യുഎഇ 50-ാം ദേശീയ ദിനം: ലിമിറ്റഡ് എഡിഷന്‍ എഡ്ജ് വാച്ചുമായി ടൈറ്റന്‍

9

ദുബൈ: യുഎഇയുടെ അന്‍പതാം ദേശീയ ദിനാഘോഷ സ്മരണാര്‍ത്ഥം പ്രത്യേകം രൂപകല്‍പന ചെയ്ത ലിമിറ്റഡ് എഡിഷന്‍ ടൈറ്റന്‍ എഡ്ജ് യൂണിസെക്‌സ് വാച്ച് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി പുറത്തിറക്കി. ടൈറ്റന്‍ ബിസിനസ് ഡിവിഷന്‍ ഇന്റര്‍നാഷണല്‍ സിഇഒ കുരുവിള മാര്‍ക്കോസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
”നല്ല സംതൃപ്തി, ഗുണമേന്മ, കൃത്യത എന്നിവയുടെ പര്യായമായ ഇന്ത്യന്‍ ബ്രാന്‍ഡാണ് ടൈറ്റന്‍. ടൈറ്റന്‍ വാച്ചിന്റെ ഈ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിക്കാനായതില്‍ ഏറെ സന്തുഷ്ടനാണ്” -ഡോ. അമന്‍ പുരി പറഞ്ഞു. യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷത്തില്‍ ‘ആസാദി കാ അമൃത് മഹോല്‍സവ്’ എന്ന 75-ാം ദേശീയ ദിനാഘോഷത്തിലുള്ള ഇന്ത്യ ഏറെ ആഹ്‌ളാദിക്കുന്നു. ശക്തമായ ഇന്ത്യാ-യുഎഇ ബന്ധത്തിന്റെ ആഘോഷം കൂടിയാണിതെന്നും അദ്ദേഹം വ്യക്‌ളതമാക്കി.
ടൈറ്റന്‍ വാച്ചുകളുടെ ലോകത്തിലെ മുന്‍നിര വിപണിയാണ് യുഎഇ. ലോകത്തിലെ അഞ്ചാമത്തെ വലിയ വാച്ച് നിര്‍മാതാവിനെ പ്രചോദിപ്പിക്കുന്ന മുഹൂര്‍ത്തമാണിതെന്ന് കുരുവിള മാര്‍ക്കോസ് പറഞ്ഞു.
തദ്ദേശ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, ഇന്ദ്രനീലക്കല്ലിന്റെ ക്രിസ്റ്റല്‍ ഗ്‌ളാസ് കവര്‍, സണ്‍ റേ ഡയല്‍ റിംഗ്, മിനാര സമാനമായ ഹാന്‍ഡ്‌സ്, യുഎഇ പതാകയുടെ നിറങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രതലം, പിന്‍ഭാഗത്ത് ദേശീയ പക്ഷിയായ ഫാല്‍കണിനെ ചിത്രീകരിച്ചിരിക്കുന്നു. മനോഹരമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
875 ദിര്‍ഹമാണ് വില. ഇത്തരം 300 വാച്ചുകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളൂ. നവംബര്‍ 16 മുതല്‍ സ്‌റ്റോറുകളില്‍ ലഭിക്കും.