നവ്യ ഭാസ്‌കരന്റെ പുസ്തകം പ്രകാശനം ചെയ്തു

14
നവ്യ ഭാസ്‌കരന്റെ 'ദി ഡേ ഐ ഓള്‍ മോസ്റ്റ് ലോസ്റ്റ് മൈ വോയ്‌സ്' ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ ഖാലിദ് വലീദ് ബുഖാതിര്‍ അഡ്വ. വൈ.എ റഹീമിന് നല്‍കി പ്രകാശനം ചെയ്യുന്നു. ഡോ. പ്രമോദ് മഹാജന്‍, പത്മനാഭന്‍ നാലപ്പാട്ട്, ഡോ. ഭാസ്‌കരന്‍, ഡോ. വന്ദന തുടങ്ങിയവര്‍ സമീപം

ഷാര്‍ജ: ദൃഢ നിശ്ചയമുണ്ടെങ്കില്‍ എല്ലാ പരിമിതികളെയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച നവ്യ ഭാസ്‌കരന്റെ ‘ദി ഡേ ഐ ഓള്‍ മോസ്റ്റ് ലോസ്റ്റ് മൈ വോയ്‌സ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ ഖാലിദ് വലീദ് ബുഖാതിര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേന്‍ വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീമിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. പ്രമോദ് മഹാജന്‍,
എഴുത്തുകാരന്‍ പത്മനാഭന്‍ നാലപ്പാട്ട്, നവ്യയുടെ മാതാപിതാക്കളായ ഡോ. ഭാസ്‌കരന്‍, ഡോ. വന്ദന എന്നിവര്‍ സംബന്ധിച്ചു.
തന്റെ പരിമതികള്‍ക്കുള്ളില്‍ നിന്ന് നിരവധി സംഗീത ആല്‍ബങ്ങള്‍ ചെയ്തിട്ടുള്ള നവ്യയുടെ ശബ്ദ ശേഷി പോലും നഷ്ടപ്പെട്ട 8 മാസത്തെ തീവ്രമായ അനുഭവങ്ങളാണ് നവ്യ പുസ്തക രൂപത്തിലാക്കിയിരികകുന്നത്. എട്ടാം വയസ് മുതല്‍ സംഗീതം ഇഷ്ടപ്പെടുന്ന നവ്യ 2019ലെ യുഎഇ മ്യൂസിക് റിയാലിറ്റി ഷോ ചാമ്പ്യനായിരുന്നു. ഇതേ വര്‍ഷം തന്നെ അമേരിക്കയില്‍ നടന്ന മത്സരത്തില്‍ മൂന്നാം സ്ഥാനത്തെത്തി.
നവ്യ എഴുതിയ കവിത യൂനിസെഫിന്റെ ‘വോയ്‌സ് ഓഫ് യൂത്ത്’  എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുബൈ എക്‌സ്‌പോ 2020 ദുബൈയിലും നവ്യക്ക് സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍  അവസരം ലഭിച്ചിട്ടുണ്ട്.
ഷാര്‍ജ ഇബ്തിസാമ സ്‌കൂളിലെ കുരുന്നുകളുടെ ഡാന്‍സുണ്ടായിരുന്നു. നവ്യയെ കുറിച്ചുള്ള ലഘു ദൃശ്യാവതരണവും നവ്യയുടെ ഗാനാലാപവുമുണ്ടായിരുന്നു. ഐപ്പ് വള്ളികാടന്‍, ഇ.ടി പ്രകാശ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.