യുഎഇ ദേശീയ ദിനം: ദശദിനാഘോഷ പരിപാടികളുമായി അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍

8
യുഎഇ 50-ാം ദേശീയ ദിനാഘോഷ ഭാഗമായി അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന ദശദിനാഘോഷ പരിപാടികളെ കുറിച്ച് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു

അജ്മാന്‍: യുഎഇ 50-ാം ദേശീയ ദിനമാഘോഷിക്കുന്ന വേളയില്‍ 10 ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ ഒരുക്കി അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍. അജ്മാന്‍ ഫെസ്റ്റിവല്‍ ലാന്റില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 5 വരെയാണ് ആഘോഷ പരിപാടികള്‍ നടക്കുകയെന്ന് അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജാസിം മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ കലാപരിപാടികളോടൊപ്പം വ്യത്യസ്ത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ഇന്ത്യന്‍ ഭക്ഷണ സ്റ്റാളുകളും ആഘോഷ പരിപാടികളോടനുബന്ധിച്ച് ഒരുക്കും. കുട്ടികള്‍ക്കായി വിവിധ വിനോദ പരിപാടികളും മേളയിലുണ്ടാകും. ഇന്ത്യയുടെ സാംസ്‌കാരിക തനിമ ചോരാതെ ഒരുക്കുന്ന പരിപാടിയില്‍ ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയേയും മുന്നൂറോളം കലാകാരന്മാര്‍ പങ്കെടുക്കും. അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അജ്മാനിലെ 26 ഓളം സംഘടനകളും ഭാഗമാകും. അറബ് ഇന്ത്യ സ്‌പൈസസ്, ഹാബിറ്റാറ്റ് സ്‌കൂള്‍, ലേണേഴ്‌സ് നോട്‌ഡോട്‌കോം, ഡോ. ശ്യാം ആയുര്‍വേദ സെന്റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഉത്സവാഘോഷങ്ങളിലേക്ക് പൊതുജനങ്ങള്‍ക്കുളള പ്രവേശനം സൗജന്യമാണ്. അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ജോ.സെക്രട്ടറി ചന്ദ്രന്‍ ബെപു, ട്രഷറര്‍ ഗിരീഷന്‍ കെ.എന്‍, ‘ഫെസ്റ്റിവല്‍ അജ്മാന്‍’ പ്രതിനിധി ഫാദി അല്‍ ഹസീനി, അറബ് ഇന്ത്യാ സ്‌പൈസസ് പ്രതിനിധി മനോജ് മാത്യു, ഹാബിറ്റാറ്റ് സ്‌കൂള്‍ പ്രതിനിധി റോസിന്‍.കെ ജോണ്‍, ലേണേഴ്‌സ്‌നോട്ട്.കോം പ്രതിനിധി ഷിഹാസ് ഇഖ്ബാല്‍, ഡോ. ശ്യാം ആയുര്‍വേദ സെന്റര്‍ ഡോ. ഇന്‍ഷാ ഹുദാ റീഹാന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.