താഹിറയുടെ പുസ്തക വരുമാനം കോവിഡ് ആശ്രിതര്‍ക്ക്

50

‘ഈ സമയവും കടന്നു പോകും’ ഗ്രന്ഥ വില്‍പന വിഹിതം സംഭാവന നല്‍കി മാതൃകയായി ‘ഗള്‍ഫ് സത്യധാര’
സ്റ്റാളും

ഷാര്‍ജ: അല്‍ ഐന്‍ ‘സേഹ’യില്‍ ഓഡിയോളജിസ്റ്റായ കോഴിക്കോട് മൂഴിക്കല്‍ സ്വദേശിനി താഹിറ കല്ലുമുറിക്കല്‍ തന്റെ പുസ്തകത്തില്‍ നിന്നുള്ള വരുമാനം കോവിഡ് 19 മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപനം നടത്തി മാതൃകയായി. കോവിഡ് 19 ഏഷ്യന്‍ കമ്യൂണിറ്റി കെയര്‍ കോഓര്‍ഡിനേഷന്‍ ഹെഡ് ആയി സേവനമനുഷ്ഠിച്ച കാലയളവില്‍ കുറിച്ച ഡയറി കുറിപ്പുകള്‍ ‘ഈ സമയവും കടന്നു പോകും’ എന്ന പുസ്തകമാക്കി ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ നിന്നുള്ള മുഴുവന്‍ വരുമാനവുമാണ് അവര്‍ കോവിഡ് ബാധിത കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചത്. കൊറോണ ബാധിച്ച് മരിച്ചവരുടെ മക്കളുടെ തുടര്‍ പഠന സഹായമായും ഈ വരുമാനം ഉപയോഗപ്പെടുത്തും.
ഈ പുസ്തകത്തിന്റെ വില്‍പനയില്‍ നിന്നുള്ള വിഹിതം തങ്ങളും കോവിഡ് 19 ആശ്രിതര്‍ക്ക് നല്‍കുമെന്ന് ഷാര്‍ജ പുസ്തക മേളയിലെ വിതരണക്കാരായിരുന്ന ‘ഗള്‍ഫ് സത്യധാര’ സ്റ്റാളും അറിയിച്ചിരുന്നു. ഈ ഗ്രന്ഥത്തിന് വന്‍ ശ്രദ്ധയാണ് സഹൃദയരില്‍ നിന്നുണ്ടായത്.
മഹാമാരി കാലയളവില്‍ അല്‍ ഐന്‍ ഐഎസ്‌സി, നോര്‍ക, സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ജനങ്ങള്‍ എന്നിവര്‍ക്ക് ഗവണ്‍മെന്റ് അധികൃതരുമായി ബന്ധപ്പെടാന്‍ താഹിറ ഒരു സഹായിയായിരുന്നു. ഈ സേവനത്തിന് നിരവധി പുരസ്‌കാരങ്ങളും താഹിറക്ക് ലഭിച്ചു.
സേഹ അബുദാബിയിലെ ആരോഗ്യ വിഭാഗത്തിന് കീഴില്‍ ആംബുലേറ്ററി ഹെല്‍ത്ത് സര്‍വീസസില്‍ ഓഡിയോളോജിസ്റ്റായ താഹിറ കോവിഡ് സമയത്ത് ലഭിച്ച അസൈന്‍മെന്റിന്റെ ഭാഗമായാണ് ഏഷ്യന്‍ രാജ്യങ്ങളുടെ കെയര്‍ കോഓര്‍ഡിനേഷന്‍ ടീം ലീഡ് ആയി ജോലി ചെയ്തത്.
”ഒരു മനുഷ്യന്‍ എന്താവണം, അല്ലെങ്കില്‍ എന്താവരുത് എന്നു കൂടി കാണിച്ചു തന്ന ദിവസങ്ങളായിരുന്നു അത്. പല തരത്തിലും രിതിയിലുമുള്ള ആളുകളെ ബ്‌ളൂ കോളര്‍-വൈറ്റ് കോളര്‍ എന്ന വ്യത്യാസമില്ലാതെ എനിക്ക് സേവിക്കാന്‍ സാധിച്ചു.
വിസാ കലാവധി തീര്‍ന്നവര്‍ക്ക് പോലും മനുഷ്യ പരിഗണന നല്‍കി ആരോഗ്യ പരിചരണം ഉറപ്പ് വരുത്താന്‍ കഴിഞ്ഞത് വലിയ കാര്യമായി കരുതുന്നു” -പുസ്തക മേളയില്‍ താഹിറ പറഞ്ഞു.
കുടുംബത്തിന് ആശ്രയമാവാന്‍ എത്തിയ മനുഷ്യരെ ചേര്‍ത്തു പിടിച്ച സംഘടനകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കും ഒപ്പം നിന്നു പ്രവര്‍ത്തിച്ച അനുഭവങ്ങള്‍; സന്തോഷത്തോടെ ഒന്നോ രണ്ടോ മാസത്തിന് പ്രിയതമനെ കാണാനെത്തിയ ഭാര്യമാര്‍, മാതാപിതാക്കള്‍, കുട്ടികള്‍; അവര്‍ നേരിട്ട പ്രയാസങ്ങള്‍… അവയെല്ലാം താഹിറ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, അതോടൊപ്പം ചേര്‍ത്തു പറേയണ്ട ഒരു പ്രധാന കാര്യമാണ് ഈ നാടിന്റെ ഭരണാധികാരികള്‍. അവരെ എത്ര ശ്‌ളാഘിച്ചാലും മതിയാവില്ല. സ്വദേശിയെന്നോ വിദേശിയെന്നോ ഭേദമില്ലാതെ എല്ലാ മനുഷ്യരെയും ചേര്‍ത്തു പിടിച്ച അവര്‍ എത്ര മഹോന്നതരാണ്. മുതിര്‍ന്ന മാനേജ്‌മെന്റ് അധികൃതരും കാര്യങ്ങളുടെ നടത്തിപ്പിന് കൂടെ നിന്ന സ്റ്റാഫും മറക്കാനാവാത്ത സഹായങ്ങളാണ് നല്‍കിയത്. ആ അനുഭവങ്ങളെല്ലാം തനിക്ക് നാളേക്കുള്ള റഫറന്‍സാണെന്നും വിനയാന്വിതയായി ഈ ഗ്രന്ഥകാരി സാക്ഷ്യപ്പെടുത്തുന്നു.

താഹിറ കല്ലുമുറിക്കല്‍