ലോക കരാട്ടെ ചാമ്പ്യന്‍ഷിപ് ഇന്ന് സമാപിക്കും

9
വേള്‍ഡ് കരാട്ടെ ചാമ്പ്യന്‍ഷിപ് മല്‍സരങ്ങളെ കുറിച്ച് മേജര്‍ ജനറല്‍ നാസര്‍ അബ്ദുല്‍ റസാഖ് അല്‍ റസൂഖി മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുന്നു. ചാമ്പ്യന്‍ഷിപ് വേദി പശ്ചാത്തലത്തില്‍

ദുബൈ: 70 രാജ്യങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം കരാട്ടെ അഭ്യാസികള്‍ മല്‍സരിച്ച ലോക കരാട്ടെ ചാമ്പ്യന്‍ഷിപ് ഇന്ന് സമാപിക്കും. ദുബൈ ഹംദാന്‍ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിലാണ് ചാമ്പ്യന്‍ഷിപ് നടന്നു വരുന്നത്. ആറു ദിവസങ്ങളിലായി നടന്നു വരുന്ന മല്‍സരങ്ങള്‍ക്കാണ് ഇന്ന് കൊടിയിറങ്ങുന്നത്.
ഇന്നലെ കത്ത, കുമിത്തെ അടക്കം വിവിധ ഇനങ്ങളില്‍ ആണ്‍-പെണ്‍ മല്‍സരങ്ങള്‍ നടന്നു. സ്ത്രീകളുടെ വിഭാഗം കത്ത മല്‍സരത്തില്‍ സ്‌പെയിനും പുരുഷ വിഭാഗം മല്‍സരത്തില്‍ ജപ്പാനും ജേതാക്കളായി. സ്ത്രീകളുടെ കുമിത്തെ വിഭാഗത്തില്‍ സ്‌പെയിനും പുരുഷ വിഭാഗത്തില്‍ ജോര്‍ജിയയും ജേതാക്കളായി. ചാമ്പ്യന്‍മാര്‍ക്ക് ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലോക കരാട്ടെ ഫെഡറേഷന്‍ പ്രസിഡന്റ് ആന്റണി എക്‌സ്പിനോസ് ഫെഡറേഷന്റെ പ്രത്യേക പ്രൈസുകളും സമ്മാനിച്ചു.

മേജര്‍ ജനറല്‍ നാസര്‍ അബ്ദുല്‍ റസാഖ് അല്‍ റസൂഖിക്കൊപ്പം പ്രൈസുമായി ജേതാക്കളിലൊരാള്‍. ക്യാപ്റ്റന്‍ മുഹമ്മദ് അബ്ബാസ് സമീപം

ലോക കരാട്ടെ ഫെഡറേഷന്‍ ആഭിമുഖ്യത്തിലുള്ള ചാമ്പ്യന്‍ഷിപ് ദുബൈ ഹംദാന്‍ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സില്‍ ഏറ്റവും മികച്ച നിലയില്‍ തന്നെ നടത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫെഡറേഷന്‍ വേള്‍ഡ് വൈസ് പ്രസിഡന്റും ഏഷ്യന്‍ മേഖലാ പ്രസിഡന്റുമായ മേജര്‍ ജനറല്‍ നാസര്‍ അബ്ദുല്‍ റസാഖ് അല്‍റസൂഖി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്ക് യുഎഇ, വിശേഷിച്ചും ദുബൈ വലിയ പശ്ചാത്തല സൗകര്യങ്ങളൊരുക്കി വമ്പിച്ച പിന്തുണയാണ് നല്‍കുന്നതെന്നും ഈ ലോക മേള ചരിത്രമെഴുതിയാണ് ഞായറാഴ്ച സമാപിക്കുന്നതെന്നതില്‍ വളരെ സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ദുബൈ ഏര്‍പ്പെടുത്തിയതെന്നും സംഘടനത്തിലെ മികവ് പ്രശംസനീയമാണെന്നും യുഎഇ കരാട്ടെ ഫെഡറേഷന്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ മുഹമ്മദ് അബ്ബാസ് അഭിപ്രായപ്പെട്ടു.

ഉസ്മാന്‍

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആന്റണി എക്‌സ്പിനോസ് പതാക ഉയര്‍ത്തിയതോടെയായിരുന്നു ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായത്. മേജര്‍ ജനറല്‍ നാസര്‍ അബ്ദുല്‍ റസാഖ് അല്‍റസൂഖി അടക്കം നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഉദ്ഘാടന ദിനത്തില്‍ നടന്ന ആണ്‍-പെണ്‍ വിഭാഗം കുമിത്തെ മല്‍സരത്തില്‍ ഇന്ത്യയില്‍ നിന്നടക്കം നൂറോളം പേര്‍ 5 തത്താമികളിലായി മല്‍സരിച്ചിരുന്നു. ഇന്ന് നടക്കുന്ന സമാപന ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിക്കുമെന്ന് മീഡിയ വിംഗ് കോഓര്‍ഡിനേറ്റര്‍ ഉസ്മാന്‍ പറഞ്ഞു.

ചാമ്പ്യന്‍ഷിപ് ഭാഗ്യ ചിഹ്‌നങ്ങള്‍ മല്‍സരങ്ങള്‍ക്ക് മുന്‍പ് കാണികളെ അഭിവാദ്യം ചെയ്യാനെത്തിയപ്പോള്‍