യുഎഇ 50-ാം ദേശീയ ദിനാഘോഷം: 50 ഇന പരിപാടികളടങ്ങിയ കെഎംസിസി ബ്രോഷര്‍ പ്രകാശനം ചെയ്തു

21
ദുബൈ കെഎംസിസിയുടെ യുഎഇ 50-ാം ദേശീയ ദിനാഘോഷ ബ്രോഷര്‍ പൊയില്‍ അബ്ദുള്ള ഹുസൈനാര്‍ ഹാജിക്ക് കൈമാറി പ്രകാശനം ചെയ്തപ്പോള്‍. അഡ്വ. ഇബ്രാഹിം ഖലീല്‍, റയീസ് തലശേരി,  ഒ.കെ ഇബ്രാഹിം, ഇബ്രാഹിം മുറിച്ചാണ്ടി, പി കെ ഇസ്മായില്‍, ഒ.മൊയ്തു, അഡ്വ സാജിദ് തുടങ്ങിയവര്‍ സമീപം

ദുബൈ: യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷം 50 ഇന പരിപാടികള്‍ ഉള്‍പ്പെടുത്തി ദുബൈ കെഎംസിസി വിപുലമായി നടത്തുന്നതിന്റെ ബ്രോഷര്‍ അല്‍ മദീന ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ പൊയില്‍ അബ്ദുള്ള കെഎംസിസി ആക്റ്റിംഗ് പസിഡണ്ട് ഹുസൈനാര്‍ ഹാജിക്ക് കൈമാറി പ്രകാശനം ചെയ്തു. പ്രവാസ സമൂഹത്തിന്റെ പോറ്റമ്മയായ യുഎഇയുടെ ദേശീയ സുവര്‍ണ ജൂബിലി ആഘോഷം വിജയിപ്പിക്കേണ്ടത് പ്രവാസികളുടെയും പ്രവാസി കൂട്ടായ്മകളുടെയും ധാര്‍മിക ബാധ്യതയാണെന്ന് പൊയില്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു.
50 ഇന പരിപാടികളില്‍ കലാ-സാഹിത്യ-കായിക മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍, ആര്‍ട്ട് ഗ്യാലറി, കേരളീയം ലീഡേഴ്‌സ് മീറ്റ്, മാധ്യമ സംഗമം, നേതൃ സ്മൃതി, അന്താരാഷ്ട്ര സെമിനാര്‍, രക്തസാക്ഷി ദിനാചരണം, വനിതകള്‍ക്കും കുട്ടികള്‍ക്കും വ്യത്യസ്ത പരിപാടികള്‍, രക്തദാന കാമ്പയിന്‍, പൊതുസമ്മേളനം തുടങ്ങിയവ അടങ്ങുന്നു. ഒരു മാസം നീളുന്ന ആഘോഷ പരിപാടികള്‍ ദുബൈയുടെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഒരുക്കുക. ഹുസൈനാര്‍ ഹാജി എടച്ചാക്കൈയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രടറി ഹംസ തൊട്ടി, വൈസ് പ്രസിഡണ്ടുമാരായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, റഈസ് തലശ്ശേരി, സെക്രട്ടറിമാരായ അഡ്വ. സാജിദ്, ഒ.മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.