സന്‍സിതയുടെ ഇംഗ്‌ളീഷ് കവിതാ  സമാഹാരം പ്രകാശിതമായി

4
അമിതാവ് ഘോഷിനും എം.എ യൂസഫലിക്കുമൊപ്പം കവിതാ സമാഹാരവുമായി സന്‍സിത പ്രദീപ്

ഷാര്‍ജ: അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനി സന്‍സിത പ്രദീപ് എഴുതിയ ഇംഗ്‌ളീഷ് കവിതാ  സമാഹാരം ‘എതെറിയല്‍’ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ജ്ഞാനപീഠ ജേതാവ് അമിതാവ് ഘോഷ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കെ.എം  അബ്ബാസ് ആമുഖ ഭാഷണം നടത്തി.
അതീവ ഹൃദ്യമായ കവിതകളാണ് സന്‍സിതയുടേതെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന സീനിയര്‍ ജേര്‍ണലിസ്റ്റ് അഞ്ജന ശങ്കര്‍ പറഞ്ഞു. സന്‍സിതയുടെ ചിന്തകള്‍ ഇംഗ്‌ളീഷില്‍ ചാരുതയോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഡിസി ബുക്‌സിന്റെ ഭാഗമായ കറന്റ് ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചടങ്ങില്‍ സന്‍സിത നന്ദി പറഞ്ഞു.
ഈ പുസ്തകത്തിന്റെ ആദ്യ കോപ്പി ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയാണ് സ്വീകരിച്ചത്. സന്‍സിതയുടെ കാവ്യ മികവിനെ യൂസുഫലി അഭിനന്ദിച്ചു.
കോവിഡ് 19 ലോക്ക്ഡൗണ്‍ കാലയളവില്‍ സന്‍സിത എഴുതിയ 205 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. മഹാമാരിയുടെ വിഷമ ഘട്ടത്തില്‍ കൗമാര പ്രായക്കാര്‍ നേരിടട പ്രതിസന്ധികളും അതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. രവി ഡിസി, സംവിധായകന്‍ സലീം അഹമ്മദ് എന്നിവരും മറ്റു പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ സെക്രട്ടറി പ്രദീപ് കുമാറിന്റെ മകളാണ് സന്‍സിത പ്രദീപ്.