എല്‍വിസ് ചുമ്മാറിന് ഗോള്‍ഡന്‍ വിസ

7

ദുബൈ: ദുബൈയിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് യുഎഇ ഗവണ്‍മെന്റിന്റെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇന്ത്യ ആസ്ഥാനമായ വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേകിച്ച്, മലയാള മാധ്യമങ്ങളില്‍ നിന്നും ഗോള്‍ഡന്‍ വിസ ലഭിച്ച ആദ്യ ജേര്‍ണലിസ്റ്റാണ് എല്‍വിസ്.
നേരത്തെ, യുഎഇയിലെ പ്രാദേശിക മാധ്യമങ്ങളിലെ വിദേശീ ജേണലിസ്റ്റുകള്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നത്. കഴിഞ്ഞ 19 വര്‍ഷമായി യുഎഇയിലെ വിവിധ മലയാള മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത എല്‍വിസിന്, ഫോറീന്‍ ജേര്‍ണലിസ്റ്റ് എന്ന വിഭാഗത്തിലാണ് ഈ അംഗീകാരം. ഒരേ ചാനലില്‍ ഒരാള്‍ തുടര്‍ച്ചയായി 13 വര്‍ഷം ടെലിവിഷന്‍ ഷോ അവതരിപ്പിച്ച് 700 എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്ത ആദ്യ റെക്കോര്‍ഡും എല്‍വിസിന് സ്വന്തമാണ്. 13 വര്‍ഷത്തിലധികമായി ദുബൈയില്‍ ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റിന്റെ വാര്‍ത്താ വിഭാഗം മേധാവിയായി ജോലി ചെയ്തു വരികയാണ്. നേരത്തെ, ദുബൈ, അബുദാബി, ഷാര്‍ജ ഗവണ്‍മെന്റ് വകുപ്പുകളുടെ പ്രശംസയും അവാര്‍ഡുകളും നേടിയിട്ടുണ്ട്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദേശികള്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ദീര്‍ഘ കാല താമസ വിസ നല്‍കുന്നത്.
2021 ജൂണ്‍ അവസാന വാരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള യുഎഇ വിലക്ക് ജൂലൈ വരെ നീട്ടിയ വാര്‍ത്ത, നടി ശ്രീദേവിയുടെ മരണം, തിരുവനന്തപുരം-ദുബൈ എമിറേറ്റ്‌സ് വിമാനം ദുബൈ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ടത്, പ്രവാസികളുടെ കോവിഡ് കാല അനുഭവങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഈ വിഷയത്തിലെ അനാസ്ഥ തുടങ്ങി ജനശ്രദ്ധ നേടിയ നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. നേരത്തെ, മലയാള മനോരമ ഉള്‍പ്പെടെ മാധ്യമ സ്ഥാപനങ്ങളില്‍ ഇന്ത്യയിലും യുഎഇയിലും ജോലി ചെയ്തു. തൃശ്ശൂര്‍ അവന്യൂ റോഡില്‍ ചാലിശ്ശേരി കുറ്റൂക്കാരന്‍ കുടുംബാംഗമാണ്. ഇരിങ്ങാലക്കുട ആളൂര്‍ കാരാത്രക്കാരന്‍ കെ.കെ ജോസിന്റെ മകള്‍ ദീപയാണ് ഭാര്യ. ദുബൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ എഡ്രിക് എല്‍വിസ് ചുമ്മാര്‍, എഡ്വിന്‍ എല്‍വിസ് ചുമ്മാര്‍ മക്കളാണ്.