തനത് കേരളീയ ഗ്രാമ പശ്ചാത്തലത്തില്‍ സഫാരിയില്‍ തട്ടുകട

17
സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ തട്ടുകട ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു. സൈനുല്‍ ആബിദീന്‍, ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍, ഇ.പി ജോണ്‍സണ്‍, ചാക്കോ ഊളക്കാടന്‍, സയ്യിദ് ശുഐബ് തങ്ങള്‍, അര്‍ഫാസ് ഇഖ്ബാല്‍ തുടങ്ങിയവര്‍ സമീപം

ഷാര്‍ജ: കേരളപ്പിറവിയോടനുബന്ധിച്ച് ഷാര്‍ജ മുവൈലയിലെ സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ തട്ടുകട ആരംഭിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ, ചാക്കോ ഊളക്കാടന്‍ (ഐപിഎ), സയ്യിദ് ശുഐബ് തങ്ങള്‍, ഹിറ്റ് 96.7 എഫ് എം ആര്‍ജെ അര്‍ഫാസ് ഇഖ്ബാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സഫാരി ഒരുക്കിയ തട്ടുകടകളുടെയും അച്ചായന്‍സ്, കുട്ടനാടന്‍ ഫെസ്റ്റിവലുകളുടെയും വമ്പിച്ച സ്വീകാര്യതയില്‍ ഏറെ സന്തോഷമുണ്ടെന്ന് സഫാരി ഗ്രൂപ് എംഡി സൈനുല്‍ ആബിദീന്‍ പറഞ്ഞു. ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന രംഗ സജ്ജീകരണങ്ങള്‍ സഫാരിയുടെ ഉപഭോക്താക്കള്‍ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കുന്നതിന്റെ തെളിവ് കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ അതെല്ലാം നിറഞ്ഞു നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാടന്‍ രുചികളുടെ തനിമ നിലനിര്‍ത്തി ഗൃഹാതുരതകളെ വീണ്ടും തൊട്ടുണര്‍ത്തി സഫാരിയുടെ ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ ആരംഭിച്ച തട്ടുകട ഫെസ്റ്റിവലില്‍ ചായ, പരിപ്പുവട, ഇലയട, ഉഴുന്നുവട, പഴം പൊരി, ഉള്ളിവട, സുഖിയന്‍, വെച്ചുകേക്ക് തുടങ്ങിയ പലഹാരങ്ങളും പോത്ത് വരട്ടിയത്, പോത്ത് കാന്താരിക്കറി, നാടന്‍ കോഴിക്കറി, കോഴി ഷാപ്പ് കറി, കോഴി കരള്‍ ഉലര്‍ത്ത്, മലബാര്‍ കോഴി പൊരിച്ചത്, ആട്ടിന്‍ തലക്കറി, ആട്ടിറച്ചി സ്റ്റൂ, മീന്‍ വാഴയിലയില്‍ പൊള്ളിച്ചത്, കപ്പയും ചാളക്കറി, കക്ക ഉലര്‍ത്ത്, ചെമ്മീന്‍ കിഴി, മീന്‍ പീര, കൂന്തള്‍ നിറച്ചത്, മുയല്‍ പെരളല്‍, കൊത്തു പൊറോട്ട തുടങ്ങി നാവില്‍ ഓര്‍മകളുടെ രുചിവൈവിധ്യങ്ങളൊരുക്കി ഭക്ഷ്യ വിഭവങ്ങളുടെ നീണ്ട നിര തന്നെ ഒരുക്കിയിരിക്കുന്നു.
സഫാരി മാളിലെ ഫുഡ് കോര്‍ട്ടിലാണ് നാടന്‍ തട്ടുകട ഒരുക്കിയിട്ടുള്ളത്. പഴയ കാല കേരളത്തെ അനുസ്മരിപ്പിക്കുന്ന കടകളും  ട്രാന്‍സ്‌ഫോര്‍മറും ഇലക്ട്രിക് പോസ്റ്റുകളും ആല്‍ത്തറയും സിനിമാ പോസ്റ്ററുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പഴയ കാല റേഡിയോ ഗാനങ്ങളും സമോവര്‍ ചായയും ആവി പറക്കുന്ന നാടന്‍ വിഭവങ്ങളും തനതു തട്ടുകടകളെ അനുസ്മരിപ്പിക്കുന്ന രംഗ സജ്ജീകരണങ്ങളും മലയാളിയെ ഗൃഹാതുര സ്മരണകളിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പാണ്.