സ്ത്രീകള്‍ക്ക് യുഎഇ നല്‍കുന്ന സുരക്ഷ ലോക മാതൃക: മുനവ്വറലി തങ്ങള്‍

46
യുഎഇയുടെ അന്‍പതാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി വനിതാ വിംഗ് സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു

ദുബൈ: സുശക്തവും സുരക്ഷിതവുമായ സമൂഹ നിര്‍മിതിക്ക് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടത്ത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഎഇയുടെ അന്‍പതാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി വനിതാ വിംഗ് സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരിക്ക് ശേഷം വനിതാ വിംഗ് ഓണ്‍ലൈനിലല്ലാതെ ആദ്യമായി നടത്തിയ വനിതാ സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് നടന്ന ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ള മത്സരങ്ങള്‍, കലാപരിപാടികള്‍, പ്രമുഖരെയും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിക്കല്‍ എന്നിവ നടന്നു.

ഇന്ത്യന്‍ കോണ്‍സുല്‍ താഡു മാമു ഐഎഫ്എസ് സംസാരിക്കുന്നു

യുഎഇയുടെ മണ്ണില്‍ നമ്മുടെ സ്ത്രീകള്‍ അനുഭവിക്കുന്ന സുരക്ഷ മഹത്തരമാണെന്നും ഇത് ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണെന്നും തങ്ങള്‍ പറഞ്ഞു. ഇത്തരമൊരു പൊതുപരിപാടി സംഘടിപ്പിച്ചതിന് അദ്ദേഹം ദുബൈ കെഎംസിസി വനിതാ വിംഗിനെ മുക്തകണ്ഠം പ്രശംസിച്ചു. സ്ത്രീകളുടെ വിദ്യാഭ്യാസമാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ എല്ലാ സ്ത്രീകള്‍ക്കും അവസരമുണ്ടെന്നും കോണ്‍സുല്‍ താഡു മാമു ഐഎഫ്എസ് തന്റെ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. വനിതാ പ്രവര്‍ത്തകര്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിച്ച കോണ്‍സുല്‍, നിരന്തരം ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു. പ്രമുഖ വാഗ്മിയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഷാഫി ചാലിയം, വ്യവസായ പ്രമുഖ ഹസീന നിഷാദ്, വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, വനിതാ വിംഗിന്റെ രക്ഷാധികാരികളായ ഷംസുന്നിസഷംസുദ്ദീന്‍, നസീമ അസ്‌ലം, മിന്നത്ത് അന്‍വര്‍, സുഹറാബി യഹ്‌യ എന്നിവരെ  ചടങ്ങില്‍ ആദരിച്ചു. യുഎ ഇ കെഎംസിസി ജന.സെക്രട്ടറി അന്‍വര്‍ നഹ, ദുബൈ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചക്കെ, ദുബൈ കെഎംസിസിയുടെയും വനിതാ വിംഗിന്റെയും ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രബന്ധ രചന (ഇംഗ്‌ളീഷ്, മലയാളം), ഖുര്‍ആന്‍ പാരായണം, വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ള പാചകം എന്നീ മത്സര പരിപാടികളോടെയാണ് വനിതാ സംഗമം തുടങ്ങിയത്. തുടര്‍ന്ന്, വനിതാ വിംഗ് ബാലവിഭാഗം സംഘടിപ്പിച്ച കലാപരിപാടികള്‍, ഫിറോസ് പയ്യോളി, ബീന സിബി, അബലജ എന്നിവരുടെ നേതൃത്വത്തില്‍  ഗാനമേള എന്നിവ നടന്നു. കുട്ടികളുടെ ഒപ്പന, അറബിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നിവ ഏറെ ശ്രദ്ധേയമായി. ദുബൈ കെഎംസിസി വനിതാ വിംഗ് പ്രസിഡന്റ് സഫിയ മൊയ്ദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജന.സെക്രട്ടറി റീന സലീം സ്വാഗതവും ട്രഷറര്‍ നജ്മ സാജിദ് നന്ദിയും പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തക റിപ്പോര്‍ട്ട് ഓര്‍ഗ.സെക്രട്ടറി നാസിയ ഷബീര്‍ വായിച്ചു. ദുബൈ കെഎംസിസി ജന.സെക്രട്ടറി മുസ്തഫ തീരൂര്‍, വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷാദ് സലാം കന്യപ്പാടി  എന്നിവര്‍ ആശംസ നേര്‍ന്നു. ഷാഫി ചാലിയം മുഖ്യ പ്രഭാഷകനായിരുന്നു. സജിത ഫൈസല്‍ പരിപാടികള്‍ നിയന്ത്രിച്ചു.