ആവേശക്കാഴ്ചയുമായി ദുബായ് മറീനയില്‍ ദേശീയ ദിനാഘോഷം

20

ദുബായ് ഏറ്റവുമധികം കാത്തിരിക്കുന്ന ദേശീയ ദിനാഘോഷങ്ങളിലൊന്ന്. ഡിസംബര്‍ 1ന് മറീനയില്‍ നടക്കുന്ന നൗകകളുടെ പരേഡും പതാക ഉയര്‍ത്തലും പ്രേക്ഷകരെ ആവേശ ഭരിതരാക്കും.

ദുബായ്: ദുബായ് ഏറ്റവുമധികം കാത്തിരിക്കുന്ന യുഎഇ ദേശീയ ദിനാഘോഷങ്ങളിലൊന്ന് ഡിസംബര്‍ ഒന്നിന് ദുബായ് മറീനയില്‍ നടക്കും. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളിലെ മറൈന്‍ എഡിഷനാണ് നൗകകളുടെ ഘോഷയാത്രയും പതാക ഉയര്‍ത്തലുമായി സാംസ്‌കാരികോല്‍സവത്തോടെ മറീന കടലില്‍ നടക്കുക.
പ്രമുഖ പരസ്യ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ആഡ് & എം ഇന്റര്‍നാഷണല്‍ പ്രമുഖ പ്രൊഫഷണല്‍ യോട്ട് ചാര്‍ട്ടര്‍ കമ്പനിയായ ഡി3 മറൈനുമായി ഇതുസംബന്ധമായി ഒരിക്കല്‍ കൂടി കൈ കോര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ആഡ് & എം ഈ പരിപാടി വളരെ കാര്യക്ഷമമായി സംഘടിപ്പിച്ചു വരികയാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് നടന്ന നാഷണല്‍ ഡേ മറൈന്‍ എഡിഷന്‍ പരിപാടി, വന്‍ പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായി. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, മാധ്യമ പ്രമുഖര്‍ എന്നിവരില്‍ നിന്നും വന്‍ പ്രശംസ ലഭിച്ചിരുന്നു. ഇക്കൊല്ലം യുഎഇ 50-ാം വര്‍ഷത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ മനം കുളിര്‍പ്പിക്കുന്ന നൗകകളുടെ പരേഡോടെയുള്ള ജല കായിക പരിപാടികള്‍ അത്യുജ്വലമായി തിരിച്ചു കൊണ്ടുവന്ന് പ്രേക്ഷകരില്‍ ആഹ്‌ളാദം നിറയ്ക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
പതാക ഉയര്‍ത്തുന്ന സമയത്ത് മുഴുവന്‍ നൗകകളും വൃത്താകൃതിയില്‍ ഒത്തു ചേരും. പതാക ഉയര്‍ത്തല്‍ ചടങ്ങിനും മറ്റ് കായിക വിനോദങ്ങള്‍ക്കും കാണികള്‍ക്ക് പങ്കെടുക്കാം. ഡിസംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തുടങ്ങുന്ന ആഡംബര നൗകാ പ്രദര്‍ശനമടക്കം ആകര്‍ഷകമായ ഒട്ടേറെ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടക്കും.
പതാക ഉയര്‍ത്തല്‍, സാംസ്‌കാരിക പ്രദര്‍ശനം എന്നിവക്ക് തൊട്ടുടനെ, ദുബായ് മറീനയില്‍ നിന്നും പരിസര ഭാഗത്തേക്ക് ഘോഷയാത്രയോടെയുള്ള രണ്ടു മണിക്കൂര്‍ റൈഡ് ഉണ്ടായിരിക്കുന്നതാണ്. ശേഷം, അതിഥികള്‍ സീ റൈഡ് ആസ്വദിച്ചു കൊണ്ട് അറ്റ്‌ലാന്റിസ് അടക്കം ദുബായിയുടെ ലാന്റ്മാര്‍ക്കുകളിലൂടെ യാത്ര ചെയ്ത് പരിപാടി സമാപിക്കുന്നതാണ്.
ഈ പരിപാടി അവിസ്മരണീയ സംഭവമാക്കി മാറ്റാന്‍ അല്‍ ഐന്‍ ഫാംസ്, ഹോട്ട്പാക്ക് പാക്കേജിംഗ് ഇന്‍ഡസ്ട്രീസ്, ഹാദി എക്‌സ്‌ചേഞ്ച് എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര ബ്രാന്റുകളില്‍ നിന്നും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വന്‍ പിന്തുണയും പ്രോല്‍സാഹനവുമാണ് ലഭിച്ചിട്ടുള്ളത്. 50-ാം ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ അവരും അത്യാഹ്‌ളാദത്തിലാണ്.
”യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷത്തിന് മറൈന്‍ പരേഡില്‍ പങ്കെടുക്കാനാകുന്നതില്‍ അഭിമാനമുണ്ട്. ഞങ്ങള്‍ വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഈ പരിപാടിക്ക് സൂപര്‍ യോട്ടുകളെ പങ്കെടുപ്പിക്കാന്‍ കഴിയുന്നത് ഒരു പ്രവിലേജായി ഞങ്ങള്‍ കാണുകയാണ്” -പരിപാടിയില്‍ ഭാഗഭാക്കാകുന്നതിലുള്ള സന്തോഷം പങ്കു വെച്ച് ദുബായ് ഡി3 യോട്ട് ക്യാപ്റ്റന്‍ ഷഫീഖ് മുഹമ്മദ് അലി പറഞ്ഞു.
ഡി3യുടെ 20ലധികം നൗകകള്‍ ഇക്കൊല്ലം പരേഡിലുണ്ടാകുമെന്ന് ഷമീര്‍ അറിയിച്ചു.
ഈ മഹത്തായ പരിപാടിക്ക് വലിയ ആവേശമാണ് തങ്ങള്‍ക്കുള്ളതെന്നും ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷ കര്‍ട്ടന്‍ റെയ്‌സറായി ഈ ആഘോഷ നിമിഷം പങ്കു വെക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ആഡ് & എം ഓപറേഷനല്‍ മാനേജര്‍ ജോഷ്വാ സെബാസ്റ്റിയന്‍ പറഞ്ഞു.
2020 ഡിസംബര്‍ 1ന് നടന്ന ഉദ്ഘാടന ചടങ്ങ് മുന്‍നിര മേഖലാ-രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിജിറ്റല്‍-സാമൂഹിക മാധ്യമങ്ങള്‍ ലൈവ് സംപ്രേഷണം നടത്തുകയുണ്ടായി. കാണികളുടെ വന്‍ സാന്നിധ്യം ഈ വര്‍ഷവും ഉണ്ടാകുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. അതേസമയം, പ്രമുഖ റേഡിയോ ചാനലുകളില്‍ ഇതുസംബന്ധിച്ച മത്സരം നടക്കുന്നുണ്ട്. വിജയികള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം പതാക ഉയര്‍ത്തല്‍ ചടങ്ങിന്റെ ഭാഗമാവാന്‍ അവസരം ലഭിക്കും. 50-ാം വാര്‍ഷികാഘോഷ ഭാഗമായി 50 പതാകകളാണ് ഉയര്‍ത്തുക.
ടീകോം ദുബായ് ആസ്ഥാനമായ പ്രമുഖ പരസ്യ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ആഡ് & എം ഇന്റര്‍നാഷണലാണ് ഈ സവിശേഷ പരിപാടിയുടെ സംഘാടകര്‍.