണ് വിവിധ പരിപാടികളുടെ ഭാഗമാകുന്നത്. പൂരത്തിന് മുന്‍പുള്ള വെള്ളിയാഴ്ചകളില്‍ യുഎഇയിലെ ഓരോ ഷോപ്പിംഗ് മാളുകളിലുമായി ‘പൂരപ്പുറപ്പാട്’ എന്ന പേരില്‍ പരിപാടി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. പൂരം ലോഗോയും ബ്രോഷറും വാര്‍ത്താസമ്മേളനത്തില്‍ പ്രകാശിപ്പിച്ചു. പൂര ഭാഗമായി മ്മടെ തൃശൂര്‍ കൂട്ടായ്മ അംഗങ്ങളുടെ 19 കഥകളടങ്ങിയ ‘കുട്ടി സ്റ്റോറീസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.
മ്മടെ തൃശ്ശൂര്‍ കൂട്ടായ്മ പ്രസിഡന്റ് രാജേഷ് മേനോന്‍, സെക്രട്ടറി ശശീന്ദ്രന്‍ മേനോന്‍, സമീര്‍ മുഹമ്മദ്, ദില്‍ന ദിനേശ്, ബാലു തറയില്‍, സന്ദീപ് പഴേരി, അജിത് തോപ്പില്‍, അനൂപ് അനില്‍ ദേവന്‍, ജെ.കെ ഗുരുവായൂര്‍, ദിനേശ് ബാബു, ബസന്ത് കണ്ണോളി, ലദീപ്, രാഹുല്‍ മുരളി, ഇക്വിറ്റി പ്‌ളസ് പ്രതിനിധി ജൂബി കുരുവിള തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ലോഗോ പ്രകാശനത്തില്‍ നിന്ന്