നാടിന്റെ പുരോഗതി സമൂഹ ഉന്നതി

6

നാടിന്റെ പുരോഗമനത്തിനാവശ്യമായ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കണമെന്നത് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ നിര്‍ദേശമാണ്. സ്വാലിഹ് നബി (അ) പറഞ്ഞതായി പരിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ”നിങ്ങളെ അല്ലാഹു ഭൂമിയില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു” (സൂറത്തു ഹൂദ് 61). അതായത്, ഭൂമിയില്‍ ആവാസത്തിന് സൗകര്യമൊരുക്കുന്ന രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും കൃഷിയും ചെയ്യാനും ഗതാഗത മാര്‍ഗങ്ങളൊരുക്കാനും ജനങ്ങളുടെ നിത്യാവശ്യങ്ങള്‍ക്കായി ഏര്‍പ്പാടുകള്‍ ചെയ്യാനുമാണ് അല്ലാഹു ഭൂവാസികളായ സൃഷ്ടികളോട് പ്രസ്തുത സൂക്തത്തിലൂടെ കല്‍പനയായി ധ്വനിപ്പിക്കുന്നത്.
നാടിന്റെ പുരോഗതിയുടെ കാര്യത്തില്‍ മഹിതമായ മാതൃകയാണ് നമ്മുടെ നബി (സ്വ) കാണിച്ചു തന്നിരിക്കുന്നത്. മദീനയില്‍ പ്രവേശിച്ചയുടനെ നബി (സ്വ) ആദ്യമായി ചെയ്തത് മനുഷ്യ മനസ്സുകളെ ഒന്നിപ്പിച്ച് നാടിന്റെ സുസ്ഥിരതയും ശാന്തിയും സമാധാനവും ഉറപ്പു വരുത്തുകയായിരുന്നു. പരസ്പരം സ്‌നേഹാഭിവാദ്യം ചെയ്യാന്‍ പഠിപ്പിക്കുകയായിരുന്നു. നബി (സ്വ) ആദ്യമായി സംസാരിച്ചത് പരസ്പരം രക്ഷക്കായി പ്രാര്‍ത്ഥിച്ചുള്ള സലാം പറയാനാണ്: ”ഏ ജനങ്ങളേ, നിങ്ങള്‍ സലാം പറയലിനെ വ്യാപകമാക്കുക” (ഹദീസ് തുര്‍മുദി 2485, ഇബ്‌നു മാജ 1334). മദീനാ വാസികള്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദവും പഠിപ്പിച്ചു. സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും മൂല്യങ്ങള്‍ ഓതിക്കൊടുക്കുകയും ചെയ്തു. അങ്ങനെ, മദീനാ നാട്ടില്‍ സാമൂഹിക ഭദ്രതയും ദേശീയോദ്ഗ്രഥനവും നട്ടു വളര്‍ത്തുകയായിരുന്നു സാമൂഹിക പരിഷ്‌കര്‍ത്താവായ പ്രവാചകര്‍ (സ്വ). ”ജനങ്ങളില്‍ വച്ചേറ്റവും ഉത്തമര്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്നവരാണ്” എന്നാണ് നബി (സ്വ) ജനങ്ങളെ പഠിപ്പിച്ചത്. (മുഅ്ജമുല്‍ അൗസത്വ് ത്വബ്‌റാനി 5787).
മദീനയില്‍ നബി (സ്വ) ഇസ്‌ലാം മതവിശ്വാസികള്‍ക്കിടയിലും ഇതര മതസ്ഥര്‍ക്കിടയിലും നീതിയും സഹിഷ്ണുതയും ഊട്ടിയുറപ്പിച്ചു കൊണ്ടു ഒരു ഗംഭീര ഉടമ്പടി എഴുതി തയാറാക്കി. അതിലെ പ്രധാന നിര്‍ദേശമാണ് ”മര്‍ദിതന് സഹായം നല്‍കുക” എന്നത്. മദീനയില്‍ എത്തിയത് മുതല്‍ തന്നെ അദ്ദേഹം നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ആദ്യം ഖുബാ മസ്ജിദ് പണിയാന്‍ തുടങ്ങി. പിന്നെ പാവനമായ മസ്ജിദുന്നബവിയും പണിതു. മദീനാ നാടിന്റെ ആവാസ വ്യവസ്ഥക്ക് ആവശ്യമായ പദ്ധതികള്‍ തയാറാക്കുകയും വീടുകള്‍ക്കുള്ള രൂപരേഖ വരക്കുകയും ചെയ്തു. റോഡുകളും പാതകളും തീര്‍ത്തു. അങ്ങനെ, നാട്ടില്‍ ജനോപകാരപ്രദമായ സാംസ്‌കാരിക തനിമയും നഗരവത്കരണവും സാധ്യമാക്കി. മാത്രമല്ല, ജനതയിലെ ഓരോ അംഗത്തെയും ജോലി ചെയ്യാനും മണ്ണില്‍ കൃഷിയിറക്കാനും വിളവെടുക്കാനും പ്രേരിപ്പിക്കുകയുമുണ്ടായി. ഒരിക്കല്‍ നബി (സ്വ) സ്വന്തം തോട്ടത്തില്‍ കൃഷി ചെയ്യുന്നതായി കണ്ട സൈദ് ബ്‌നു ഹാരിസയുടെ ഭാര്യ ഉമ്മു മുബഷിറി(റ)നോട് പറഞ്ഞുവത്രെ: ”ഒരു സത്യവിശ്വാസി നട്ടു നനച്ച് കൃഷി ചെയ്ത വിളവില്‍ നിന്ന് മനുഷ്യനോ മൃഗമോ മറ്റു വല്ലതുമോ ഭക്ഷിച്ചാല്‍ അതില്‍ നിന്ന് ധര്‍മ ദാനത്തിന്റെ പ്രതിഫലം അയാള്‍ക്കുണ്ട്” (ഹദീസ് മുസ്‌ലിം1552). അത്തരത്തില്‍ മദീനയുടെ ഉല്‍പാദനക്ഷമത കൂടുകയും സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെടുകയും ചെയ്തു. മാനുഷിക മൂല്യങ്ങളുടെയും സാംസ്‌കാരിക ഉന്നമനത്തിന്റെയും സാമൂഹിക ഉന്നതിയുടെയും കേദാരമായി മദീന അടിവെച്ചടിവെച്ച് വളര്‍ന്ന് പുരോഗമിച്ചു കൊണ്ടിരുന്നു.
നാടിന്റെ മണ്ണിനെയും വിണ്ണിനെയും ചേര്‍ത്തു പിടിച്ച് ജീവിക്കല്‍ മഹിമയാണ്. നാടിന്റെ സുരക്ഷക്കും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കല്‍ അന്തസ്സുമാണ്. നാടിന് രക്തസാക്ഷിത്വം വരിച്ചവര്‍ നാടിനായി ശരീരവും ആത്മാവും അര്‍പ്പിച്ച് ത്യാഗം ചെയ്ത മഹാ മനീഷികളാണ്. നാട് തലമുറകളിലൂടെ അവരെ സ്മരിച്ചു കൊണ്ടിരിക്കും. ചോര നീരാക്കി ദേശത്തിന്റെ പതാക വഹിച്ച അവരെ ഒരിക്കലും മറക്കാനാവില്ല. ഉദാത്ത കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം നല്ലത് മാത്രമാണല്ലോ (സൂറത്തു റഹ്മാന്‍ 60).