സാദിഖ് കാവിലിന് സംസ്‌കൃതി  സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം

40
സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി ആറളയില്‍, ജന.സെക്രട്ടറി എ.കെ ജലീല്‍, 'സംസ്‌കൃതി സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര' സമിതി കണ്‍വീനര്‍ ഇ.എം സുധീര്‍, കേരളോത്സവം പ്രോഗ്രാം കണ്‍വീനര്‍ ഒ.കെ സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നു

ദോഹ: യശ:ശരീരനായ സാഹിത്യകാരന്‍ സി.വി ശ്രീരാമന്റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്‌കൃതിയുടെ ‘സംസ്‌കൃതി സി.വി  ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര’ത്തിന് വേണ്ടിയുള്ള ഈ വര്‍ഷത്തെ മത്സരത്തില്‍ സാദിഖ് കാവിലിന്റെ ‘കല്ലുമ്മക്കായ’ എന്ന ചെറുകഥ അര്‍ഹമായി. കാസര്‍കോട് സ്വദേശിയായ സാദിഖ് കാവില്‍ കഴിഞ്ഞ 12 വര്‍ഷമായി ദുബൈയില്‍ മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടറാണ്. മാധ്യമ പ്രവര്‍ത്തനത്തിനൊപ്പം ആനുകാലിക ലേഖനങ്ങളും കഥകളും കവിതകളും എഴുതുന്നു. മികച്ച നോവലിനുള്ള ദോഹ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ് അസോസിയേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം (2017), പ്രവാസി ബുക് ട്രസ്റ്റ് അവാര്‍ഡ് (2014) എന്നിവ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഔട്പാസ്’ എന്ന ആദ്യ നോവലിന് ലഭിച്ചിട്ടുണ്ട്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഖുഷി’ എന്ന ബാല നോവലിന് ചിരന്തന സാഹിത്യ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നാഷണല്‍ ബുക് ട്രസ്റ്റ് കഥാ പുരസ്‌കാരം, എംഇഎസ് പൊന്നാനി അലൂംനി കഥാ അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. ‘കാവിലെ പൂക്കള്‍ക്കും കിളികള്‍ക്കും’ (ഓര്‍മക്കുറിപ്പുകള്‍ 2018), ‘ജീവിതത്തിന്റെ നല്ലൊരു ഭാഗം’ (ഗള്‍ഫ് അനുഭവക്കുറിപ്പുകള്‍ 2014), ‘കന്യപ്പാറയിലെ പെണ്‍കുട്ടി’ (നോവെല്ല 2014), ‘പ്രിയ സുഹൃത്തിന്’ (കഥകള്‍ 2000), ‘ജീവിതം’ എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റ് പുസ്തകങ്ങള്‍. ‘കഥയും ജീവിതവും’, ‘വിവേകാനന്ദം’ (ജീവിതകഥ), ‘ബുക്കിഷ്’ എന്നീ പുസ്തകങ്ങള്‍  എഡിറ്റ് ചെയ്തു. പരേതരായ കാവില്‍ സുലൈമാന്‍ ഹാജി-മറിയമ്മ ദമ്പതികളുടെ മകനാണ്.
ജിസിസി രാജ്യങ്ങളില്‍ താമസക്കാരായ 18 വയസിന് മുകളിലുള്ള പ്രവാസി മലയാളികളുടെ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് അവാര്‍ഡിന് പരിഗണിച്ചത്. ഖത്തര്‍, യുഎഇ, സഊദി, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ നിന്നും 75 കഥകളാണ് മത്സരത്തിനുണ്ടായിരുന്നത്. സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അശോകന്‍ ചരുവില്‍, സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ഇ.പി  രാജഗോപാലന്‍, തിരക്കഥാകൃത്തും എഴുത്തുകാരനുമായ കെ.എ മോഹന്‍ദാസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.
50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. നവംബര്‍ 5ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കുന്ന സംസ്‌കൃതി കേരളോത്സവം പരിപാടിയില്‍  പുരസ്‌കാര സമര്‍പ്പണം നടക്കും. ജൂറി അംഗങ്ങള്‍ ഓണ്‍ലൈന്‍ ആയി പരിപാടിയില്‍ പങ്കെടുക്കും. അന്ന് വൈകുന്നേരം 6 മണിക്ക് സംസ്‌കൃതി കേരളോത്സവം വിവിധ കേരളീയ കലകളുടെ അവതരണത്തോടെ ഈ വേദിയില്‍ നടക്കും.
സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി ആറളയില്‍, ജന.സെക്രട്ടറി എ.കെ ജലീല്‍, സ്മസ്‌കൃതി സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര സമിതി കണ്‍വീനര്‍ ഇ.എം സുധീര്‍, കേരളോത്സവം പ്രോഗ്രാം കണ്‍വീനര്‍ ഒ.കെ സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

സാദിഖ് കാവില്‍