27 വിദഗ്ധര്‍ക്ക് സഊദി പൗരത്വം

11

റിയാദ്: പ്രഗല്‍ഭ ഇസ്‌ലാമിക പണ്ഡിതന്മാര്‍, ഡോക്ടര്‍മാര്‍, അക്കാദമീഷ്യന്മാര്‍ എന്നിങ്ങനെ വിവിധ മേഖലകളിലെ 27 പേര്‍ക്ക് സഊദി അറേബ്യ പൗരത്വം നല്‍കി. രാജകീയ അംഗീകാരമായതോടെയാണ് ഇവര്‍ക്ക് പൗരത്വം ഇഷ്യൂ ചെയ്തത്. തങ്ങളുടെ മേഖലകളില്‍ അസാധാരണ സംഭാവനകള്‍ അര്‍പ്പിച്ചതിനാണീ ആദരം.
ചിന്തകനും എഴുത്തുകാരനും ലബനാനിലെ ‘അല്‍ഇജ്തിഹാദ്’ മാഗസിന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ റദ്‌വാന്‍ അല്‍ സയ്യിദ്, ബോസ്‌നിയയിലെ മത പണ്ഡിതനും ഗ്രാന്റ് മുഫ്തിയും ചിക്കാഗോ യൂണിവേഴ്‌സിറ്റി ഗവേഷകനുമായ ഡോ. മുസ്തഫ സെറിക്, സ്വീഡനില്‍ നിന്നുള്ള പണ്ഡിതനും മക്ക അല്‍മുകര്‍റമ 2020 രേഖയില്‍ ഒപ്പു വെച്ചവരില്‍ പ്രമുഖനും സ്‌കാന്‍ഡിനേവിയന്‍ ഇസ്‌ലാമിക് കൗണ്‍സില്‍ പ്രസിഡന്റും വേള്‍ഡ് ഇസ്‌ലാമിക് ലീഗ് മെംബറുമായ ഹുസൈന്‍ ദാവൂദി, പ്ര മുഖ അറബ് ചിന്തകനും ഇസ്‌ലാമിക്-ക്രിസ്ത്യന്‍ കമ്മിറ്റി ഫോര്‍ ഡയലോഗ് സെക്രട്ടറി ജനറലുമായ മുഹമ്മദ് നിംറ് അല്‍ സമ്മക്, ഇറാഖീ ചരിത്രകാരനും ഗവേഷകനുമായ അബ്ദുല്ല സാലിഹ് അബ്ദുല്ല, ലബനാനിലെ അറബ് ഇസ്‌ലാമിക് കൗണ്‍സില്‍ സെക്രട്ടറി ജനറലും ശിയാ പണ്ഡിതനുമായ മുഹമ്മദ് അല്‍ ഹുസൈനി, ലോക പ്രസിദ്ധ സാംക്രമിക രോഗ വിദഗ്ധനും അമേരിക്കന്‍-ബ്രിട്ടീഷ് ഗവേഷകനുമായ ഡോ. ഇമാദ് മുഹമ്മദ് അല്‍ തല്‍ജിഹ്, 5,000ത്തിലധികം ഓപണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ ചെയ്ത കാര്‍ഡിയോ എക്‌സ്പര്‍ട്ട് ഡോ. ഫാറൂഖ് ഉവൈദ, ജര്‍മന്‍ ന്യൂറോളജി ബോര്‍ഡ് മെംബറും സഊദി കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി ന്യൂറോളജി ഡയറക്ടറുമായ ഡോ. ഇമാദുദ്ദീന്‍ നാജിഹ് ഇസ്സത് കനാന്‍ തുടങ്ങിയ 27 പേര്‍ക്കാണ് സിറ്റിസണ്‍ഷിപ്.