യുഎഇയുടെ വളര്‍ച്ചയില്‍ മലയാളി സമൂഹത്തിന്റെ പിന്തുണ അവിസ്മരണീയം: ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖാദിം

45
യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് സംഘടിപ്പിച്ച 'നേതൃസ്മൃതി' ഉദ്ഘാടനം ചെയ്ത് ദുബൈ പൊലീസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍ മാന്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുള്ള ഖാദിം സുറൂര്‍ അല്‍മസാം സംസാരിക്കുന്നു. സി.വി.എം വാണിമേല്‍ പ്രഭാഷണം പരിഭാഷപ്പെടുത്തുന്നു. പി. കെ ഇസ്മായില്‍, യഹ്‌യ തളങ്കര, പി.കെ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍, മുസ്തഫ തിരൂര്‍, എം.എ റഷീദ് തുടങ്ങിയവര്‍ സമീപം

ദുബൈ: സുവര്‍ണ ജൂബിലി ആഘോഷ നിറവില്‍ നില്‍ക്കുന്ന യുഎഇക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത ജനസമൂഹമാണ് മലയാളികളെന്ന് ദുബൈ പൊലീസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖാദിം സുറൂര്‍ അല്‍ മസാം അഭിപ്രായപ്പെട്ടു. യുഎഇയുടെ വളര്‍ച്ചയില്‍ ഒപ്പം നിന്നുകൊണ്ട് മലയാളികള്‍ നല്‍കിയ സംഭാവനകള്‍ മാതൃകാപരവും ഇമറാത്തികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചതുമാണെന്നും ബ്രിഗേഡിയര്‍ ജനറല്‍ പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷക്കും ജനങ്ങളുടെ സമാധാനപൂര്‍ണമായ ജീവിതത്തിനും വേണ്ടി യുഎഇ നടപ്പാക്കുന്ന എല്ലാ നിയമങ്ങളും തികഞ്ഞ ആദരവോടെ അനുസരിക്കുന്നവര്‍ എന്ന നിലയില്‍ മതിപ്പ് പിടിച്ചു പറ്റിയവരാണ് മലയാളി സമൂഹമെന്നും അദ്ദേഹം പറഞ്ഞു. മലയാളി സമൂഹത്തെ മാറ്റി നിര്‍ത്തി ഈ രാജ്യത്തിന് ചരിത്രമില്ല. പ്രവാസി സമൂഹത്തെ ഈ രാജ്യം വല്ലാതെ സ്‌നേഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇയുടെ 50-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി നടത്തി വരുന്ന 50 ഇന പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ‘നേതൃസ്മൃതി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകനും ഓവര്‍സീസ് കെഎംസിസി ചീഫ് ഓര്‍ഗനൈസറുമായ സി.വി.എം വാണിമേല്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖാദിമിന്റെ പ്രസംഗം മലയാളത്തിലേക്ക് മൊഴി മാറ്റി. സി.വിഎം മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയും ചെയ്തു.
മലയാളികളെ അറബ് സമൂഹത്തിന്റെയും ഗള്‍ഫ് ഭരണാധികാരികളുടെയും പ്രിയപ്പെട്ടവരാക്കി മാറ്റുന്നതില്‍ കെഎംസിസി വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും നിശ്ചയ ദാര്‍ഢ്യത്തോടെയും ദീര്‍ഘ വീക്ഷണപരമായും പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ മുന്‍കാല നേതാക്കളും ആത്മാര്‍ത്ഥത മാത്രം കൈമുതലായി പ്രവര്‍ത്തിച്ച സാധാരണ പ്രവര്‍ത്തകരുമാണ് ഇന്ന് കാണുന്ന വലിയ അംഗീകാരത്തിലേക്ക് എത്തിച്ചതെന്നും അവരുടെ ഓര്‍മകള്‍ പുതിയ കാലത്തും പ്രചോദിതമാണെന്നും സി.വി.എം വാണിമേല്‍ പറഞ്ഞു.
യഹ്‌യ തളങ്കര, പി.കെ അന്‍വര്‍ നഹ, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ പ്രസംഗിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഇസ്മായില്‍ ഏറാമല സ്വാഗതം പറഞ്ഞു. കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍, മുസ്തഫ തിരൂര്‍, പി.കെ ഇസ്മായില്‍, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, ഒ.കെ ഇബ്രാഹിം, റഈസ് തലശ്ശേരി, ഹനീഫ് ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, എന്‍.കെ ഇബ്രാഹിം, ആര്‍.ഷുക്കൂര്‍, ഇസ്മായില്‍ അരൂക്കുറ്റി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, കെ.പി.എ സലാം, അഡ്വ. ഇബ്രാഹിം ഖലീല്‍, ഒ.മൊയ്തു, ഹസന്‍ ചാലില്‍, എസ്.നിസാമുദ്ദീന്‍, എ.പി അബ്ദുല്‍ ബാഖി  സംബന്ധിച്ചു. പ്രവാസത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
73 മണിക്കൂര്‍ തുടര്‍ച്ചയായി ബിസിനസ് ട്രെയ്‌നിംഗ് നടത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ എം.എ റഷീദ്, ബിസിനസ് പ്രമുഖന്‍ തറാല്‍ സൂപ്പി ഹാജി എന്നിവരെ ചടങ്ങില്‍ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു.
ദുബൈ നഗരത്തിന്റെ വളര്‍ച്ചയും കെഎംസിസിയുടെ ചരിത്രവും ഉള്‍ക്കൊള്ളിച്ച് നിര്‍മിച്ച പ്രത്യേക ഡോക്യുമെന്ററിയുടെ  പ്രദര്‍ശനവുമുണ്ടായി. എന്‍.എ.എം ജാഫര്‍, സൈനുദ്ദീന്‍ ചേലേരി എന്നിവര്‍ സ്‌ക്രിപ്റ്റും അരുണ്‍ കുമാര്‍ പാറാട്ട് അവതരണവും യൂസുഫ് ഷാ നൂറുദ്ദീന്‍ വീഡിയോ എഡിറ്റിംഗും നിര്‍വഹിച്ച കെഎംസിസി ഡോക്യുമെന്ററി അവതരിപ്പിച്ചു കൊണ്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്. ഇബ്രാഹിം മുറിച്ചാണ്ടി, ജലീല്‍ പട്ടാമ്പി, സാദിഖ് എരമംഗലം, മൂസ മുഹ്‌സിന്‍ എന്നിവര്‍ ഇതിന്റെ ഏകോപനം നിര്‍വഹിച്ചു. ദുബൈ കെഎംസിസി ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വേറിട്ട അനുഭവമായി മാറി. ഹാഫിസ് ഹസം ഹംസ ഖിറാഅത്ത് നടത്തി. മൂസ മുഹ്‌സിന്‍ നന്ദി പറഞ്ഞു.